Wednesday, 20 November 2013

ഗന്ധമാദനം


അവള്‍ ഇപ്പോള്‍ എഴുന്നേറ്റു പോയതേയുള്ളൂ. റോസ്‌ പൂക്കളുള്ള വിരിപ്പിലെ ചുളിവുകളില്‍ വിരല്‍ പരത്തി അയാള്‍ ചിരിച്ചു. വിരിപ്പില്‍ ഇപ്പോഴും കൊളോണിന്റെ മദിപ്പിക്കുന്ന ഗന്ധം!.
എന്താണിവിളോടിങ്ങനെ..?
കൊതിപ്പിക്കുന്നതൊന്നും  ഇവളിലില്ല. അതു സത്യം.
പക്ഷെ, പിന്നേയും പിന്നേയും...
അയാള്‍ തലയിണയ്‌ക്കടിയില്‍ നിന്നും വാച്ച്‌ തപ്പിയെടുത്തു. ആറ്‌ പത്ത്‌..
ദൈവമേ...!!
ഇന്നു കുടുംബസമേതം സിനിമ പ്ലാന്‍ ചെയ്‌തതാണ്‌..
അയാള്‍ ധൃതിയില്‍ ഒരുങ്ങി, ഫ്‌ളാറ്റിന്റെ വാതില്‍ വലിച്ചുതുറന്നിറങ്ങി.
പുറകില്‍ അമ്പരന്ന മുഖവുമായി അവള്‍...
ഏതോ വിലകൂടിയ വിദേശ സോപ്പിന്റെ ഗന്ധം അവളില്‍ നിന്നു പാറിവരുന്നു..!
`എന്തു പറ്റി?.'
`ഓ..ഞാനത്‌ പറയാന്‍ മറന്നു. ഒരു അപ്പോയ്‌മെന്റ്‌...'
മൃദുവായി അവളുടെ കവിളില്‍ തട്ടിക്കൊണ്ട്‌ അയാള്‍ പറഞ്ഞു: സീ യു മോറോ..
അവള്‍ ചിരിച്ചു. കൊളോണിന്റെ ഗന്ധം നിറഞ്ഞ ചിരി..
ഹോ..ഈ ചിരി, ഈ ചിരിയാണ്‌...!!
നഗരത്തിരക്കിലൂടെ ഊളിയിടുമ്പോള്‍ മനസ്സില്‍ കുറിച്ചു, നാളെ...
നാളെ..??
ഒരു കല്ല്യാണം...ഭാര്യയുടെ ചെക്കപ്പ്‌...പഴയ സുഹൃത്ത്‌ രവിയുടെ വരവ്‌...
ആഹ്‌...ഒരു നുണ തട്ടിയേക്കാം, അവളോട്‌!.
പാര്‍ക്കിന്റെ തണുപ്പിലിരിക്കാം എന്ന് പറഞ്ഞത് രവി തന്നെയാണ്.

മഹാന്മാര്‍ ജനിച്ചു മരിക്കുന്നത് നല്ലതാണ്, ഒരു പാര്ക്കെങ്കിലും കിട്ടും. ഒന്നിരിക്കാന്‍..
പാര്‍ക്കിലെ സിമന്റുബെഞ്ചില്‍ രവി ഇരുന്നു. അവന്റെ അടുത്ത്‌, ആകാശം നോക്കി മലര്‍ന്നു കിടന്നപ്പോള്‍, വല്ലാത്ത ഒരു സുഖം!.
മുകളില്‍, മരച്ചില്ലകളിലൂടെ വെയില്‍ അരിച്ചു വീഴുന്നു. അവയ്‌ക്കു മുകളിലൂടെ പ്രാണികള്‍ മൂളിക്കൊണ്ടു തിരക്കിട്ടു പോകുന്നു. മുന്നില്‍, വെളുവെളുത്ത തൊലിയുമായി ഒരു കൂറ്റന്‍ യൂക്കാലിപ്‌റ്റസ്‌.....
ഇവിടെ മുമ്പും വന്നിട്ടുളളതാണ്‌; മുമ്പ്‌ പലപ്പോഴും.
പക്ഷെ., ഗന്ധങ്ങള്‍ നിറഞ്ഞ അന്തരീക്ഷം ശ്രദ്ധിച്ചില്ലായിരുന്നോ..?.
പലതരം പൂക്കളുടെ ഗന്ധം...പച്ചിലകളുടെയും യൂക്കാലിയുടെയും ഗന്ധം...ഈറന്‍ മണ്ണിന്റെ ഗന്ധം...രവി കൊറിക്കുന്ന കടലയുടെ ഗന്ധം...
ഹാ..! ഗന്ധങ്ങളുടെ ഒരു ലോകം!.
അയാള്‍ കണ്ണടച്ചു കിടന്നു.
ഓര്‍മ്മകളുണ്ടാക്കുന്നത്‌ ഗന്ധങ്ങളാണ്‌, അയാള്‍ ഓര്‍ത്തു. പണ്ടും അതേ..!.
നെയ്‌പായത്തിന്റെ ഗന്ധമായിരുന്നു, അയല്‍പ്പക്കത്തെ സുന്ദരിയായ വാരസ്യാര്‍ക്ക്‌. ഇപ്പോഴും അമ്പലത്തില്‍ നിന്നു നെയ്‌പായസം കൊണ്ടുവന്നാല്‍, അവളുടെ ചുവന്ന ചുണ്ടുകള്‍ ഓര്‍മ്മവരും!.

 രാധികയോടോപ്പമായിരുന്നു, സ്കൂളിലേക്ക്   യാത്ര. മുടി ഇരുവശത്തേക്കും മെടഞ്ഞിട്ടു പിന്നിയിരുന്ന..
തുളസിയിട്ടുകാച്ചിയ എണ്ണയുടേയും രാധാസിന്റേയും മണമാണവള്‍ക്ക്‌..! 
അയാള്‍ ഓര്‍ത്തു...
അമ്മക്കുമുണ്ട് ഗന്ധം.
വിറകടുപ്പ്‌ ഊതിയൂതി, അമ്മയ്‌ക്കെന്നും പുകയുടെ ഗന്ധമായിരുന്നു.

 പാവം..!
മൂക്കുപ്പൊടിയുടെ ഗന്ധം കേട്ടാല്‍, അച്ഛനാണ്‌ മുമ്പില്‍....!
പിച്ചളക്കെട്ടുകളുളള മരക്കസാരയില്‍ ചാരിയിരുന്ന്‌ പത്രം വായിക്കുന്ന...

ഓര്‍മ്മകള്‍ക്ക്‌ ഗന്ധങ്ങളുമായി  നേരിട്ടാണ്‌ ബന്ധം.
അല്ലെങ്കില്‍ ഗന്ധങ്ങളാണ് ഓര്‍മ്മകള്‍.. 
അയാള്‍ അസ്വസ്ഥനായി.

രവി കവിയാണ്‌. പക്ഷെ, സാരോപദേശം പതിവില്ല. 
അതൊരാശ്വാസമാണ്‌..!
`രവീ...എനിക്കു മടുത്തെടാ..എല്ലാം വലിച്ചെറിഞ്ഞു പോകണമെനിക്ക്‌...'.

അയാള്‍ പിറുപിറുത്തു.
`നീ മാറണം..' -രവി പതുക്കെ പറഞ്ഞു. അയാളുടെ കൈകളില്‍ തൊട്ടുകൊണ്ട്‌ വീണ്ടും പറഞ്ഞു: `നീ എഴുതാന്‍ തുടങ്ങണം..'
`അതേ...എനിക്ക്‌ എഴുതണം..രവീ. വീണ്ടും എഴുതിത്തുടങ്ങണം'.
ഇരുണ്ടു തുടങ്ങിയ ഇലച്ചാര്‍ത്തുകള്‍ക്കടിയിലൂടെ നടക്കുമ്പോള്‍, ആത്മാര്‍ത്ഥമായും അവന്‍ പറഞ്ഞു:
`നഷ്ടപ്പെട്ടതൊക്കെ നമുക്ക്‌ വീണ്ടെടുക്കാം, തീര്‍ച്ചയായും വീണ്ടെടുക്കാം'.
അപ്പോള്‍, കലപിലകൂട്ടി ഒരു പെണ്‍കൂട്ടം മറികടന്നു പോയി.
ജീന്‍സും ടീഷര്‍ട്ടുകളുമിട്ട്‌ കാറ്റില്‍ മുടിയൊലുമ്പിക്കൊണ്ട്‌...
അയാള്‍ ഒന്നു നിന്നു; പിന്നെ, പെട്ടെന്ന്‌ തലയുയര്‍ത്തി കാറ്റുപിടിച്ചു...
അവിടെയെങ്ങും കൊളോണിന്റെ മദിപ്പിക്കുന്ന ഗന്ധം പരന്നിരിക്കുന്നു.
ചുളിവുകള്‍ നിവരാത്ത, റോസ്‌പൂക്കള്‍ നിറഞ്ഞ ഒരു കിടക്കവിരി അപ്പോള്‍, അയാളുടെ മുന്നില്‍ തെളിഞ്ഞുവന്നു.
തളര്‍ച്ചയോടെ, രവിയുടെ തോളില്‍ ചാരി, കിതച്ചുകൊണ്ട്‌ അയാള്‍ പറഞ്ഞു:
`രവീ, എനിക്ക്‌ എഴുതണം....എനിക്കെഴുതണം'.