Wednesday, 2 October 2013

ഓപ്പറേഷന്‍-സെപ്തെംബര്‍ 26



അച്ഛന്റെ കത്ത്‌ കൈയിലിരുന്ന്‌ വിറച്ചു. ആദ്യകുഞ്ഞ്‌ ജനിക്കാനൊരുങ്ങുന്നു.
ആഹ്ലാദം ഉറവപൊട്ടുന്നു മനസ്സു നിറയേ. അവന്റെ കുഞ്ഞികൈയുകള്‍ ചുരുട്ടിപ്പിടിച്ചുളള കിടപ്പ്‌ കാണാം, മനസ്സില്‍...
അവന്‍ തന്നെയായിരിക്കും...അതെ, അവന്‍ തന്നെയാവും.
തന്റെ ഒരു തുടര്‍ച്ച....
`കണ്‍ഗ്രാജുലേഷന്‍സ്‌.....'
ഞെട്ടിനോക്കുമ്പോള്‍, ചുറ്റും സഹപ്രവര്‍ത്തകര്‍...
ബാരക്കില്‍ നിറയെ സൗഹൃദം നിറഞ്ഞ മുഖങ്ങള്‍. അവര്‍ ഓരോരുത്തരായി അഭിനന്ദിക്കാനെത്തുന്നു. പിറക്കാന്‍ പോകുന്ന, പട്ടാളക്കാരന്റെ മകന്‌!.
മാത്യൂസിന്റെ മുഖം മാത്രം വാടിയിരിക്കുന്നു. അയാള്‍ എഴുന്നേറ്റു ചെന്നു.
`നിങ്ങളുടെ ലീവ്‌ പാസായിട്ടില്ല'- മാത്യൂസ്‌ വിഷാദത്തോടെ പറഞ്ഞു. അയാള്‍ അവിശ്വസനീയതയോടെ നോക്കി.
ഒരു മാസം മുമ്പേ...
`26ലെ ഓപ്പറേഷന്‍ ടീമില്‍ നിങ്ങളുമുണ്ട്‌'- മാത്യൂസ്‌ മുഖത്തുനോക്കാതെയാണ്‌ അതു പറഞ്ഞത്‌.
അയാള്‍ ഞെട്ടി. സെപ്‌തംബര്‍ 26ലെ...
മഞ്ഞുകാലത്തിനു മൂമ്പു അതിര്‍ത്തികടന്നുള്ള ആക്രമണം. അതിര്‍ത്തിയോടുചേര്‍ന്നുള്ള തീവ്രവാദി ക്യാമ്പുകള്‍ക്കുനേരേ.
`നിങ്ങള്‍ മേജര്‍ സാബിനെ ഒന്നു കാണൂ'- അയാളുടെ കൈപിടിച്ചമര്‍ത്തിക്കൊണ്ടു 
-മാത്യൂസ്‌ പറഞ്ഞു. 
അസ്വസ്ഥനായ അയാളെ വിട്ടു നടക്കുമ്പോള്‍,  ഒന്നു തിരിഞ്ഞു നിന്നു:
`വെട്ടുപോത്താണ്‌. സംസാരിച്ചു നോക്കൂ...'
ബാരക്കിനോടു ചേര്‍ന്നാണ്‌ മേജര്‍ സാബിന്റെ മുറി. മലയാളിയായിട്ടും അടുക്കാന്‍ കൂട്ടാക്കിയിട്ടില്ല, ഇന്നുവരെ. രാത്രികളില്‍, മുറിയില്‍ ഉറക്കമില്ലാതെ നടക്കുന്ന ശബ്ദം കേള്‍ക്കാം. യുദ്ധാനുഭവങ്ങള്‍ ഏറെയുള്ളയാള്‍. സഹപ്രവര്‍ത്തകര്‍ പറഞ്ഞ അറിവേയുള്ളൂ, കഥകള്‍. നാട്ടില്‍ പോകാറില്ല. യുദ്ധത്തിനിടെ വെടിയേറ്റ കാലില്‍ മുടന്തുണ്ട്‌..
സിഗരറ്റിന്റെ പുകയും മദ്യത്തിന്റെ രൂക്ഷ ഗന്ധവും നിറഞ്ഞ ക്യാബിനിലേക്കു കയറുമ്പോള്‍, പ്രാര്‍ത്ഥിച്ചു..
ഇരുളും വെളിച്ചവും ഒളിച്ചുകളിക്കുന്ന മുറി.
അരണ്ട വെളിച്ചത്തില്‍, മേശയ്‌ക്കു പുറകിലായി മേജര്‍....
`നോ വേ...'
റം നിറച്ച ഗ്ലാസുമായി മേജര്‍ എഴുന്നേറ്റു. `ദിസ്‌ ഇസ്‌ ഓര്‍ഡര്‍'.
പിരിച്ചുവച്ച കട്ടിയുള്ള നരച്ച മീശ, അരണ്ട വെളിച്ചത്തിലും തിളങ്ങി. 

വരണ്ട തൊണ്ടയില്‍ വാക്കുകള്‍ തടഞ്ഞു നിന്നു.
 അയാള്‍ക്കു തളര്‍ച്ച തോന്നി. വീഴാതിരിക്കാന്‍ കസേരക്കൈയില്‍ പെട്ടെന്നു പിടിച്ചു.
സംസാരം നീണ്ടില്ല. വാതില്‍ക്കലേയ്‌ക്കു നടക്കുമ്പോള്‍, ഗര്‍ഭാലസ്യത്തില്‍ മയങ്ങുന്ന ഭാര്യയേയും ചുരുട്ടിപ്പിടിച്ച ഇളംകുഞ്ഞിക്കൈകളേയും കണ്ടു.
`നില്‍ക്കൂ, മിസ്‌റ്റര്‍....'
പരുക്കന്‍ ശബ്ദത്തിലുളള പിന്‍വിളികേട്ട്‌ അയാള്‍ തിരിഞ്ഞു നിന്നു.

ചുവന്ന ദ്രാവകം നിറച്ച ഗ്ലാസുമായി മേജര്‍.
`ഈ ഓപ്പറേഷനില്‍ നിങ്ങള്‍ മരിക്കില്ല, അത്‌ ഉറപ്പ്‌....' ഗ്ലാസ്‌ ഉയര്‍ത്തി മേജര്‍ പറഞ്ഞു.
പരിഹസിച്ചതാണോ...?
വെളിച്ചം വീഴാത്ത കണ്‍കുഴികളിലെ ഭാവം വായിച്ചെടുക്കാനായില്ല. പുഞ്ചിരിയില്‍, മീശ വിരിഞ്ഞകന്നത്‌ വ്യക്തമായിക്കണ്ടു.
പിന്നെ, പിറകില്‍ വാതില്‍ വലിഞ്ഞടഞ്ഞു.
കണ്ണുതുറക്കുമ്പോള്‍, മാത്യൂസ്‌ അടുത്തിരിക്കുന്നുണ്ട്‌. മരുന്നുകളുടെ രൂക്ഷഗന്ധമാണ്‌ ചുറ്റിലും.
`മരിച്ചില്ല'-മാത്യൂസ്‌ മൃദുവായി അയാളുടെ നെറ്റിത്തടത്തില്‍ കൈയമര്‍ത്തി, ഉന്മേഷംനിറഞ്ഞ പ്രഭാതം പോലെ പുഞ്ചിരിച്ചു.
അയാള്‍ക്ക്‌ ഒന്നും ഓര്‍ത്തെടുക്കാനായില്ല. പുകകൊണ്ടു മൂടിയിരിക്കുന്നു, എല്ലാം.
`ശത്രുനിരയില്‍ കുടുങ്ങിയ നിങ്ങളെ തള്ളിവീഴ്‌ത്തി മേജര്‍ മുന്നോട്ടു കുതിച്ചത്‌ കണ്ടവരുണ്ട്‌...'
വരണ്ട ചുണ്ടുകള്‍ നാവുകൊണ്ട് തൊട്ടുനനച്ച്‌ അയാള്‍ ചോദിച്ചു: `മേജര്‍ സാബ്‌...?'
`ബോഡി കിട്ടിയിട്ടില്ല. ചര്‍ച്ച നടക്കുന്നു...' ഫ്‌ളാസ്‌കില്‍ നിന്നു ചായയെടുക്കുന്നതിനിടെ, മാത്യൂസ്‌ പറഞ്ഞു.
`പക്ഷെ, യുദ്ധം ജയിച്ചു' ചായക്കപ്പ്‌ വരണ്ട ചുണ്ടില്‍ ചേര്‍ക്കുമ്പോള്‍ മാത്യൂസ്‌ പറയുന്നത്‌ കേട്ടു.
അപ്പോള്‍, ചുരുട്ടിപ്പിടിച്ച ചുവന്ന രണ്ടു പിഞ്ചുകൈകള്‍ അയാളുടെ നേരേ നീണ്ടു വന്നു. പാതിമയക്കത്തിലും, ആ ശബ്ദം അപ്പോളയാള്‍ വ്യക്തമായി കേട്ടു:
`നിങ്ങള്‍ മരിക്കില്ല, അതുറപ്പ്‌.....'

No comments:

Post a Comment