പഠിപ്പില്ലാത്ത പ്രശ്‌നമല്ല, കേശവേട്ടന്റേത്. അറിവു കൂടിയാല്‍ കുറച്ചു നൊസ്സുമുണ്ടാവുമെന്ന് അമ്മ പറഞ്ഞത് സത്യം തന്നെയാണെന്ന് തോന്നും, പെരുമാറ്റം കണ്ടാല്‍..!
അല്ലെങ്കില്‍ ഒന്നും രണ്ടും പറഞ്ഞ് എന്നും കവലയില്‍ വഴക്കുണ്ടാക്കുമോ?. ഒന്നല്ല, പല തവണ കിട്ടിയ ജോലികള്‍ വലിച്ചെറിഞ്ഞ് നാട്ടില്‍ വന്ന് വഴക്കാളിയാകുമോ?.
അപ്പുറത്ത് ഒച്ച കൂടിക്കൂടി വന്നപ്പോഴാണ് വീണ്ടും എത്തിച്ചു നോക്കിയത്.
അപ്പോള്‍, കേശവേട്ടന്‍ മുറ്റത്തു കൈവീശി നടക്കുകയാണ്, അങ്ങോട്ടുമിങ്ങോട്ടും. ഭ്രാന്തെടുത്ത പോലെ ഓരോന്നു വിളിച്ചുപറയുന്നുണ്ട്..
മുഷിഞ്ഞ മുണ്ടുമാത്രമാണ് വേഷം. ഷര്‍ട്ടിട്ടില്ല.
കേശവേട്ടനു മറുപടിയായി അകത്തുനിന്ന് വലിയമ്മയുടെ മറുപടികള്‍ വന്നു വീഴുന്നുണ്ട് ഇടക്കിടെ.
അതു കേള്‍ക്കുമ്പോള്‍, കൂടുതല്‍ വേഗത്തിലാവുന്നു കേശവേട്ടന്റെ നടത്ത.
കേശവേട്ടന്‍ പെട്ടെന്നു നിന്നു. നോട്ടം ഞാനിരിക്കുന്ന ജനലിലേയ്‌ക്ക് വീണു.മാറാന്‍ സമയം കിട്ടിയില്ല; അപ്പോഴേക്കും വിളിവന്നു.
`അപ്പൂ..ഇങ്ക്‌ട് വന്നാ...' അലര്‍ച്ചയാണ്..
അടുത്തെത്തുമ്പോള്‍, മടിയില്‍ തിരുകിയിരുന്ന അഞ്ചുരൂപയെടുത്തു കൈയില്‍ വച്ചു തന്നു.
`നീ ആ കൈമളുടെ കടേന്ന് ഒരു കെട്ട് ബീഡി വാങ്ങീട്ടു വാ...'
കിതപ്പിനിടെ കേശവേട്ടന്‍ പറഞ്ഞു.
കടയിലേയ്‌ക്ക് ഓടുമ്പോള്‍, പിറകില്‍ കേശവേട്ടന്റെ ശബ്ദം വീണ്ടും കേട്ടു-
`ബാക്കി പൈസക്ക് നീ മിഠായി മേടിച്ചോ...'
കേശവേട്ടന്‍ അങ്ങിനെയാണ്.
ബാക്കി പൈസക്കു മിഠായി....
ബീഡി വാങ്ങിയെത്തുമ്പോള്‍, കേശവേട്ടന്‍ ചാരുപടിയില്‍ ഇരുപ്പായിരിക്കുന്നു.
ദേഷ്യമടങ്ങിയിട്ടുണ്ട്.
`നീ കല്ല്യാണത്തിനു പോണ്ട..കഴിഞ്ഞില്ലേ..?' വലിയമ്മയാണ്.
കേശവേട്ടന്‍ ബീഡിയൊന്നു വലിച്ചൂതി.
`അയാളുടെ കൈയില്‍ കാശുണ്ട്‌ച്ചിട്ട്...ങ്‌ഹാ!'
സ്വരത്തില്‍ ശാന്തത കണ്ടപ്പോള്‍ ആശ്വാസമായി. കേശവേട്ടന്റെ അടുത്തിരുന്ന് മിഠായിപ്പൊതി അഴിച്ചു.
`നീയും പോണ്ടടാ..അപ്പൂ..'
തലയില്‍ വിരലുകളോടിച്ച് കേശവേട്ടന്‍ പറഞ്ഞപ്പോള്‍ ഇല്ലെന്നു തലയാട്ടി.
`മിടുക്കന്‍..' കേശവേട്ടന്‍ പറഞ്ഞു.
കേശവേട്ടനെ അനുകൂലിക്കുമ്പോളൊക്കെ അങ്ങിനെയാണ്..
മിടുക്കന്‍...!
കേശവേട്ടനെ ഇന്നു കൊണ്ടുപോകുകയാണ്.
അച്ചുതമാമയാണ് കേശവേട്ടനെ കൊണ്ടുപോകുന്നത്. തൃശൂര്‍ക്ക്. ഡോക്ടറെ കാണിക്കാനാണെന്ന് അമ്മ പറഞ്ഞു.
ഷര്‍ട്ടിടുമ്പോഴും ചുമലില്‍ മുഷിഞ്ഞ തോര്‍ത്തിടുന്ന അച്ചുതമാമ. വെളുത്തുനരച്ച അച്ചുതമാമയെ കേശവേട്ടന് ഇഷ്ടമാണ്. പിന്നെ എന്നെയും..
ബാഗുമെടുത്ത് അച്ചുതമാമ മുമ്പെ നടന്നു.
വണ്ടി ഇനിയും എത്തിയിട്ടില്ല. റെയില്‍വേ സ്‌റ്റേഷനില്‍ കാത്തുനില്‍ക്കുമ്പോള്‍, കേശവേട്ടന്‍ ചാരുബഞ്ചില്‍ ശാന്തനായിരുന്നു ബീഡി വലിച്ചു.
ചായുന്ന വെയിലില്‍, എങ്ങും കൂട്ടിമുട്ടാതെ റെയില്‍വേപാളങ്ങള്‍ നീണ്ടുകിടക്കുന്നു. മഞ്ഞച്ചായമടിച്ച ഓഫീസിനു മുന്നിലെ മണിയടിച്ചപ്പോള്‍, ബാഗുമായി അച്ചുതമാമ എഴുന്നേറ്റു.
വണ്ടിവരുന്നു.
`കുട്ടാ..ഡോക്ടര്‍ പറയുന്നതൊക്കെ അനുസരിക്കണം...ട്ട്വൊ' വലിയമ്മ കേശവേട്ടന്റെ കൈയില്‍ പിടിച്ചു.
വണ്ടിയുടെ ജനലഴികളില്‍ പിടിച്ചിരുന്ന കേശവേട്ടന്‍, ഒന്നും മിണ്ടാതെ എങ്ങോട്ടോ നോക്കിയിരുന്നു. ഞങ്ങളാരും അവിടെ നില്‍ക്കുന്നതുപോലും കാണുന്നുണ്ടായിരുന്നില്ല. ആരൊക്കെയോ കയറുന്നു. എല്ലാവരും തൃശൂര്‍ക്കായിരിക്കണം...
വീണ്ടും മണിമുഴങ്ങി.
വണ്ടി നീങ്ങുകയാണ്. ഒന്നു കൂക്കി. പിന്നെ കിതച്ചു..
ദൂരേ, കറുത്തപൊട്ടുപോലെ വണ്ടി വളഞ്ഞവസാനിച്ചപ്പോഴും നരച്ച ആകാശത്ത് കറുത്ത പുകപ്പാട് നീണ്ടു കിടന്നു. പിന്നെ, നോക്കിനില്‍ക്കേ അതു കാറ്റില്‍ ചിതറിയൊഴുകിപ്പോയി...
തിരിച്ചു നടക്കുമ്പോള്‍, ചാരുബഞ്ചിനു മുമ്പിലെ മണലില്‍ പകുതി കരിഞ്ഞ ബീഡികുറ്റി കിടക്കുന്നതുകണ്ടു.
പെട്ടെന്ന് അതു കുനിഞ്ഞെടുത്തപ്പോള്‍, വലിയമ്മ കണ്ടു.
`അപ്പൂ..ന്താദ്..??'
അതു കേട്ടഭാവം നടിക്കാതെ വേഗത്തില്‍ മുമ്പില്‍ നടന്നു.
പാവം കേശവേട്ടന്...!!!



















