
`അനന്തരം, പിശാചിനാല്‍
പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവ് മരുഭൂമിയിലേയ്‌ക്കു നയിച്ചു. യേശു
നാല്‍പ്പത് ദിനരാത്രങ്ങള്‍ ഉപവസിച്ചു. അപ്പോള്‍ അവന്
വിശന്നു.....'
`ഫ!....അവന്റെ ഒരു.......'
വലിച്ചെറിഞ്ഞ കുപ്പിഗ്ലാസ്
ചുവരില്‍ തട്ടി, കാര്‍പ്പെറ്റില്‍ ചെറുതരികളായി ചിതറി വീണു. ചുവന്ന പരവതാനിയില്‍,
അവ ആലിപ്പഴങ്ങള്‍ പോലെ കിടന്നു തിളങ്ങി.
അനുജത്തി അടുക്കളയില്‍ നിന്നു
പരിഭ്രമിച്ചോടിവന്നു.
ഏട്ടാ..എന്തേണ്ടായേ..??
അയാള്‍ സോഫയില്‍ കൈകുത്തി
ഇളകിയിരുന്നു.
`നത്തിംഗ്...!. ഡോണ്ട് വറി...!'
അയാള്‍ ഇഴയുന്ന ശബ്ദത്തില്‍
പറഞ്ഞു. അവളുടെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നു.
`നോട്ട് ടു വറി...ഐ ആം
ആള്‍റൈറ്റ്'... അയാള്‍ വീണ്ടും ഇഴഞ്ഞ ശബ്ദത്തില്‍ ആവര്‍ത്തിച്ചു.
വല്ലപ്പോഴുമൊരിക്കലാണ് അയാള്‍ മഹാനഗരത്തില്‍ കൂടെപ്പിറപ്പിനെ കാണാന്‍
വരുന്നത്. അവള്‍ മാത്രമേ തന്നെ മനസ്സിലാക്കിയിട്ടുള്ളൂ,
ജീവിതത്തില്‍...
അതുകൊണ്ടു മാത്രം!.
തെരുവില്‍ നിന്നു വീണ്ടും സുവിശേഷകന്റെ
പ്രഘോഷണം കേട്ടു..
`നീ ദൈവപുത്രനാണെങ്കില്‍ ഈ കല്ലുകള്‍ അപ്പമാകാന്‍ പറയുക.
അപ്പോള്‍ അവന്‍ പ്രതിവചിച്ചു: മനുഷ്യന്‍ അപ്പം കൊണ്ടു മാത്രമല്ല, ദൈവത്തിന്റെ
നാവില്‍ നിന്നു പുറപ്പെടുന്ന ഓരോ വാക്കുകള്‍ കൊണ്ടുമാണ് ജീവിക്കുന്നത് എന്ന്
എഴുതപ്പെട്ടിരിക്കുന്നു....'
`എട്ടന്‍ മുറിയില്‍ വന്നു കിടക്കൂ. ഭക്ഷണം ഇപ്പോള്‍
ആവും...' അവളുടെ തൊണ്ട ഇടറിയിരുന്നു.
അയാള്‍ കാര്‍പ്പെറ്റില്‍ കണ്ണുകള്‍ ഊന്നി
ഇരുന്നു. കറുപ്പുംവെളുപ്പും തുന്നല്‍പ്പണികളുള്ള ചുവന്ന കാര്‍പ്പെറ്റില്‍ നിറയെ
ഇപ്പോള്‍ ആലിപ്പഴങ്ങള്‍..
`സേതുവേട്ടന്‍ ഇന്നു താമസിക്കും....'
അയാളെ
പിടിച്ചെഴുന്നേല്‍പ്പിക്കുന്നതിനിടയില്‍ അവള്‍ പറഞ്ഞു.
അളിയന്റെ കാര്യമാണ്.
നല്ലമനുഷ്യന്‍...സാധു!
പതിനൊന്നു വയസ്സിന്റെ വ്യത്യാസമുണ്ട്, അവള്‍ക്ക് താനുമായി-
അയാള്‍ ഓര്‍ത്തു. ഒക്കത്തെടുത്തു നടന്നിട്ടുണ്ട്....
അകത്തേക്കു നടക്കുമ്പോള്‍,
അവള്‍ വീണ്ടും കയ്യില്‍ പിടിച്ചു.
`കുപ്പിച്ചില്ലു ചവിട്ടണ്ടാ...'
വയസ്സു
നാല്‍പ്പത്തിമൂന്നു കഴിഞ്ഞു എന്ന് അവള്‍ ഓര്‍ത്തിരിക്കില്ല,
പാവം!.
എഴുതിത്തുടങ്ങിയപ്പോള്‍, ഇവളായിരുന്നു വായനക്കാരി. ആ ഇഷ്ടം
ഇപ്പോഴുമുണ്ട് തന്റെ പുസ്‌തകങ്ങളോട്. കൊച്ചുഫ്‌ളാറ്റിലെ അലമാരയില്‍ എല്ലാ
പുസ്‌തകങ്ങളും വാങ്ങി സൂക്ഷിച്ചത് മുമ്പൊരിക്കല്‍ വന്നപ്പോള്‍ കാണിച്ചു
തന്നിട്ടുണ്ട്.
പിങ്ക് നിറമാണ് മുറിയുടെ ചുവരുകള്‍ക്ക് . അവള്‍ക്കു കൊച്ചു
നാളിലേ ഇഷ്ടപ്പെട്ട നിറം...നുളളിപ്പെറുക്കിവച്ച കാശുകൊണ്ട് വാങ്ങിയ
കൗതുകവസ്‌തുക്കള്‍ ചുവരില്‍ തൂങ്ങുന്നു.
അടുക്കുംചിട്ടയോടും കൂടിയ മുറി അയാളെ
അസ്വസ്ഥനാക്കി.
പുതിയ ഫ്‌ളാറ്റെടുത്ത വിവരം എഴുതിയിരുന്നതാണ്.
മറന്നു,
ഒന്നും വാങ്ങിയില്ല അവള്‍ക്ക് കൊടുക്കാന്‍...
അതെ, പണ്ടും മറവിയായിരുന്നു
സഹായം. അല്ലെങ്കില്‍ ഭയം..
എല്ലായിടത്തും ഭയന്നു. സ്‌നേഹങ്ങളേയും
ഭയന്നു....
അയാള്‍ വിങ്ങുന്ന തല കൈയില്‍ താങ്ങി കട്ടിലില്‍ ഇരുന്നു.
അന്ന്,
സ്‌നേഹിച്ചവള്‍ അവസാനമായി വിളിച്ചദിവസം, കൂടെ ഇറങ്ങിവരാന്‍ പറയാന്‍ തോന്നിയില്ല.
അവള്‍ അതു പ്രതീക്ഷിച്ചിരുന്നിരിക്കണം, ശരിക്കും.
അന്നും നീതിമാന്റെ
മുഖംമൂടിയിട്ടു...
അല്ല, അവളെ നോക്കാന്‍ പ്രാപ്‌തിയുണ്ടാകുമോ എന്ന ഭയം..ശരിക്കും
അതായിരുന്നു...
`ഏട്ടന്‍ കിടക്കൂ..'
അയാള്‍ പതുക്കെ ചാഞ്ഞു.
`നിന്റെ
മക്കളെവിടെ...?'
`ങ്‌ഹാ..അപ്പോള്‍ ഏട്ടനല്ലേ ഉണ്ണിക്കുട്ടന് മദ്രാസില്‍ ജോലി
ആക്കിക്കൊടുത്തേ?. കണ്ണന്‍ ബാംഗ്ലൂരല്ലേ പഠിക്കണ്..??'
അവള്‍ കനിവോടെ അയാളുടെ
മുടിയിഴകളില്‍ വിരലോടിച്ചു.
`എല്ലാവരും വേണം എനിക്ക്...എല്ലാവരേയും
വിളിക്ക്...' അയാള്‍ പിറുപിറുത്തു.
അപ്പോള്‍ സുവിശേഷകന്റെ ശബ്ദം മുറിയിലേക്കു
കേട്ടു.
`അപ്പോള്‍ ആറാം മണിക്കൂര്‍ ആയിരുന്നു. ഒമ്പതാംമണിക്കൂര്‍ വരെ ഭൂമി
മുഴുവന്‍ അന്ധകാരം വ്യാപിച്ചു. സൂര്യന്‍ ഇരുണ്ടു. ദേവാലയത്തിന്റെ തിരശീല നെടുവേ
കീറി. യേശു ഉച്ചത്തില്‍ നിലവിളിച്ചു പറഞ്ഞു: പിതാവേ, അങ്ങയുടെ കരങ്ങളില്‍ എന്റെ
ആത്മാവിനെ ഞാന്‍ സമര്‍പ്പിച്ചിരിക്കുന്നു. ഇതു പറഞ്ഞ് അവന്‍ ജീവന്‍ വെടിഞ്ഞു. ഈ
സംഭവങ്ങളെല്ലാം കണ്ടു നിന്നിരുന്ന ശതാധിപന്‍ ദൈവത്തെ സ്‌തുതിച്ചു കൊണ്ടു പറഞ്ഞു,
ഈ മനുഷ്യന്‍ തീര്‍ച്ചയായും നീതിമാനായിരുന്നു..!'.
ചാവുമെന്ന് വിചാരിച്ചില്ല...
കൈയില്‍
ആമത്തിന്റെ തണുപ്പു വീണപ്പോള്‍ അയാള്‍ പൊലീസുകാരനോടു പറഞ്ഞു.
`സ്വന്തം
അച്ഛനെ...ഈ പ്രായത്തില്‍...' കൂടെ ജീപ്പിലേക്കു കയറുമ്പോള്‍ പൊലീസുകാരന്‍ ഈര്‍ഷ്യ
മറച്ചു വച്ചില്ല.
അയാള്‍ ഒന്നും പറയാതെ, ജീപ്പില്‍ ഒതുങ്ങി ഇരുന്നു.
ആള്‍ക്കൂട്ടം പിറകില്‍ അകന്നകന്നു പോകുന്നു. പാടങ്ങളും വരമ്പുകളും കടന്ന് ജീപ്പ്
കുത്തിക്കുലുങ്ങി നീങ്ങി.
അകലെ, കാത്തിരിക്കുന്നത് ജയിലഴികളാണ്.
നോക്കിയിരിക്കെ, പാടത്ത് പോക്കുവെയില്‍ ചാഞ്ഞു.
അയാള്‍ ഓര്‍ത്തു.
അന്ന്...
സ്‌കൂള്‍ മുറ്റത്ത്, വട്ടംകൂടി കുട്ടികള്‍
ആര്‍ത്തുവിളിച്ചുകൊണ്ടിരിക്കുന്നു. സ്‌കൂള്‍ പൂട്ടുകയാണ്... കണക്കുകള്‍ ഇന്നുതന്നെ
തീര്‍ക്കണം.
കൃഷ്‌ണകുമാര്‍, അതെ, അവന്‍ തന്നെ..കറുത്തു
തടിച്ച്...
മുഷ്ടിചുരുട്ടിപ്പിടിച്ച തന്റെ മുന്നില്‍ അവന്‍ പകച്ചു
നില്‍ക്കുന്നു.
കൂട്ടുകാര്‍ ചുറ്റും ആര്‍ത്തു വിളിക്കുകയാണ്..
അവന്‍ തന്റെ
ജന്മത്തെക്കുറിച്ച് എന്തോ പറഞ്ഞു പരത്തിയിരുന്നു.
ആര്‍പ്പുവിളികളില്‍ ഒന്നും
കേട്ടുകൂടാ.
ആദ്യത്തെ ഇടി..
അവന്റെ മൂക്കില്‍ നിന്നു ചോര ചീറ്റിച്ചാടുന്നതു
കണ്ടു. ക്രീം നിറമുള്ള യൂണിഫോമില്‍ ചെത്തിപ്പൂക്കള്‍ ചിതറിവീണു... പിന്നെ തുരുതുരാ
ഇടിയായിരുന്നു....
കുടുക്കില്ലാത്ത ഷര്‍ട്ട് ചുറ്റിപ്പിടിച്ചു വിയര്‍പ്പില്‍ കുതിര്‍ന്ന് വീട്ടിലെത്തുമ്പോള്‍, മുറ്റം
നിറയെ നാട്ടുകാര്‍. ചോരയൊലിപ്പിച്ച മൂക്കും, കരഞ്ഞു കലങ്ങിയ കണ്ണുമായി അവനുമുണ്ട്...
കാച്ചിപ്പഴുപ്പിച്ച ചൂരലുമായി അച്ഛന്‍ വരാന്തയില്‍...
ഓര്‍മ്മ
വരുമ്പോള്‍, അമ്മ അരികിലിരിക്കുന്നു.ശരീരമാസകലം വേദന..
`അവന് കഞ്ഞീടെ വെളളം
കൊടുക്കരുത്...'
ഉമ്മറവരാന്തയില്‍ നിന്ന് അച്ഛന്റെ കനത്ത ശബ്ദം കേട്ടു.
അമ്മ കണ്ണു തുടയ്‌ക്കുന്നതു കണ്ടു. പാവം!.
അയാള്‍, പതുക്കെ സീറ്റില്‍ തല
ചായ്‌ച്ച്, കണ്ണടച്ചിരുന്നു.
പത്താംക്ലാസിലായിരുന്നു കഥയ്‌ക്ക് ഫസ്‌റ്റ്.
ചെറിയൊരു കാഷ് അവാര്‍ഡും കുറച്ചു പുസ്‌തകങ്ങളുമായിരുന്നു സമ്മാനം.
വീട്ടിലെത്തിയപ്പോള്‍ നേരേ അടുക്കളയിലേക്കോടി. അമ്മയെ കാണിച്ചു.
അടുക്കളയില്‍, പുകയൂതി കണ്ണു ചുവന്നിരിക്കുന്ന അമ്മ.
അമ്മ
കണ്ണു തുടച്ചു.
`ആരെഴുതിക്കൊടുത്തതാണാവോ...?'
ഉമ്മറക്കോലായില്‍ നിന്നുള്ള
കമന്റ് വന്നപ്പോള്‍, തളര്‍ന്നിരുന്നു പോയി..
ശരിക്കും തളര്‍ന്നു പോയി.
അന്നു
ഉറങ്ങിയില്ല. രാത്രി, പായില്‍ തിരിഞ്ഞുംമറിഞ്ഞും കിടന്നു.
`കാണിച്ചു കൊടുക്കണം,
എല്ലാത്തിനേയും..'
മനസ്സു തിളച്ചു മറിയുകയാണ്.
കാണിച്ചുകൊടുക്കണം....!!
പത്രമോഫീസിലെ ജോലി ഒരു രക്ഷപ്പെടലായിരുന്നു.
ആദ്യ ശമ്പളം. അത് അമ്മയ്‌ക്കയച്ചപ്പോള്‍,
വന്യമായ പക നിറഞ്ഞിരുന്നു മനസ്സില്‍.
ക്രൂരമായ പകയോടെ അന്നു കുടിച്ചു;
രാത്രിമുഴുവന്‍ കുടിച്ചു...ബോധം കെടും വരെ..!!
തറവാട് ഭാഗം വയ്‌ക്കുന്ന കാര്യം അമ്മയാണ് അറിയിച്ചത്. ചെല്ലണമെന്ന് എഴുതിയിരിക്കുന്നു.
വരുന്നില്ലെന്ന് മറുപടി
എഴുതി. കത്തില്‍, മനഃപൂര്‍വ്വം അച്ഛനെന്ന പദം ഒഴിവാക്കിയപ്പോള്‍, രസം
തോന്നി...
പോസ്‌റ്റ് ചെയ്‌തു മടങ്ങുമ്പോള്‍, ഉള്ളില്‍ ചിരിപതഞ്ഞു. ഒരു
പകപോക്കലിന്റെ സുഖം..
അതേ, രണ്ടു ദിവസം കഴിഞ്ഞാണ്...
തറവാട്ടിനടുത്തെ രാജേട്ടനാണ് വിളിച്ചു
പറഞ്ഞത്, രാത്രി ലോഡ്‌ജിലേയ്‌ക്ക്.
അമ്മയ്‌ക്കു നല്ല സുഖമില്ല.
ആശുപത്രിയിലാണ്.
പിന്നെ, മടിച്ചുമടിച്ചാണെങ്കിലും പറഞ്ഞു..
ഭാഗംവയ്‌പില്‍
തനിക്കുവേണ്ടി വാദിച്ച അമ്മയെ, അച്ഛന്‍...
ജീപ്പ് കുലുങ്ങി നിന്നു.
അയാള്‍ ഇറങ്ങി.
കൂട്ടിപ്പിടിച്ച കൈയുമായി ചവിട്ടുപടികള്‍ കയറുമ്പോഴും, അയാള്‍ പതുക്കെ പറഞ്ഞു:
`ചാവുമെന്ന് കരുതിയില്ല..'
അപ്പോള്‍, ഇരുട്ടുവീണ ലോക്കപ്പിന്റെ അഴിവാതില്‍, അയാള്‍ക്ക് മുന്നില്‍ ഞരങ്ങിത്തുറന്നു.
അയാള്‍, പതുക്കെ അകത്തേക്കു നടന്നു.....
കടല്‍ തീരത്തുകൂടി അയാള്‍ അലസമായി നടന്നു. ഈറനുടുത്ത്, ശാസ്‌ത്രികള്‍ ചൊല്ലിക്കൊടുക്കുന്ന തമിഴു ചുവയുള്ള ശ്ലോകങ്ങള്‍
പിറുപിറുത്തുകൊണ്ട്, ആളുകള്‍ പിതൃതര്‍പ്പണം ചെയ്യുകയാണ്. ശ്രാദ്ധ കര്‍മ്മങ്ങള്‍ക്കു
പേരുകേട്ട, നിരവധി ശാസ്‌ത്രിമഠങ്ങള്‍ ഉണ്ടിവിടെ. പിതൃക്കള്‍ക്ക് പൂവും നീരും
കൊടുത്തു മടങ്ങുന്നവരില്‍ അധികവും മലയാളം സംസാരിക്കുന്നവരാണ്.
തര്‍പ്പണത്തിനു
ശേഷം, ക്ഷേത്രത്തിനകത്തുള്ള തീര്‍ത്ഥക്കിണറുകളില്‍ നിന്നും തീര്‍ത്ഥം
കോരിയെടുത്ത്, ശാസ്‌ത്രികള്‍ എല്ലാവരുടേയും നെറുകയില്‍ ഒഴിക്കും. ഓരോ തീര്‍ത്ഥവും
പ്രത്യേകം ശ്ലോകങ്ങള്‍ ചൊല്ലിക്കൊണ്ടാണ് ഒഴിക്കുക. തീര്‍ത്ഥങ്ങളിലെല്ലാം
കുളിച്ചുകഴിയുമ്പോഴേയ്‌ക്കും, കടലില്‍ കുളിച്ചതിന്റെ ബാക്കി പത്രമായി
പറ്റിപ്പിടിച്ചു നില്‍ക്കുന്ന ഉപ്പുതരികള്‍ മുഴുവന്‍
പോയിക്കഴിഞ്ഞിരിക്കും.
നന്നെ ചെറുപ്പത്തിലെന്നോ വന്നിട്ടുണ്ട് ഇവിടെ.സ്‌കൂളില്‍
പഠിക്കുമ്പോഴോ മറ്റോ. അന്ന് അച്ഛന്‍ എടുത്തുകൊണ്ടു ഓടുകയായിരുന്നു.
തീര്‍ത്ഥകിണറ്റില്‍ നിന്ന് തീര്‍ത്ഥകിണറ്റിലേക്ക്...
ഈറന്‍ തോര്‍ത്തില്‍
തറ്റുടുത്ത ദുര്‍ബലനായ കുട്ടിയെ അയാള്‍ക്ക് ഇപ്പോഴും മനസ്സില്‍ കാണാം. അവന്റെ
കുറ്റിത്തലയില്‍ പറ്റിനില്‍ക്കുന്ന വെള്ളത്തുള്ളികളില്‍ വെയില്‍ തിളങ്ങുന്നതു
പോലും!.
ഇപ്പോള്‍ കടല്‍ ശാന്തമാണ്. ഓളംവെട്ടുന്ന ഒരു കൊച്ചുതടാകം പോലെ!.
ആളൊഴിഞ്ഞ
ഭാഗത്തേക്കു നടന്നെത്തിയപ്പോള്‍ അയാള്‍ക്കു വലുതായ ആശ്വാസം തോന്നി. ദൂരേ,
ശ്രീലങ്കയിലേക്കു പോകുന്ന ബോട്ടുകള്‍ കാണാം. സൂക്ഷിച്ചു നോക്കിയാല്‍ ശ്രീലങ്കയുടെ
പച്ചത്തുരുത്തുകള്‍ തന്നെ കാണാം. അന്നും അച്ഛന്‍ അതു കാണിച്ചുതന്നു എന്നാണ്
ഓര്‍മ്മ. ഇന്ന് ഈ വലിയ ശരീരം ചുമന്ന്, തളരുന്ന കാലുകള്‍ വലിച്ചുവച്ച് ഈ
മണല്‍പ്പരപ്പിലൂടെ...
ഒറ്റയ്‌ക്കാണ്. അതെ, ശരിക്കും ഒറ്റയ്‌ക്കുതന്നെ. അയാള്‍
ആരോടെന്നില്ലാതെ പിറുപിറുത്തു..
വാര്‍ദ്ധക്യം ശാപമാകരുതെന്നായിരുന്നു ആഗ്രഹം.
ഈയിടെയായി, ഇത്രയും നാള്‍ ജീവിച്ചിരുന്നതേയില്ല എന്നു
തോന്നിത്തുടങ്ങിയിരിക്കുന്നു...
ഓര്‍മ്മകളില്‍ അയാള്‍ അസ്വസ്ഥനായി.
ജീവിതം
കൊണ്ടു പന്തുകളിച്ച നാളുകളുണ്ടായിരുന്നു, മുമ്പ്. രാജ്യതലസ്ഥാനത്തെ തീവ്രമായ
ജീവിതം..
രാഷ്‌ട്രീയരംഗത്തെ ചക്രവര്‍ത്തിമാര്‍ മുതല്‍ രാജകുമാരന്‍മാര്‍ വരെ
തോളില്‍ കൈയിട്ടു കുശലം പറഞ്ഞിരുന്ന കാലം. പലരും തന്റെ പേനത്തുമ്പിനെ
ഭയപ്പെട്ടിരുന്നു. അതറിഞ്ഞിട്ടും, അറിയാത്തതുപോലെ ജീവിക്കാനായിരുന്നു രസം.
നിറയുന്ന മദ്യചഷകങ്ങള്‍ക്കു മുന്നിലിരിക്കുമ്പോള്‍, ജീവിതത്തിനു ഇങ്ങിനെ ഒരു
മുഖമുണ്ടെന്ന് തോന്നിയിരുന്നില്ല.
ദിവസവും ചവറുപോലെ എഴുതുന്നു.
വലിയ
പത്രത്തിന്റെ പേജുകളില്‍ മഷി പുരണ്ട് അതു ചരിത്രമാകുന്നു...
അന്നും
വീട്ടിലേയ്‌ക്ക് കത്തെഴുതാനായിരുന്നു മറവി; അയാള്‍ ഓര്‍ത്തു.
അമ്മയുടെ പരാതി കത്തുകള്‍ മുറിയില്‍
നിറയുമ്പോള്‍, ഇടയ്ക്കു ഒരു മറുപടി.
പക്ഷെ, അതു ധാരാളമായിരുന്നു, അമ്മയ്‌ക്ക്..
പാവം..!
അയാള്‍,
നടത്തം നിര്‍ത്തി. പുരികത്തിനു മുകളില്‍ നിന്നും വിയര്‍പ്പ് വടിച്ചുകളഞ്ഞ്,
അയാള്‍ കിതച്ചു.
കടലിന്റെ നിറം മാറിത്തുടങ്ങിയിരിക്കുന്നു. ചാരനിറത്തില്‍
ഉരുണ്ടുകളിക്കുന്ന തിരത്തലപ്പുകള്‍ മാത്രം. വേലിയേറ്റമായിരിക്കണം. ദൂരേയുളള
ബോട്ടുകളും അപ്രത്യക്ഷമായിരിക്കുന്നു...
സ്‌നാനഘട്ടങ്ങളിലൂടെ തിരിച്ചു
നടക്കുമ്പോള്‍, പിറകില്‍ നിന്നുള്ള വിളികേട്ട് അയാള്‍ നിന്നു.
കരിക്കൊള്ളിപോലെ
മെലിഞ്ഞുണങ്ങിയ വയസ്സന്‍ ശാസ്‌ത്രികള്‍.
ഒപ്പമെത്താനായി ഓടിയതുകൊണ്ട്, അയാള്‍
വല്ലാതെ കിതയ്‌ക്കുന്നുണ്ടായിരുന്നു. കറപിടിച്ച പല്ലുകള്‍ കാട്ടി അയാള്‍
ചിരിച്ചു..
വൃത്തികെട്ട ചിരി!.
പിതൃതര്‍പ്പണത്തിനുളള എല്ലാം
ഒരുക്കിയിരിക്കുന്നു. അടുത്ത ഇരയെ നോക്കി അയാള്‍ പ്രത്യാശയോടെ ചിരിച്ചു.
അയാള്‍
ചുറ്റും നോക്കി. കടലില്‍ കുളിക്കുന്ന കുറച്ചുപേരൊഴിച്ചാല്‍, കടപ്പുറത്ത്
തിരക്കൊഴിഞ്ഞിരിക്കുന്നു. സ്‌നാനഘട്ടങ്ങളില്‍, പിതൃക്കള്‍ ഉണ്ട ബലിച്ചോറ്
ചിതറിക്കിടന്നു..
`ആവട്ടെ..' അയാള്‍ ചിരിച്ചുകൊണ്ടു പറഞ്ഞു.
അപ്പോള്‍,
ശാസ്‌ത്രികളുടെ പീളകെട്ടിയ കണ്ണുകളില്‍ ആര്‍ത്തിനിറയുന്നത് അയാള്‍
കണ്ടു.
ധൃതിയില്‍ മണലില്‍ കുത്തിയിരുന്ന്, വെള്ളിക്കിണ്ടി കൈയിലെടുത്ത് അയാളെ
നോക്കി.
പേര്...വീട്ടുപേര്...നക്ഷത്രം...
കിണ്ടിയില്‍ നിന്നു
വെള്ളമെടുത്ത്, അയാള്‍ തര്‍പ്പണത്തിനുളള സാമഗ്രികളില്‍ തളിച്ചു. അയാളുടെ
പ്രവൃത്തികളില്‍ ധൃതിയും ആര്‍ത്തിയും നിറഞ്ഞു നിന്നു.
ആരുടെ പേരു പറയണം?- അയാള്‍
ആലോചിച്ചു.
`മരിച്ച ആളുടെ പേര്' -മനസ്സുവായിച്ചിട്ടെന്ന പോലെ ശാസ്‌ത്രികള്‍
ധൃതികൂട്ടി.
മറ്റൊരു ഇരകൂടി വരാനുള്ള സാധ്യത കാണുന്നുണ്ടാവും; അയാള്‍
വെറുപ്പോടെ മരണത്തിന്റെ കരാറുകാരനെ നോക്കി.
അയാള്‍ പേരു പറഞ്ഞു. നെഞ്ചില്‍
തൊട്ടുകാണിച്ച്, വളരെ പതുക്കെയാണ് അയാള്‍ അതു പറഞ്ഞത്.
അമ്പരന്നിരിക്കുന്ന
ശാസ്‌ത്രികളെ നോക്കി, വീണ്ടും സ്വന്തം നെഞ്ചില്‍ തൊട്ടുകാണിച്ച് അയാള്‍
ചിരിച്ചു.
ഭയംകൊണ്ടു തുറിച്ച കണ്ണുകളുമായി പിന്നോട്ടാഞ്ഞുപോയ, ശാസ്‌ത്രികളെ
നോക്കി അയാള്‍ മൃദുവായി വീണ്ടും പറഞ്ഞു..
`മരിച്ചിട്ട് വര്‍ഷങ്ങളായിരിക്കുന്നു.
ഇതിനും മുമ്പേ എത്രയോ തവണ മരിച്ചിരിക്കുന്നു. ഒരിക്കല്‍ പുഴുവായി ജനിച്ചു..പിന്നെ
പുലിയായി...ഇപ്പോഴിതാ...
കടല്‍കാറ്റിന്റെ കലമ്പല്‍ മറികടന്ന്, അയാള്‍
ഉറക്കെയുറക്കെ പൊട്ടിച്ചിരിച്ചു.
ചിരിച്ചുചിരിച്ച് ശ്വാസം കിട്ടാതെ അയാളുടെ
മുഖം വല്ലാതെ ചുവന്നു.ഉറയ്‌ക്കാത്ത കാലുകള്‍
വലിച്ചുവച്ച്, മണല്‍പരപ്പിലൂടെ ഓടിയകലുന്ന കരിക്കൊള്ളിപോലുളള മനുഷ്യനെ
നോക്കിയിരിക്കുമ്പോള്‍, കടലിന്റെ നിറം മാറുന്നത് അയാള്‍ ശ്രദ്ധിച്ചു. അത്
ഇപ്പോള്‍ കൂടുതല്‍ മനോഹരമായിരിക്കുന്നു.
മണലില്‍ പൂഴ്‌ന്ന വെള്ളിക്കിണ്ടി, അപ്പോഴും, സ്വര്‍ഗ്ഗത്തിലേയ്‌ക്കു തന്നെ വിരല്‍ ചൂണ്ടി കിടന്നു....
(എക്‌സ്‌പ്രസ്സ്
വാരാന്ത്യപതിപ്പ്, 1997 മെയ് 18)
അച്ഛന്റെ കത്ത് കൈയിലിരുന്ന് വിറച്ചു.
ആദ്യകുഞ്ഞ് ജനിക്കാനൊരുങ്ങുന്നു.
ആഹ്ലാദം ഉറവപൊട്ടുന്നു മനസ്സു നിറയേ. അവന്റെ
കുഞ്ഞികൈയുകള്‍ ചുരുട്ടിപ്പിടിച്ചുളള കിടപ്പ് കാണാം, മനസ്സില്‍...
അവന്‍
തന്നെയായിരിക്കും...അതെ, അവന്‍ തന്നെയാവും.
തന്റെ ഒരു
തുടര്‍ച്ച....
`കണ്‍ഗ്രാജുലേഷന്‍സ്.....'
ഞെട്ടിനോക്കുമ്പോള്‍, ചുറ്റും
സഹപ്രവര്‍ത്തകര്‍...
ബാരക്കില്‍ നിറയെ സൗഹൃദം നിറഞ്ഞ മുഖങ്ങള്‍. അവര്‍
ഓരോരുത്തരായി അഭിനന്ദിക്കാനെത്തുന്നു. പിറക്കാന്‍ പോകുന്ന, പട്ടാളക്കാരന്റെ
മകന്!.
മാത്യൂസിന്റെ മുഖം മാത്രം വാടിയിരിക്കുന്നു. അയാള്‍ എഴുന്നേറ്റു
ചെന്നു.
`നിങ്ങളുടെ ലീവ് പാസായിട്ടില്ല'- മാത്യൂസ് വിഷാദത്തോടെ പറഞ്ഞു. അയാള്‍
അവിശ്വസനീയതയോടെ നോക്കി.
ഒരു മാസം മുമ്പേ...
`26ലെ ഓപ്പറേഷന്‍ ടീമില്‍
നിങ്ങളുമുണ്ട്'- മാത്യൂസ് മുഖത്തുനോക്കാതെയാണ് അതു പറഞ്ഞത്.
അയാള്‍ ഞെട്ടി.
സെപ്‌തംബര്‍ 26ലെ...
മഞ്ഞുകാലത്തിനു മൂമ്പു അതിര്‍ത്തികടന്നുള്ള ആക്രമണം.
അതിര്‍ത്തിയോടുചേര്‍ന്നുള്ള തീവ്രവാദി ക്യാമ്പുകള്‍ക്കുനേരേ.
`നിങ്ങള്‍ മേജര്‍
സാബിനെ ഒന്നു കാണൂ'- അയാളുടെ കൈപിടിച്ചമര്‍ത്തിക്കൊണ്ടു -മാത്യൂസ് പറഞ്ഞു.
അസ്വസ്ഥനായ അയാളെ വിട്ടു നടക്കുമ്പോള്‍, ഒന്നു തിരിഞ്ഞു
നിന്നു:
`വെട്ടുപോത്താണ്. സംസാരിച്ചു നോക്കൂ...'
ബാരക്കിനോടു ചേര്‍ന്നാണ്
മേജര്‍ സാബിന്റെ മുറി. മലയാളിയായിട്ടും അടുക്കാന്‍ കൂട്ടാക്കിയിട്ടില്ല, ഇന്നുവരെ.
രാത്രികളില്‍, മുറിയില്‍ ഉറക്കമില്ലാതെ നടക്കുന്ന ശബ്ദം കേള്‍ക്കാം.
യുദ്ധാനുഭവങ്ങള്‍ ഏറെയുള്ളയാള്‍. സഹപ്രവര്‍ത്തകര്‍ പറഞ്ഞ അറിവേയുള്ളൂ, കഥകള്‍.
നാട്ടില്‍ പോകാറില്ല. യുദ്ധത്തിനിടെ വെടിയേറ്റ കാലില്‍
മുടന്തുണ്ട്..
സിഗരറ്റിന്റെ പുകയും മദ്യത്തിന്റെ രൂക്ഷ ഗന്ധവും നിറഞ്ഞ
ക്യാബിനിലേക്കു കയറുമ്പോള്‍, പ്രാര്‍ത്ഥിച്ചു..
ഇരുളും വെളിച്ചവും
ഒളിച്ചുകളിക്കുന്ന മുറി.
അരണ്ട വെളിച്ചത്തില്‍, മേശയ്‌ക്കു പുറകിലായി
മേജര്‍....
`നോ വേ...'
റം നിറച്ച ഗ്ലാസുമായി മേജര്‍ എഴുന്നേറ്റു. `ദിസ്
ഇസ് ഓര്‍ഡര്‍'.
പിരിച്ചുവച്ച കട്ടിയുള്ള നരച്ച മീശ, അരണ്ട വെളിച്ചത്തിലും
തിളങ്ങി.
വരണ്ട തൊണ്ടയില്‍ വാക്കുകള്‍ തടഞ്ഞു നിന്നു.
അയാള്‍ക്കു തളര്‍ച്ച തോന്നി. വീഴാതിരിക്കാന്‍ കസേരക്കൈയില്‍ പെട്ടെന്നു
പിടിച്ചു.
സംസാരം നീണ്ടില്ല. വാതില്‍ക്കലേയ്‌ക്കു നടക്കുമ്പോള്‍,
ഗര്‍ഭാലസ്യത്തില്‍ മയങ്ങുന്ന ഭാര്യയേയും ചുരുട്ടിപ്പിടിച്ച ഇളംകുഞ്ഞിക്കൈകളേയും
കണ്ടു.
`നില്‍ക്കൂ, മിസ്‌റ്റര്‍....'
പരുക്കന്‍ ശബ്ദത്തിലുളള
പിന്‍വിളികേട്ട് അയാള്‍ തിരിഞ്ഞു നിന്നു.
ചുവന്ന ദ്രാവകം നിറച്ച ഗ്ലാസുമായി മേജര്‍.
`ഈ ഓപ്പറേഷനില്‍ നിങ്ങള്‍ മരിക്കില്ല,
അത് ഉറപ്പ്....' ഗ്ലാസ് ഉയര്‍ത്തി മേജര്‍ പറഞ്ഞു.
പരിഹസിച്ചതാണോ...?
വെളിച്ചം വീഴാത്ത കണ്‍കുഴികളിലെ ഭാവം വായിച്ചെടുക്കാനായില്ല. പുഞ്ചിരിയില്‍,
മീശ വിരിഞ്ഞകന്നത് വ്യക്തമായിക്കണ്ടു.
പിന്നെ, പിറകില്‍ വാതില്‍
വലിഞ്ഞടഞ്ഞു.
കണ്ണുതുറക്കുമ്പോള്‍, മാത്യൂസ് അടുത്തിരിക്കുന്നുണ്ട്.
മരുന്നുകളുടെ രൂക്ഷഗന്ധമാണ് ചുറ്റിലും.
`മരിച്ചില്ല'-മാത്യൂസ് മൃദുവായി
അയാളുടെ നെറ്റിത്തടത്തില്‍ കൈയമര്‍ത്തി, ഉന്മേഷംനിറഞ്ഞ പ്രഭാതം പോലെ
പുഞ്ചിരിച്ചു.
അയാള്‍ക്ക് ഒന്നും ഓര്‍ത്തെടുക്കാനായില്ല. പുകകൊണ്ടു
മൂടിയിരിക്കുന്നു, എല്ലാം.
`ശത്രുനിരയില്‍ കുടുങ്ങിയ നിങ്ങളെ തള്ളിവീഴ്‌ത്തി
മേജര്‍ മുന്നോട്ടു കുതിച്ചത് കണ്ടവരുണ്ട്...'
വരണ്ട ചുണ്ടുകള്‍ നാവുകൊണ്ട് തൊട്ടുനനച്ച് അയാള്‍
ചോദിച്ചു: `മേജര്‍ സാബ്...?'
`ബോഡി കിട്ടിയിട്ടില്ല. ചര്‍ച്ച നടക്കുന്നു...'
ഫ്‌ളാസ്‌കില്‍ നിന്നു ചായയെടുക്കുന്നതിനിടെ, മാത്യൂസ് പറഞ്ഞു.
`പക്ഷെ, യുദ്ധം
ജയിച്ചു' ചായക്കപ്പ് വരണ്ട ചുണ്ടില്‍ ചേര്‍ക്കുമ്പോള്‍ മാത്യൂസ് പറയുന്നത്
കേട്ടു.
അപ്പോള്‍, ചുരുട്ടിപ്പിടിച്ച ചുവന്ന രണ്ടു പിഞ്ചുകൈകള്‍ അയാളുടെ നേരേ
നീണ്ടു വന്നു. പാതിമയക്കത്തിലും, ആ ശബ്ദം അപ്പോളയാള്‍ വ്യക്തമായി കേട്ടു:
`നിങ്ങള്‍ മരിക്കില്ല, അതുറപ്പ്.....'