
പേനതുറന്നതേയുള്ളൂ.
മുറിയിലെ
ഏകാന്തതയിലേയ്‌ക്ക് അവന്‍ പൊട്ടിവീണു..
ചാഞ്ഞും ചെരിഞ്ഞും ജനാലയിലൂടെ
നോക്കിക്കൊണ്ട് അവന്‍ പറഞ്ഞു:
ഇന്ന് കാണാനില്ല..!.
അയലത്തെ
പെണ്‍കുട്ടിയാണ്.
`നീ....'
അല്‍പ്പം നീരസത്തോടെ തുടങ്ങുമ്പോഴേയ്‌ക്കും,
അവന്‍ കട്ടിലില്‍ വന്നു വീണു..പിന്നെ പരുന്തിനെ പോലെ, പറക്കുന്ന ആഗ്യംകാട്ടി
പൊട്ടിച്ചിരിച്ചു...
`എന്റെ ബാലേട്ടാ...ഇങ്ങിനെ ഉണങ്ങിപ്പിടിച്ചിരിക്കാതെ
ഷര്‍ട്ടിട്..നമുക്കൊന്നു കറങ്ങീട്ട് വരാം....'
പ്രായത്തില്‍ ഇളയതെങ്കിലും,
അവന്റെ വാക്കുകള്‍ക്ക് ശക്തിയുണ്ടായിരുന്നു..
ചാടി എഴുന്നേറ്റ്, പേന
പിടിച്ചുവാങ്ങി മൂടി മുറുക്കി, അവന്‍.
നഗരത്തിന്റെ ബഹളം, തുറന്നിട്ട
ജാലകത്തിലൂടെ തെന്നിത്തെറിച്ച് വന്നുകൊണ്ടിരുന്നു.
`മഴവരുന്നു....'
ഒഴിവു
പറഞ്ഞു. അപ്പോഴേയ്‌ക്കും അവന്‍ ചുവരില്‍ തൂക്കിയ ഷര്‍ട്ടുമായി എത്തി.
`ഉം`.
അയാള്‍ പതുക്കെ എഴുന്നേറ്റു. എഴുത്ത്
അവസാനിച്ചിരിക്കുന്നു....
ബാലേട്ടന്റെ കഥ ഞാന്‍ വായിച്ചു...വാരികേല്...!.
നന്നായിരിക്കുന്നു..
കട്ടിലില്‍ കൊടുംകൈകുത്തിക്കിടന്ന്
അവന്‍.
മുടിചീന്താന്‍ അയാള്‍ ജനലിനടുത്തേയ്‌ക്കു നീങ്ങിയപ്പോള്‍, അവനും പിറകേ
എത്തി.
ചാഞ്ഞും ചെരിഞ്ഞും അടിയിലൂടെയും മുകളിലൂടെയും നോക്കി,
നെടുവീര്‍പ്പിട്ടു.
`ഇന്നില്ലെന്ന് തോന്നുന്നു...!'
പിന്നെ ചിരിച്ചുകൊണ്ടു
പറഞ്ഞു: അവള്‍ നോക്കിത്തുടങ്ങിയിട്ടുണ്ട്..!.
ബാലേട്ടന്‍ എനിക്കൊരു
കത്തെഴുതിത്തരണം..സ്‌ട്രോങ്ങായിട്ട്..!.
മുഖമുയര്‍ത്താതെ നിന്ന അവനെ നോക്കി,
അയാള്‍ മൃദുവായി ചിരിച്ചു,. പിന്നെ പറഞ്ഞു:
ഉം..നടക്ക്...!.
കോളജില്‍
പഠിയ്‌ക്കുമ്പോള്‍ എഴുതിയ പ്രേമലേഖനം, ഇന്നുവരെ കൊടുക്കാന്‍
കഴിഞ്ഞിട്ടില്ല...
അയാള്‍ ചിരിച്ചുപോയി.
സന്ധ്യകനത്തിരിക്കുന്നു. പടിഞ്ഞാറെ
ജനലിലൂടെ തണുത്തകാറ്റ് വരുന്നുണ്ട്. അയാള്‍ ആലോചിച്ചു...
ആദ്യവരി...
ഒരു
പ്രണയലേഖനം പോലും തുടങ്ങാനാവുന്നില്ല..!.
അയാള്‍ മുഷിവോടെ പേന താഴെ വച്ചു.
മനസ്സിന്റെ ചായപ്പെട്ടിയില്‍ പ്രണയവര്‍ണ്ണം
ഉണങ്ങിപ്പിടിച്ചിരിക്കുന്നു...
എഴുതിയില്ലെന്ന് അറിയുമ്പോള്‍, അവന്‍ ഇടയും
എന്നാണ് വിചാരിച്ചത്.
`ഞാനൊന്ന് എഴുതി, ബാലേട്ടാ...' കട്ടിലില്‍ ചാഞ്ഞു
കിടന്ന് അവന്‍ വെളുക്കെ ചിരിച്ചു. പിന്നെ, കൈകള്‍ രണ്ടും നീട്ടിക്കുടഞ്ഞ് അവന്‍
കട്ടിലില്‍ ചമ്രപ്പടികൂട്ടിയിരുന്നു.
അവന്റെ ചലനങ്ങളിലെ ഊര്‍ജസ്വലത, അയാള്‍
കൗതുകത്തോടെ നോക്കിയിരുന്നു....
`മനസ്സിലേ എഴുതിയിട്ടുള്ളൂ ട്ടോ'-
അവന്‍
പറയാന്‍ തുടങ്ങി....
കത്തു കേട്ടുകഴിഞ്ഞപ്പോള്‍ അയാള്‍ ഞെട്ടി-
എടാ..ഇതില്‍
പ്രണയമെവിടേ..??. അശ്ലീലം...
വീണ്ടും കട്ടിലിലേയ്‌ക്കു ചാഞ്ഞ്, അവന്‍
ചിരിച്ചു...
`ന്റെ ബാലേട്ടാ...ന്ത് പ്രണയം..?. ഒരു നല്ല ഫിനിഷിംഗ്
കിട്ടിയില്ല...!. അതു ബാലേട്ടന്‍...'
അയാള്‍ക്കൊന്നു മിണ്ടാന്‍ പോലും കഴിയും
മുമ്പെ, അവന്‍ മുറിക്കു പുറത്തുചാടി അതിവേഗം ഗോവണി ഇറങ്ങിപ്പോയി.
ഉന്മേഷത്തോടെ
തെരുവിലെ തിരക്കില്‍ അലിയുന്ന അവനെയും നോക്കി, അയാള്‍ അമ്പരപ്പോടെ
നിന്നു....
പിന്നെ, എന്തോ തീരുമാനിച്ചുറപ്പിച്ചതുപോലെ നീലച്ചട്ടയുള്ള നിഘണ്ടു
വലിച്ചെടുത്തു പേജുകള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന `പ്രണയം' എന്ന വാക്കിനെ
പേനയെടുത്ത് തലങ്ങും വിലങ്ങും ആഞ്ഞുവെട്ടി...
എന്നിട്ട് അതിനുമുകളില്‍ അയാള്‍
ഇങ്ങിനെ എഴുതി: `ഫിനിഷിംഗ്'...!!

ഭടന്‍മാരെത്തുമ്പോള്‍,
മങ്ങാടന്‍, പുരയിറമ്പില്‍ ഇരിക്കുകയായിരുന്നു. തളപ്പിന്റെ പിഞ്ചലുകള്‍
ശരിപ്പെടുത്തുന്നതില്‍ മുഴുകിയ അവന്‍ അവരെ കണ്ടില്ല.
കനത്തിമുഷ്ടി കഴുത്തില്‍
വീണപ്പോഴാണ് ഞെട്ടിനോക്കിയത്...
മീശപിരിച്ചുവച്ച മുഖങ്ങള്‍ കണ്ടുഭയന്ന അയാളുടെ
കൈകളില്‍ നിന്നു തളപ്പ്, ചാണകം മെഴുകിയ തറയില്‍ വീണു.
രക്തം വാര്‍ന്നുപോയ
മുഖത്തുനോക്കി അവര്‍ പരുഷമായി പറഞ്ഞു:
രാജരാജാ മാനസവര്‍മ്മന്‍
വിളിക്കുന്നൂ....
പിഞ്ചിത്തുടങ്ങിയ മുഷിഞ്ഞ തോര്‍ത്തുമുണ്ടു മാറ്റി,
ഈറന്‍മണക്കുന്ന പുകനിറമുളള ഒറ്റമുണ്ടുമുടുത്തു അയാള്‍ അവരോടൊപ്പം
ഇറങ്ങി.
`യശ്‌മാ....ന്റെ പാറുക്കുട്ടി ന്റെ മക്കള്'
നടക്കടാ എന്നായിരുന്നു
ആക്രോശം...
തെങ്ങുകള്‍ അതിരിട്ട പാടവരമ്പിലൂടെ അവര്‍ രാജകൊട്ടാരത്തിലേയ്‌ക്കു
നടന്നു. ചേറില്‍, മത്സ്യകുഞ്ഞുങ്ങള്‍ പുളയ്‌ക്കുന്നു...കാക്കപ്പൂവുകള്‍ വിരിഞ്ഞു
നില്‍ക്കുന്നു....
മങ്ങാടന്‍ ഒരു നിമിഷം നിന്നു...
അപ്പോള്‍ പിറകില്‍ നിന്നും
രാജകിങ്കരന്‍ മുന്നോട്ടു തള്ളിക്കൊണ്ടു
മുരണ്ടു..
`വെക്കം...ശനിയനേ...!!.
കൊട്ടാരസദസ്സില്‍ നടുത്തളത്തില്‍
നില്‍ക്കുമ്പോള്‍ ശരീരം വിറച്ചു...
`നീ ഷര്‍ട്ടിടുമല്ലേ.....' രാജാവിന്റെ സ്വരം
അര്‍ദ്ധപ്രാണനായാണ് അയാള്‍ കേട്ടത്.
അതു നാഴികകള്‍ക്കപ്പുറത്തു നിന്നാണെന്നു
തോന്നി...ഉടനെ തന്നെ അതു തൊട്ടരുകില്‍ നിന്നാണെന്നും
തോന്നിപ്പോയി...!.
അര്‍ദ്ധനഗ്നശരീരം, ബദ്ധപ്പെട്ട് കാലുകളില്‍ താങ്ങിനിര്‍ത്തി
അയാള്‍ ഇല്ലെന്നു തലയാട്ടി..
കത്തുന്ന കണ്ണുകളുമായി രാജാവാണ് മുമ്പില്‍.
കഴിഞ്ഞദിവസം ഒരു ഷര്‍ട്ട് പറമ്പില്‍ കിടന്നിരുന്നത് മറ്റാരുടേതോ ആണെന്നു
പറയണമെന്നുണ്ടായിരുന്നു.
വരളുന്ന തൊണ്ടയില്‍ വാക്കുകള്‍ വിറകൊണ്ടു
നിന്നു...അയാളുടെ കണ്ണുകള്‍ തുറിച്ചുപോയിരുന്നു.
തിരുമ്പിത്തിരുമ്പി നിറം പോയ
ഷര്‍ട്ടുമായി ഒരു ഭടന്‍ അയാളുടെ അടുത്തെത്തി.
ഇതു നിന്റേതല്ലേ....?. വീണ്ടും
ചോദ്യം.
ശരീരത്തില്‍ വിയര്‍പ്പുചാലുകളൊഴുകുന്നു. അയാള്‍ക്ക്
മിണ്ടാനായില്ല.
നിറം മങ്ങിയ കൊച്ചുഷര്‍ട്ടില്‍ കരിമ്പനടിച്ചിരിക്കുന്നു.
ഇപ്പോഴും ഈറനുണങ്ങാത്ത മണം..
അവനെ അതു ഇടുവിക്കുക- സദസ്സ് ഒന്നടങ്കം പറഞ്ഞു.
ഭടന്‍ അവനെ അതു ബലമായി ഇടുവിച്ചു. ഇറുകിപ്പിടിക്കുന്ന ഷര്‍ട്ട് അവനു ഒട്ടും
പാകപ്പെട്ടില്ല. മുന്‍വശത്ത് കുടുക്കുകള്‍ ചേര്‍ത്തിടാന്‍ പോലും പറ്റാത്തത്ര
കൊച്ചുഷര്‍ട്ടായിരുന്നു അത്..
ഷര്‍ട്ട് പാകമല്ലാത്തതിനാല്‍, അവനു കൈയുകള്‍
താഴ്‌ത്തിയിടാന്‍ കഴിഞ്ഞില്ല..
പറക്കാന്‍ പോകുന്ന പക്ഷിയെ പോലെ അവന്‍ സദസ്സില്‍
വിറച്ചുനിന്നു.
`തമ്പ്രാന്‍ അത് അവന്റെതുതന്നെ....' പറഞ്ഞത്
മന്ത്രിയാണ്.
അതോടെ സദസ്സ് ഒന്നടങ്കം പറഞ്ഞു- അവന്റേതു
തന്നെ...!!.
രാജകല്‍പ്പന വന്നു: ധിക്കാരിയായ ഇവനെ
മരണക്കൂട്ടിലിടുക..!
ചന്തയിലെ കവലയില്‍ തൂങ്ങുന്ന ഇരുമ്പുകൂട്ടിലടയ്‌ക്കുകയാണ്
രാജ്യത്തെ കഠിനശിക്ഷ. അനങ്ങാനാവാതെ മരിക്കുംവരെ ഒരേ നില്‍പ്പ്..കാക്കകളും
പരുന്തുകളും കൊത്തും..വഴിപോക്കര്‍ കല്ലെടുത്തെറിയും...കുടിക്കാന്‍ വെള്ളംപോലും
തരില്ല...കുറച്ചുനാള്‍ കഴിയുമ്പോഴേക്കും ഉണങ്ങിവരണ്ട് പ്രാണന്‍
പോയിരിക്കും...
മരണഭയം കൊണ്ട് അയാള്‍ കുഴഞ്ഞുവീണു..
പരവതാനിയിലെ
സ്വര്‍ണപൂക്കള്‍ കണ്ണിനു തൊട്ടുമുമ്പില്‍ സൂര്യനെപോലെ ജ്വലിച്ചു
നിന്നു.
`തെയ്‌വേ...ന്റെ തെയ്‌വേ...'
അയാള്‍ തളര്‍ന്ന ശബ്ദത്തില്‍
കരഞ്ഞുവിളിച്ചു.
അയാളുടെ നിലവിളികള്‍ വകവയ്‌ക്കാതെ രാജകിങ്കരന്‍മാര്‍ അയാളെ
വലിച്ചിഴച്ച് ചന്തയിലേയ്‌ക്കു നടന്നു.
പെട്ടെന്നയാള്‍
കണ്ണുതുറന്നു....
ശരീരം വിയര്‍പ്പില്‍ കുതിര്‍ന്നിരിക്കുന്നു. നെഞ്ചിന്‍കൂട്
ശ്വാസവേഗത്തില്‍ ഉയരുകയും താഴുകയും ചെയ്‌തു കൊണ്ടിരുന്നു.
കിടന്ന കിടപ്പില്‍,
താഴ്‌ത്തിവച്ച ചിമ്മിനി വെട്ടത്തില്‍ അയാള്‍ നോക്കി...
പായില്‍, പാറുക്കുട്ടി
തിരിഞ്ഞുകിടന്നുറങ്ങുന്നു. അവള്‍ നഗ്നയാണ്...!.
പായില്‍ നിന്നു തെന്നിമാറി
മണികണ്‌ഠന്‍, മലര്‍ന്നുകിടക്കുകയാണ്. അവനെപ്പറ്റി ചാമിയും. അവരും
നഗ്നരാണ്..!.
പാറുക്കുട്ടിയെ പുണര്‍ന്ന് കുഞ്ഞുലക്ഷ്‌മി. അവളും
നഗ്നയാണ്...!
അയാള്‍ ഓട്ടുമൊന്തയില്‍ നിന്നു രണ്ടിറക്കുവെള്ളം
കുടിച്ചു...
പിന്നെ, ആശ്വാസത്തോടെ ഉടുമുണ്ടൂരി തലവഴി പുതച്ച്
സുഖമായുറങ്ങി....
നീണ്ടയാത്രകള്‍ ഓരോന്നും
അവസാനിക്കുമ്പോഴും വിചാരിക്കും, ഇനി എവിടേയ്‌ക്കുമില്ല..!!
പക്ഷെ, ദൂരങ്ങള്‍
എപ്പോഴും മാടിവിളിക്കും. ഓരോ യാത്രകളും ഒരോ ഒളിച്ചോട്ടമാകുന്നു..
മുഷിഞ്ഞ
തുണിസഞ്ചി പൊടിതട്ടിയെടുക്കുമ്പോള്‍ അയാള്‍ ആലോചിച്ചു- ആരില്‍ നിന്ന്...?? ഇനിയും
എത്രദൂരം??.
കണ്ണെത്താത്തിടത്തോളം വരണ്ടഭൂമി. തിരക്കേറിയ ബസ്സ് ഉഷ്‌ണക്കാറ്റും
മോന്തി കരകള്‍ പിന്നിട്ടു. ഇടക്കിടെ കരിമ്പനക്കൂട്ടങ്ങള്‍...വീണ്ടും വരണ്ട
ഭൂമി....
തമിഴത്തികളുടെ മുറുക്കാന്‍ മണമുള്ള സംസാരമാണ് ചുറ്റിലും. വരണ്ടമുടി
മാടിയൊതുക്കി, ചുവന്ന പല്ലുകള്‍ കാട്ടി അവര്‍ പിന്നിലേയ്‌ക്കും മുന്നിലേയ്‌ക്കും
ഒരേ സമയം തിരിഞ്ഞു സംസാരിച്ചുകൊണ്ടിരുന്നു. ഇവരുടെയെല്ലാം പല്ലുകള്‍ക്ക്
ചുവപ്പുനിറമാണ്..
പുഴക്കടവിലെ പാറുവിന്റെ പല്ലുകള്‍ക്കും ചുവപ്പായിരുന്നു
നിറം....
അയാള്‍ ഓര്‍ത്തു-
മണലെടുക്കാന്‍ വരുന്ന ലോറിക്കാര്‍ക്ക് പാറുവാണ്
കഞ്ഞി.
മുണ്ടും ജാക്കറ്റുമിട്ട് മുടി വിടര്‍ത്തി, മുറുക്കിച്ചുവപ്പിച്ച് അവള്‍ എപ്പോഴും പുരയ്‌ക്കു മുന്നില്‍ നില്‍ക്കും..
ആ വഴിവരുമ്പോഴേല്ലാം അവള്‍ അവിടെ
ചിരിച്ചു നില്‍ക്കുന്നുണ്ടാകും, അഴിച്ചിട്ട മുടിയും കോതിക്കൊണ്ട്...
ഇടവഴികളിലെ
സംസാരങ്ങളിലും വീട്ടുപഞ്ചായത്തുകളിലും പാറു നിറഞ്ഞു നിന്നു.
അപ്പോഴും,
പുഴയോരത്തെ ഓലപ്പുരയ്‌ക്കു മുമ്പില്‍ പാറു കൂസലില്ലാതെ നിറഞ്ഞു
ചിരിച്ചു..!!.
മണല്‍ നിറയ്‌ക്കാന്‍, ലോറികള്‍ പിന്നേയും വരികയും പോവുകയും
ചെയ്‌തുകൊണ്ടിരുന്നു.
പാറു കൂടുതല്‍ തടിയ്‌ക്കുകയും അവളുടെ കണ്ണുകള്‍ക്ക്
തിളക്കം വര്‍ദ്ധിക്കുകയും ചെയ്‌തു..
സമ്മതമാകും എന്നാണു
കരുതിയത്.
കൈകുടഞ്ഞെറിഞ്ഞപ്പോള്‍, പതറി. കുപ്പിവളകള്‍ മൂന്നുനാലെണ്ണം തറയില്‍
പൊട്ടിവീണത് ഓര്‍മ്മയുണ്ട്...
`നീയ്യെന്റെ......'
മുഖത്തേയ്‌ക്കു
മുറുക്കാന്‍ തുപ്പല്‍ വീശിയടിച്ചു.....
വാസനപ്പുകയിലയുടേയും
പഴുക്കടയ്‌ക്കയുടെയും എല്ലാം കൂടിക്കലര്‍ന്ന മണം ഇരുണ്ട മുറിയിലാകെ
നിറഞ്ഞു.
പാറുവിന്റെ വീട്ടില്‍, പിറ്റേന്ന്, നിറയേ ആളുകളായിരുന്നു; പാറു
തൂങ്ങിച്ചത്തെന്ന് ആരോ പറഞ്ഞു.
`ച്ഛെ.......!'
ഇരുകൈകള്‍കൊണ്ടും
മുഖമമര്‍ത്തി അയാള്‍ എഴുന്നേറ്റു.
മുന്‍സീറ്റിലിരുന്ന ആരോ തൂവിയ മുറുക്കാന്‍
തുപ്പല്‍ കാറ്റത്തു മഴച്ചാറ്റലായി എത്തിയിരിക്കുന്നു...
ഇറങ്ങണമെന്ന് അയാള്‍
ധൃതിയില്‍ ആംഗ്യം കാട്ടി.
ചെമ്മണ്‍ നിരത്തിലൂടെ പൊടിപറത്തി ബസ്സകന്നപ്പോള്‍,
തലവഴി പുതച്ചുമൂടിയ മനുഷ്യരൂപം മുന്നില്‍ തെളിഞ്ഞു. അതിനടുത്തെത്തി വെപ്രാളത്തോടെ,
അയാള്‍ പെട്ടെന്നു ചോദിച്ചു:
`ഇങ്കെ സാരായം
കെടക്കുമാ....??'

ഓരോരുത്തര്‍ക്കും, ജോലി ഒരു
രക്ഷപ്പെടലായിരുന്നു. അവനവനില്‍ നിന്നും ഈ നാട്ടില്‍ നിന്നും..
അവനും ഇന്നു
പോകും, വൈകീട്ടുളള വണ്ടിയ്‌ക്ക്.
അവനും.....
പുഴയോടു ചേര്‍ന്നുള്ള
ആല്‍ത്തറയില്‍ ഇരിക്കുമ്പോള്‍, ഒന്നും സംസാരിക്കാനുണ്ടായിരുന്നില്ല.
നീര്‍ച്ചാലായിത്തുടങ്ങിയിരിക്കുന്നു, പുഴ. മണല്‍വാരുന്ന വള്ളങ്ങളിലുള്ളവരുടെ
സംസാരം, കാറ്റിനൊപ്പം ഇടയ്‌ക്കു കയറിവരും...ആലിലകളുടെ കലകലപ്പില്‍
മറഞ്ഞുപോകും.
പിന്നില്‍, ആത്മാക്കള്‍ക്ക് മോക്ഷം നല്‍കുന്ന മൂര്‍ത്തിയുടെ അമ്പലം
ആളൊഴിഞ്ഞു കിടന്നു.
രാവിലേയും സന്ധ്യയ്‌ക്കും മാത്രമേ മൂര്‍ത്തിക്കു അനുഗ്രഹം
നല്‍കാനുള്ള ബാധ്യതയുള്ളൂ.
ബാക്കി സമയം ഉറങ്ങുകയോ ചതുരംഗം കളിക്കുകയോ
ആവാം.
ഭാഗ്യവാന്‍....!!
പട്ടാളത്തിലെ ജോലിയ്‌ക്കായി ഒന്നിച്ചാണ് പോയത്.
പക്ഷെ, അവനു മാത്രമായിരുന്നു അനുഗ്രഹം...
അസൂയയില്ല. പക്ഷെ, നാട്ടില്‍
ഇനി...
`നീ ചെന്നിട്ട് എഴുതണം, വിവരത്തിന്'
അവനൊന്നും പറഞ്ഞില്ല.
മണല്‍പരപ്പിലേയ്‌ക്കു വെറുതേ കണ്ണുംപായിച്ചിരുന്നു.
`നമ്മുടെ നാടകസംഘം...'
സംശയിച്ചാണെങ്കിലും ചോദിച്ചു.
അവന്‍ അപ്പോഴും ഒന്നും പറഞ്ഞില്ല.
പുഴയില്‍
നിന്നു വീശിയ കാറ്റിന്റെ ചൂളംവിളിക്കൊപ്പം ഈറന്‍മണ്ണിന്റെ ഗന്ധവും നിറഞ്ഞു.
എല്ലാ ഉത്തരങ്ങളും ഉത്തരങ്ങളല്ല; ആയിരിക്കുകയുമില്ല.
പക്ഷെ, മൗനം
എല്ലായ്‌പോഴും ഉത്തരം നല്‍കിക്കൊണ്ടേയിരിക്കുന്നു....
പുഴയുടെ മടിത്തട്ടില്‍
നീണ്ടു നിവര്‍ന്നു കിടക്കുന്ന ഒറ്റയടിപ്പാതയിലൂടെ, അപ്പോള്‍, ഒരു പശുവിനെയും
തെളിച്ച് ചെറുക്കന്‍ വന്നു.
ഹൊയ്...ഹൊയ്...!
ചെറുക്കന്റെ
ഒച്ചവയ്‌ക്കലുകള്‍, ഇടയ്‌ക്കിടെ ഉച്ചത്തിലും ചിലപ്പോള്‍ ഒട്ടും
കേള്‍ക്കാതേയുമിരുന്നു...
അകലെ, യാത്രക്കാരേയും പ്രതീക്ഷിച്ച് റെയില്‍പാലം
കാത്തുകിടക്കുന്നു..
മടങ്ങാനായി എഴുന്നേല്‍റ്റപ്പോള്‍, അവനും കൂടെ
എഴുന്നേറ്റു.
എന്നും തൊഴുതിരുന്ന അമ്പലത്തിനു മുന്നില്‍, തൊഴുമെന്നു
കരുതി...
ഇല്ല. അവന്‍ മുന്നോട്ടു നടന്നു....
അമ്പലത്തിനു പുറകില്‍,
വഴിപിരിയുന്നിടം വരെ നിശ്ശബ്ദനായി കൂടെ നടന്നു.
അവന്‍ ഓര്‍മ്മകളിലായിരിക്കണം...
പാവം..!.
വഴിയുടെ സന്ധിയില്‍, പറയാനെന്തോ മനസ്സില്‍ കരുതിയിരുന്നതുപോലെ,
അവന്‍ ഒന്നുനിന്നു...
പിന്നെ, മുഖമുയര്‍ത്താതെ പറഞ്ഞു-
`ഞാന്‍,
രക്ഷപ്പെടട്ടെ......'

`എന്തിനാ വസ്വേട്ടാ അവനെന്റെ കഴുത്തിനു
കുത്തിപ്പിടിച്ചത്....?'
വരണ്ടുണങ്ങിയ പാടവരമ്പത്തു കൂടി നടക്കുമ്പോള്‍ കഴുത്തു
തടവി ഞാന്‍ ചോദിച്ചു.
`അവനു പലേ വെഷമങ്ങളല്ലേ..?. പാവം...'
വാസ്വേട്ടന്‍ അതു
നിസ്സാരവത്‌ക്കരിച്ചു-
`അവന്റെ പെങ്ങള് ഓടിപ്പോയി. തള്ളയാണെങ്കില്‍
പെഴ...'
`അവന്‍ കുടിച്ചിട്ടുണ്ട്'- സംസാരം ദീര്‍ഘിപ്പിച്ച് ഞാന്‍
പറഞ്ഞു.
`ഉണ്ടാവും...ഓരോരോ സമയദോഷം.....'
അറുപതു വര്‍ഷത്തെ അനുഭവത്തിന്റെ
കലപ്പകള്‍, മുഖത്തു കീറിയ ചാലുകളിലെ വെളുത്ത ശ്‌മശ്രുക്കളില്‍ ചൊറിഞ്ഞ്
വാസ്വേട്ടന്‍ കാല്‍ക്കീഴ് നോക്കി നടന്നു..
വയല്‍ വരണ്ടു
വിണ്ടുനീറിക്കിടക്കുന്നു. കണ്ണെത്താത്തിടത്തോളം...
ദൂരേ, തെങ്ങുകളുടെ
പച്ചമണ്ടകള്‍ വെയിലേറ്റു തിളങ്ങി നില്‍ക്കുന്നു. ഒരു പുല്‍നാമ്പുപോലും
തളിര്‍ക്കാത്ത വേനല്‍പാടം, ഗ്രാമത്തിന്റെ മനസ്സുപോലെ മലര്‍ച്ചു കിടന്നു.
അവന്റെ
അമ്മയ്‌ക്കു കാമുകനുണ്ട്. അവനറിയുന്ന ആള്‍ തന്നെ..ശരിയാണ്. ഭര്‍ത്താവ് മരിച്ച
സ്‌ത്രീക്ക് ഒരു അന്തിക്കൂട്ട്. കേട്ടവര്‍ തെറ്റുപറഞ്ഞില്ല.
പക്ഷെ, അവനെ
അവര്‍ തറഞ്ഞു നോക്കി...ഒളികണ്ണിട്ട് ചിരിച്ചു.
വരമ്പില്‍ നിന്നു പള്ളം കയറുന്ന
ഭാഗത്ത് തെങ്ങിന്‍ നിഴലില്‍ വാസ്വേട്ടന്‍ നിന്നു. ഒരു ബീഡിയെടുത്ത് മുന്‍വരിയിലെ
പല്ലുപോയഭാഗത്തു വച്ച് കത്തിച്ചു; പിന്നെ നാവുകൊണ്ടു തുഴഞ്ഞ്, വിദഗ്‌ധമായി
ചിറിയുടെ ഇടതുഭാഗത്തേക്കിട്ട് ആഞ്ഞു വലിച്ചു.....
പല്ലുപോയ വിടവിലൂടെയും
കുറച്ചു മൂക്കിലൂടെയും പുകവിട്ട് വാസുവേട്ടന്‍ ആലോചനയിലായി.
വാസുവേട്ടന്റെ
മോള്‍ തൂങ്ങിമരിച്ചതാണ്. അന്നു വയറ്റിലുണ്ടായിരുന്നു എന്നാണ് കേള്‍വി..
അതിനും
ആരും ഉത്തരവാദിയുണ്ടായില്ല...ഒരു പക്ഷെ, ഗ്രാമം
മുഴുവനും..??
ആര്‍ക്കറിയാം...
വാസുവേട്ടന്‍ നടന്നു.
പള്ളം കയറിയാല്‍
ഇടത്തുഭാഗത്താണ് കള്ളുഷാപ്പ്.
`നിനക്കു കുടിക്കണോ?.'
മറുപടിപറയാതെ
ഷാപ്പിലേയ്‌ക്കു നൂണ്ടു.
ഒഴിഞ്ഞ ബഞ്ചിലിരുന്നപ്പോള്‍ ഇരുണ്ട മൂലകളില്‍,
സുന്ദരിമാരുടെ ചിത്രങ്ങള്‍..തിരിഞ്ഞും മറിഞ്ഞുമുള്ളവ.. തെളിഞ്ഞു ചിരിച്ചു...
ഒരു
തരി കാറ്റില്ല. പാടത്തുനിന്നുള്ള വരണ്ട കാറ്റ് തെങ്ങിന്‍ മണ്ടകള്‍ക്കു
മാത്രം..
ഷര്‍ട്ടിന്റെ രണ്ടു ബട്ടന്‍ തുറന്ന് പിന്നിലേയ്‌ക്കു
മലച്ചിട്ടു...
എന്നിട്ടും വിയര്‍പ്പുചാലുകള്‍ നെഞ്ചിലൂടെ
ഒഴുകിക്കൊണ്ടിരിക്കുന്നു.
കുപ്പികളൊഴിഞ്ഞപ്പോള്‍ എവിടേനിന്നൊക്കെയോ ധൈര്യം
ഊറിവന്നു.
`ഒരു ബീഡി താ.....'
വാസുവേട്ടന്‍ അരയില്‍ തപ്പി ബീഡിപ്പൊതി തന്നു.
വേലിക്കെട്ടിനടുത്തു നിന്ന് പുകവലിച്ചൂതുമ്പോള്‍, ചോദിച്ചു-
`വാസ്വേട്ടന്
വീട്ടില്‍ പോകാന്‍ പേടിയുണ്ടോ...?.'
കലങ്ങിച്ചുവന്ന കണ്ണുകള്‍, എവിടെയോ
ഉറപ്പിച്ചു നില്‍ക്കുകയാണ്
വാസ്വേട്ടന്‍.
`അവനുണ്ടാകുമോ?'
`ആരാണവന്‍.....??'
പതുക്കെ, ബീഡി വലിച്ചൂതി
വസ്വേട്ടന്‍ പറഞ്ഞു-
`അറീല്ല. പക്ഷെ, അവന്‍....അവനെ പെണ്ണുങ്ങള്‍ക്ക്
ഇഷ്ടമാണ്....'
വീണ്ടും വാസ്വേട്ടനു ചെകിടോര്‍ത്തപ്പോള്‍ പള്ളമിറങ്ങി, കൈയില്‍
പാല്‍പാത്രവുമായി ജാനു വന്നു. ഷാപ്പില്‍ നിന്നു അല്‍പ്പം മാറി നിന്ന്, നോക്കി
ചിരിച്ചു. പിന്നെ, വല്ലാത്തൊരു നോട്ടത്തോടെ തലചൊറിഞ്ഞു....
പാത്രം കിലുക്കി,
വീണ്ടും തിരിഞ്ഞുനോക്കി ചിരിച്ചുകൊണ്ട് അവള്‍ പാടത്തിനരികിലെ കൈതക്കാട്ടിനരികിലൂടെ
അപ്രത്യക്ഷയായി.
`നിനക്കു കുറച്ചുകൂടി വേണോ...?'
വാസ്വേട്ടന്റെ ചോദ്യം
കേട്ടപ്പോളാണ് ചിന്തയില്‍ നിന്നുണര്‍ന്നത്.
`വേണ്ട..എനിക്കു അല്‍പ്പം
ധൃതിയുണ്ട്...'
വാസുവേട്ടന്‍ വീണ്ടും ഷാപ്പിലേക്കു നൂണ്ടുകയറുമ്പോള്‍, മുണ്ടും
മാടിക്കുത്തി ആവേശത്തോടെ കൈതക്കാട് ലക്ഷ്യം വച്ചു
നടന്നു.......

പഠിപ്പില്ലാത്ത പ്രശ്‌നമല്ല, കേശവേട്ടന്റേത്.
അറിവു കൂടിയാല്‍ കുറച്ചു നൊസ്സുമുണ്ടാവുമെന്ന് അമ്മ പറഞ്ഞത് സത്യം തന്നെയാണെന്ന്
തോന്നും, പെരുമാറ്റം കണ്ടാല്‍..!
അല്ലെങ്കില്‍ ഒന്നും രണ്ടും പറഞ്ഞ് എന്നും
കവലയില്‍ വഴക്കുണ്ടാക്കുമോ?. ഒന്നല്ല, പല തവണ കിട്ടിയ ജോലികള്‍ വലിച്ചെറിഞ്ഞ്
നാട്ടില്‍ വന്ന് വഴക്കാളിയാകുമോ?.
അപ്പുറത്ത് ഒച്ച കൂടിക്കൂടി വന്നപ്പോഴാണ്
വീണ്ടും എത്തിച്ചു നോക്കിയത്.
അപ്പോള്‍, കേശവേട്ടന്‍ മുറ്റത്തു കൈവീശി
നടക്കുകയാണ്, അങ്ങോട്ടുമിങ്ങോട്ടും. ഭ്രാന്തെടുത്ത പോലെ ഓരോന്നു
വിളിച്ചുപറയുന്നുണ്ട്..
മുഷിഞ്ഞ മുണ്ടുമാത്രമാണ് വേഷം. ഷര്‍ട്ടിട്ടില്ല.
കേശവേട്ടനു മറുപടിയായി അകത്തുനിന്ന് വലിയമ്മയുടെ മറുപടികള്‍ വന്നു
വീഴുന്നുണ്ട് ഇടക്കിടെ.
അതു കേള്‍ക്കുമ്പോള്‍, കൂടുതല്‍ വേഗത്തിലാവുന്നു
കേശവേട്ടന്റെ നടത്ത.
കേശവേട്ടന്‍ പെട്ടെന്നു നിന്നു. നോട്ടം ഞാനിരിക്കുന്ന
ജനലിലേയ്‌ക്ക് വീണു.മാറാന്‍ സമയം കിട്ടിയില്ല; അപ്പോഴേക്കും
വിളിവന്നു.
`അപ്പൂ..ഇങ്ക്‌ട് വന്നാ...' അലര്‍ച്ചയാണ്..
അടുത്തെത്തുമ്പോള്‍,
മടിയില്‍ തിരുകിയിരുന്ന അഞ്ചുരൂപയെടുത്തു കൈയില്‍ വച്ചു തന്നു.
`നീ ആ കൈമളുടെ
കടേന്ന് ഒരു കെട്ട് ബീഡി വാങ്ങീട്ടു വാ...'
കിതപ്പിനിടെ കേശവേട്ടന്‍ പറഞ്ഞു.
കടയിലേയ്‌ക്ക് ഓടുമ്പോള്‍, പിറകില്‍ കേശവേട്ടന്റെ ശബ്ദം വീണ്ടും
കേട്ടു-
`ബാക്കി പൈസക്ക് നീ മിഠായി മേടിച്ചോ...'
കേശവേട്ടന്‍ അങ്ങിനെയാണ്.
ബാക്കി പൈസക്കു മിഠായി....
ബീഡി വാങ്ങിയെത്തുമ്പോള്‍, കേശവേട്ടന്‍
ചാരുപടിയില്‍ ഇരുപ്പായിരിക്കുന്നു.
ദേഷ്യമടങ്ങിയിട്ടുണ്ട്.
`നീ
കല്ല്യാണത്തിനു പോണ്ട..കഴിഞ്ഞില്ലേ..?' വലിയമ്മയാണ്.
കേശവേട്ടന്‍ ബീഡിയൊന്നു
വലിച്ചൂതി.
`അയാളുടെ കൈയില്‍ കാശുണ്ട്‌ച്ചിട്ട്...ങ്‌ഹാ!'
സ്വരത്തില്‍
ശാന്തത കണ്ടപ്പോള്‍ ആശ്വാസമായി. കേശവേട്ടന്റെ അടുത്തിരുന്ന് മിഠായിപ്പൊതി
അഴിച്ചു.
`നീയും പോണ്ടടാ..അപ്പൂ..'
തലയില്‍ വിരലുകളോടിച്ച് കേശവേട്ടന്‍
പറഞ്ഞപ്പോള്‍ ഇല്ലെന്നു തലയാട്ടി.
`മിടുക്കന്‍..' കേശവേട്ടന്‍
പറഞ്ഞു.
കേശവേട്ടനെ അനുകൂലിക്കുമ്പോളൊക്കെ
അങ്ങിനെയാണ്..
മിടുക്കന്‍...!
കേശവേട്ടനെ ഇന്നു കൊണ്ടുപോകുകയാണ്.
അച്ചുതമാമയാണ് കേശവേട്ടനെ കൊണ്ടുപോകുന്നത്. തൃശൂര്‍ക്ക്. ഡോക്ടറെ
കാണിക്കാനാണെന്ന് അമ്മ പറഞ്ഞു.
ഷര്‍ട്ടിടുമ്പോഴും ചുമലില്‍ മുഷിഞ്ഞ
തോര്‍ത്തിടുന്ന അച്ചുതമാമ. വെളുത്തുനരച്ച അച്ചുതമാമയെ കേശവേട്ടന് ഇഷ്ടമാണ്.
പിന്നെ എന്നെയും..
ബാഗുമെടുത്ത് അച്ചുതമാമ മുമ്പെ നടന്നു.
വണ്ടി ഇനിയും
എത്തിയിട്ടില്ല. റെയില്‍വേ സ്‌റ്റേഷനില്‍ കാത്തുനില്‍ക്കുമ്പോള്‍, കേശവേട്ടന്‍
ചാരുബഞ്ചില്‍ ശാന്തനായിരുന്നു ബീഡി വലിച്ചു.
ചായുന്ന വെയിലില്‍, എങ്ങും
കൂട്ടിമുട്ടാതെ റെയില്‍വേപാളങ്ങള്‍ നീണ്ടുകിടക്കുന്നു. മഞ്ഞച്ചായമടിച്ച ഓഫീസിനു
മുന്നിലെ മണിയടിച്ചപ്പോള്‍, ബാഗുമായി അച്ചുതമാമ എഴുന്നേറ്റു.
വണ്ടിവരുന്നു.
`കുട്ടാ..ഡോക്ടര്‍ പറയുന്നതൊക്കെ അനുസരിക്കണം...ട്ട്വൊ'
വലിയമ്മ കേശവേട്ടന്റെ കൈയില്‍ പിടിച്ചു.
വണ്ടിയുടെ ജനലഴികളില്‍ പിടിച്ചിരുന്ന
കേശവേട്ടന്‍, ഒന്നും മിണ്ടാതെ എങ്ങോട്ടോ നോക്കിയിരുന്നു. ഞങ്ങളാരും അവിടെ
നില്‍ക്കുന്നതുപോലും കാണുന്നുണ്ടായിരുന്നില്ല. ആരൊക്കെയോ കയറുന്നു. എല്ലാവരും
തൃശൂര്‍ക്കായിരിക്കണം...
വീണ്ടും മണിമുഴങ്ങി.
വണ്ടി നീങ്ങുകയാണ്. ഒന്നു
കൂക്കി. പിന്നെ കിതച്ചു..
ദൂരേ, കറുത്തപൊട്ടുപോലെ വണ്ടി വളഞ്ഞവസാനിച്ചപ്പോഴും
നരച്ച ആകാശത്ത് കറുത്ത പുകപ്പാട് നീണ്ടു കിടന്നു. പിന്നെ, നോക്കിനില്‍ക്കേ അതു
കാറ്റില്‍ ചിതറിയൊഴുകിപ്പോയി...
തിരിച്ചു നടക്കുമ്പോള്‍, ചാരുബഞ്ചിനു മുമ്പിലെ
മണലില്‍ പകുതി കരിഞ്ഞ ബീഡികുറ്റി കിടക്കുന്നതുകണ്ടു.
പെട്ടെന്ന് അതു
കുനിഞ്ഞെടുത്തപ്പോള്‍, വലിയമ്മ കണ്ടു.
`അപ്പൂ..ന്താദ്..??'
അതു കേട്ടഭാവം
നടിക്കാതെ വേഗത്തില്‍ മുമ്പില്‍ നടന്നു.
പാവം
കേശവേട്ടന്...!!!
അവള്‍ ഇപ്പോള്‍ എഴുന്നേറ്റു പോയതേയുള്ളൂ.
റോസ് പൂക്കളുള്ള വിരിപ്പിലെ ചുളിവുകളില്‍ വിരല്‍ പരത്തി അയാള്‍ ചിരിച്ചു.
വിരിപ്പില്‍ ഇപ്പോഴും കൊളോണിന്റെ മദിപ്പിക്കുന്ന
ഗന്ധം!.
എന്താണിവിളോടിങ്ങനെ..?
കൊതിപ്പിക്കുന്നതൊന്നും ഇവളിലില്ല. അതു സത്യം.
പക്ഷെ, പിന്നേയും പിന്നേയും...
അയാള്‍ തലയിണയ്‌ക്കടിയില്‍ നിന്നും വാച്ച്
തപ്പിയെടുത്തു. ആറ് പത്ത്..
ദൈവമേ...!!
ഇന്നു കുടുംബസമേതം സിനിമ പ്ലാന്‍
ചെയ്‌തതാണ്..
അയാള്‍ ധൃതിയില്‍ ഒരുങ്ങി, ഫ്‌ളാറ്റിന്റെ വാതില്‍
വലിച്ചുതുറന്നിറങ്ങി.
പുറകില്‍ അമ്പരന്ന മുഖവുമായി അവള്‍...
ഏതോ വിലകൂടിയ
വിദേശ സോപ്പിന്റെ ഗന്ധം അവളില്‍ നിന്നു പാറിവരുന്നു..!
`എന്തു
പറ്റി?.'
`ഓ..ഞാനത് പറയാന്‍ മറന്നു. ഒരു അപ്പോയ്‌മെന്റ്...'
മൃദുവായി
അവളുടെ കവിളില്‍ തട്ടിക്കൊണ്ട് അയാള്‍ പറഞ്ഞു: സീ യു മോറോ..
അവള്‍ ചിരിച്ചു.
കൊളോണിന്റെ ഗന്ധം നിറഞ്ഞ ചിരി..
ഹോ..ഈ ചിരി, ഈ
ചിരിയാണ്...!!
നഗരത്തിരക്കിലൂടെ ഊളിയിടുമ്പോള്‍ മനസ്സില്‍ കുറിച്ചു,
നാളെ...
നാളെ..??
ഒരു കല്ല്യാണം...ഭാര്യയുടെ ചെക്കപ്പ്...പഴയ സുഹൃത്ത്
രവിയുടെ വരവ്...
ആഹ്...ഒരു നുണ തട്ടിയേക്കാം, അവളോട്!.
പാര്‍ക്കിന്റെ തണുപ്പിലിരിക്കാം എന്ന് പറഞ്ഞത് രവി തന്നെയാണ്.
മഹാന്മാര്‍ ജനിച്ചു മരിക്കുന്നത് നല്ലതാണ്, ഒരു പാര്ക്കെങ്കിലും കിട്ടും. ഒന്നിരിക്കാന്‍..
പാര്‍ക്കിലെ
സിമന്റുബെഞ്ചില്‍ രവി ഇരുന്നു. അവന്റെ അടുത്ത്, ആകാശം നോക്കി മലര്‍ന്നു
കിടന്നപ്പോള്‍, വല്ലാത്ത ഒരു സുഖം!.
മുകളില്‍, മരച്ചില്ലകളിലൂടെ വെയില്‍ അരിച്ചു
വീഴുന്നു. അവയ്‌ക്കു മുകളിലൂടെ പ്രാണികള്‍ മൂളിക്കൊണ്ടു തിരക്കിട്ടു പോകുന്നു.
മുന്നില്‍, വെളുവെളുത്ത തൊലിയുമായി ഒരു കൂറ്റന്‍ യൂക്കാലിപ്‌റ്റസ്.....
ഇവിടെ
മുമ്പും വന്നിട്ടുളളതാണ്; മുമ്പ് പലപ്പോഴും.
പക്ഷെ., ഗന്ധങ്ങള്‍ നിറഞ്ഞ
അന്തരീക്ഷം ശ്രദ്ധിച്ചില്ലായിരുന്നോ..?.
പലതരം പൂക്കളുടെ ഗന്ധം...പച്ചിലകളുടെയും
യൂക്കാലിയുടെയും ഗന്ധം...ഈറന്‍ മണ്ണിന്റെ ഗന്ധം...രവി കൊറിക്കുന്ന കടലയുടെ
ഗന്ധം...
ഹാ..! ഗന്ധങ്ങളുടെ ഒരു ലോകം!.
അയാള്‍ കണ്ണടച്ചു കിടന്നു.
ഓര്‍മ്മകളുണ്ടാക്കുന്നത് ഗന്ധങ്ങളാണ്, അയാള്‍ ഓര്‍ത്തു. പണ്ടും
അതേ..!.
നെയ്‌പായത്തിന്റെ ഗന്ധമായിരുന്നു, അയല്‍പ്പക്കത്തെ സുന്ദരിയായ
വാരസ്യാര്‍ക്ക്. ഇപ്പോഴും അമ്പലത്തില്‍ നിന്നു നെയ്‌പായസം കൊണ്ടുവന്നാല്‍, അവളുടെ
ചുവന്ന ചുണ്ടുകള്‍ ഓര്‍മ്മവരും!.
രാധികയോടോപ്പമായിരുന്നു, സ്കൂളിലേക്ക് യാത്ര. മുടി ഇരുവശത്തേക്കും മെടഞ്ഞിട്ടു പിന്നിയിരുന്ന..
തുളസിയിട്ടുകാച്ചിയ എണ്ണയുടേയും രാധാസിന്റേയും
മണമാണവള്‍ക്ക്..!
അയാള്‍ ഓര്‍ത്തു...
അമ്മക്കുമുണ്ട് ഗന്ധം.
വിറകടുപ്പ് ഊതിയൂതി, അമ്മയ്‌ക്കെന്നും പുകയുടെ
ഗന്ധമായിരുന്നു.
പാവം..!
മൂക്കുപ്പൊടിയുടെ ഗന്ധം കേട്ടാല്‍, അച്ഛനാണ്
മുമ്പില്‍....!
പിച്ചളക്കെട്ടുകളുളള മരക്കസാരയില്‍ ചാരിയിരുന്ന് പത്രം
വായിക്കുന്ന...
ഓര്‍മ്മകള്‍ക്ക് ഗന്ധങ്ങളുമായി നേരിട്ടാണ് ബന്ധം.
അല്ലെങ്കില്‍ ഗന്ധങ്ങളാണ് ഓര്‍മ്മകള്‍..
അയാള്‍ അസ്വസ്ഥനായി.
രവി കവിയാണ്. പക്ഷെ, സാരോപദേശം പതിവില്ല.
അതൊരാശ്വാസമാണ്..!
`രവീ...എനിക്കു മടുത്തെടാ..എല്ലാം
വലിച്ചെറിഞ്ഞു പോകണമെനിക്ക്...'.
അയാള്‍ പിറുപിറുത്തു.
`നീ മാറണം..' -രവി പതുക്കെ പറഞ്ഞു. അയാളുടെ കൈകളില്‍
തൊട്ടുകൊണ്ട് വീണ്ടും പറഞ്ഞു: `നീ എഴുതാന്‍ തുടങ്ങണം..'
`അതേ...എനിക്ക്
എഴുതണം..രവീ. വീണ്ടും എഴുതിത്തുടങ്ങണം'.
ഇരുണ്ടു തുടങ്ങിയ ഇലച്ചാര്‍ത്തുകള്‍ക്കടിയിലൂടെ നടക്കുമ്പോള്‍,
ആത്മാര്‍ത്ഥമായും അവന്‍ പറഞ്ഞു:
`നഷ്ടപ്പെട്ടതൊക്കെ നമുക്ക് വീണ്ടെടുക്കാം,
തീര്‍ച്ചയായും വീണ്ടെടുക്കാം'.
അപ്പോള്‍, കലപിലകൂട്ടി ഒരു പെണ്‍കൂട്ടം മറികടന്നു
പോയി.
ജീന്‍സും ടീഷര്‍ട്ടുകളുമിട്ട് കാറ്റില്‍
മുടിയൊലുമ്പിക്കൊണ്ട്...
അയാള്‍ ഒന്നു നിന്നു; പിന്നെ, പെട്ടെന്ന്
തലയുയര്‍ത്തി കാറ്റുപിടിച്ചു...
അവിടെയെങ്ങും കൊളോണിന്റെ മദിപ്പിക്കുന്ന ഗന്ധം
പരന്നിരിക്കുന്നു.
ചുളിവുകള്‍ നിവരാത്ത, റോസ്‌പൂക്കള്‍ നിറഞ്ഞ ഒരു കിടക്കവിരി
അപ്പോള്‍, അയാളുടെ മുന്നില്‍ തെളിഞ്ഞുവന്നു.
തളര്‍ച്ചയോടെ, രവിയുടെ തോളില്‍
ചാരി, കിതച്ചുകൊണ്ട് അയാള്‍ പറഞ്ഞു:
`രവീ, എനിക്ക്
എഴുതണം....എനിക്കെഴുതണം'.