ചുവരില്‍ ചാഞ്ഞുവീണ അസ്‌തമയ
കിരണങ്ങളിലേക്കു അയാള്‍ കൈയുയര്‍ത്തി, വിരലുകള്‍ ചേര്‍ത്തും നിവര്‍ത്തിയും നിഴല്‍
രൂപങ്ങള്‍ തീര്‍ത്തു.
ആന...പിന്നെ, മാന്‍ കിടാവ്.. പറക്കുന്ന
പക്ഷി...!
ജന്തുജീവികളെ ഇച്ഛാനുസരണം സൃഷ്ടിക്കുകയും ഇല്ലാതാക്കുകയും ചെയ്യുന്ന
ദൈവമാണ് താനെന്ന് അയാള്‍ക്കു അപ്പോള്‍ തോന്നി.
അയാള്‍
ഊറിച്ചിരിച്ചു.
സെല്ലിന്റെ കനത്ത താഴ് നീങ്ങുന്ന ശബ്ദം കേട്ടപ്പോഴാണ്
അയാള്‍ക്ക് പരിസരബോധം വന്നത്.
സൂപ്രണ്ടാണ്. ഇന്നു മൂന്നാമത്തെ തവണയാണ്
വരുന്നത്.
അത്താഴത്തിന് എന്തെങ്കിലും ആഹാരം..ഇഷ്ടപ്പെട്ടത്...
കട്ടിലില്‍
അയാള്‍ക്കു സമീപം ഇരുന്നുകൊണ്ട് സൂപ്രണ്ട് ചോദിച്ചു.
`ഒന്നുമില്ല' അയാള്‍
പുഞ്ചിരിച്ചുകൊണ്ടു പറഞ്ഞു.
`നാളെ...'
`ഞാന്‍ റെഡിയാണ്,
സര്‍'.
സൂപ്രണ്ടിന്റെ വിളറിവെളുത്ത മുഖത്തുനോക്കാതെ അയാള്‍ പറഞ്ഞു.
പാവത്താന്‍....!
`മറ്റെന്തെങ്കിലും
ആവശ്യങ്ങള്‍..?'
`ഒന്നുമില്ല...ഒന്നുമില്ല' അയാള്‍ നേര്‍ത്തു ചിരിച്ചു.
എന്താവശ്യം..?. ജീവിതത്തില്‍, മനുഷ്യന് എന്തെങ്കിലും ശരിക്ക് ആവശ്യമുള്ളതായി ഇന്നുവരെ തോന്നിയിട്ടില്ല.
സ്വപ്‌നങ്ങള്‍ കാണാതെ അയാള്‍ ഉറങ്ങി.
പിന്നെ ഉണര്‍ന്നു...
ശവക്കച്ചയുടെ ഗന്ധമുള്ള കറുത്ത തുണി മുഖത്തു വീണപ്പോള്‍ അയാള്‍ ശ്രദ്ധിച്ചു; കാക്കകള്‍
ഉണര്‍ന്നിട്ടില്ല..!.
മുഖംമറയ്‌ക്കുളളില്‍ അയാളുടെ ചൂടുള്ള നിശ്വാസം
നിറഞ്ഞു.
എന്തെല്ലാം ചടങ്ങുകളാണ്!.
ദേഹപരിശോധന...തൂക്കം
നോക്കല്‍...കുറ്റപത്രവായന...
ഇരുവശത്തും നിന്ന പൊലീസുകാര്‍ അയാളെ
തട്ടിന്മേലേയ്‌ക്കു കയറ്റി നിര്‍ത്തി. പിന്നെ കുരുക്ക് കഴുത്തില്‍ പാകപ്പെടുത്തി.
പിന്നില്‍ കെട്ടിയ കൈകള്‍ ഒന്നു കൂടി പരിശോധിച്ച ശേഷം പിന്‍മാറി.
ഇനി....
സൂപ്രണ്ടിന്റെ നിര്‍ദ്ദേശം...
ലിവര്‍ വലിക്കുന്ന ശബ്ദം, അയാള്‍
അതു വ്യക്തമായി കേട്ടു.
നില്‍ക്കുന്ന പലക ഒന്നിളകി, നിന്നു.
എന്തുപറ്റി?-
സൂപ്രണ്ടിന്റെ പരിഭ്രമിച്ച സ്വരം.
`ഇന്നലെ എല്ലാം ശരിയായിരുന്നു
സര്‍`-പരിഭ്രാന്തി നിറഞ്ഞ മറുപടികള്‍..
പിന്നെ, എന്തൊക്കെയോ അഴിച്ചുമാറ്റുന്ന ശബ്ദം. അയാള്‍ കണ്ണടച്ചു നിന്നു. വിയര്‍ത്തൊലിക്കുന്നു...ശരീരത്തിലാകെ
ഉഷ്‌ണക്കാറ്റ്..
ആരോ വീണ്ടും പ്ലാറ്റ് ഫോമില്‍ കയറി പരിശോധിച്ചു. കുരുക്ക്
ഇടതുചെവിയുടെ പിറകില്‍ തന്നെയെന്ന് ഉറപ്പാക്കി. അവിടെയാണല്ലോ
സ്ഥാനം...
പതിമൂന്ന് നിര്‍ഭാഗ്യ സംഖ്യയായതിനാല്‍, പതിമൂന്ന്
ചുറ്റിക്കെട്ടുകളാണ് കുരുക്കിന്. എല്ലാറ്റിനും ശാസ്ത്രമുണ്ട് - അയാള്‍ ഓര്‍ത്തു...
പെട്ടെന്ന്, വല്ലാത്ത
ഒരു ലാഘവം തോന്നി. പിന്നെ, താഴേയ്‌ക്ക്...താഴേയ്‌ക്ക്...വളരെ ആഴത്തിലേയ്‌ക്ക്
ഒരു അപ്പൂപ്പന്‍താടി പോലെ അയാള്‍ പാറി...
ഞെരിഞ്ഞുതകരുന്ന വേദനയാണ്. മേലാസകലം
നീറ്റുന്ന വേദനയാണ്. കഴുത്ത് ആരോ പിടിച്ചൊടിച്ചതുപോലെ.
അയാള്‍ ഞരങ്ങി, പതുക്കെ
കണ്ണുതുറന്നു.
പ്ലാസ്‌റ്ററിട്ട കൈകളിലേക്കും തൂക്കിയിട്ടിരിക്കുന്ന,
പ്ലാസ്‌റ്ററില്‍ പൊതിഞ്ഞ കാലിലേയ്‌ക്കും അയാള്‍ പാതിമറഞ്ഞ ബോധത്തില്‍ നോക്കി.
അപ്പോള്‍, കട്ടിലിനരികില്‍ അയാളെ ഉറ്റുനോക്കിക്കൊണ്ടിരുന്ന സൂപ്രണ്ട് ,
അയാളുടെ ചെവിയില്‍ പറഞ്ഞു: `തൂക്കുകയറും പൊട്ടി...വല്ലാത്ത ഒരു..'
അയാളുടെ ശബ്ദത്തില്‍ വല്ലാത്തൊരു അവിശ്വസനീയത ഉണ്ടായിരുന്നു.
ഒന്‍പതു പിരിയുള്ള കയര്‍ പൊട്ടിവീഴുക....!
അപ്പോള്‍,വേദനിക്കുന്ന
കഴുത്ത് പതുക്കെ ജനലിനു നേരെ തിരിച്ച്, അയാള്‍ ചിരിച്ചു.
`ദൈവത്തിന്റെ ഓരോ
വികൃതികള്‍.....'

ഗസ്‌റ്റ് ഹൗസിലെ സൗകര്യം കുറഞ്ഞ
കൊച്ചുമുറിയില്‍ ഈര്‍പ്പത്തിന്റേയും പൂതലിച്ച മരങ്ങളുടെയും ഗന്ധം വിങ്ങി നിന്നു.
അടുത്തകാലത്തൊന്നും ആരും താമസിച്ചിട്ടില്ലെന്നു വ്യക്തം.
അയാള്‍ ജനല്‍
തുറന്നിട്ടു. ജനലിനു താഴേയ്‌ക്കു താഴ്‌വരയാണ്. മരങ്ങളുടെ ഇരുണ്ട പച്ചപ്പ്.
ഇലകളില്‍ മഴത്തുള്ളികള്‍ ഇറ്റിറ്റു വീഴുന്നതിന്റെ
മര്‍മ്മരം.
മുറിക്കുള്ളിലേയ്‌ക്കു തള്ളിക്കയറി വന്ന തണുത്ത കാറ്റിന്റെ
ഉന്മേഷത്തില്‍, അയാള്‍ ഇരുന്നു.
നാളെയാണ് അവനെ
കാണേണ്ടത്..
അന്വേഷണങ്ങളെല്ലാം പൂര്‍ത്തിയാക്കി, എല്ലാപഴുതുകളും
അടച്ചുകൊണ്ടുള്ള വരവാണ്. ഓര്‍ത്തപ്പോള്‍, അയാള്‍ക്ക് ആവേശം തോന്നി.
എല്ലാം
പൂര്‍ണമാണിപ്പോള്‍. വര്‍ഷങ്ങള്‍ക്കു ശേഷം ചരിത്രം മുഴുവനായും
കറങ്ങിത്തിരിഞ്ഞെത്തിയിരിക്കുന്നു!.
പത്തോ പന്ത്രണ്ടോ വയസ്സേയുള്ളൂ, അന്ന്.
ഡാമിന്റെ കരാര്‍ അച്ഛന്‍ ഏറ്റെടുക്കുമ്പോള്‍, ഈ ഗസ്‌റ്റ് ഹൗസില്ല. കാടിന്റെ
വന്യതയില്‍, ഡാം സൈറ്റിനോടു ചേര്‍ന്ന കൊച്ചു ക്വാര്‍ട്ടേഴ്‌സ്.
തൊഴിലാളികള്‍
പ്രശ്‌നത്തിലാണെന്ന് അമ്മയോടു പറയുന്നതു കേട്ടു, അച്ഛന്‍ ഒരുദിവസം.
വെളുപ്പിനേ
സൈറ്റിലേയ്‌്‌ക്കു പോയാല്‍ രാത്രി വൈകിയാണ് അച്ഛന്‍ തിരിച്ചെത്തുക.
പാതിയുറക്കത്തിനിടയിലാണ് അന്ന് അച്ഛന്‍ പറയുന്നതു കേട്ടതെന്ന് അയാള്‍
ഓര്‍മ്മിച്ചു. മങ്ങിക്കത്തുന്ന മഞ്ഞവെളിച്ചത്തില്‍ ചോറുവിളമ്പുന്ന അമ്മയുടെ മുഖം
മഞ്ഞനിറമാകുന്നതും അടഞ്ഞ കണ്‍പോളകളിലൂടെ കണ്ട ഓര്‍മ്മ..
അയാള്‍ ബാഗില്‍ നിന്നു
കുപ്പി വലിച്ചെടുത്ത്‌്, ഗ്ലാസിലേയ്‌ക്കു പകര്‍ന്നു. ആളുകള്‍ അധികം വരാത്ത
സ്ഥലമായതുകാരണം ഭക്ഷണം പറഞ്ഞേല്‍പ്പിക്കണം. താമസമെടുക്കും.
താഴ്‌വരയില്‍
മരത്തലപ്പുകള്‍ക്കപ്പുറം പുഴയുടെ വളവുകാണാം. വെളുത്ത ഒരു പൊട്ടുപോലെ. അവിടെയാണ്
അച്ഛന്റെ ശവം കിടന്നത്. പാതിവെള്ളത്തിലും പാതി പാറപ്പുറത്തുമായി...
അവനാണ് അതു
ചെയ്‌തത്. പുറമേനിന്നു തൊഴിലാളികളെ കൊണ്ടുവന്നതിന്. അമ്മ പറയും, ഇപ്പോഴും
പറയും...
അവന്‍, മുരളി!.
അവന്‍ ഇപ്പോഴും ഇവിടെയുണ്ട്. തോട്ടം പണിക്കാരനായി.
അറുപതുവയസ്സെങ്കിലും ആയിക്കാണണം, അയാള്‍ കണക്കുകൂട്ടി...
അതെ, അറുപതു
ആയിക്കാണും. അയാള്‍ ചിരിച്ചു.
ആകാശത്തിനു ചാരനിറമായിരിക്കുന്നു.
മരക്കൂട്ടങ്ങളിലേയ്‌ക്കു കോട ഇഴഞ്ഞെത്തുകയാണ്. ഒറ്റവീര്‍പ്പിനു അയാള്‍ ഗ്ലാസ്
കാലിയാക്കി...
ഭക്ഷണമെത്തിയിരിക്കുന്നു. ചോറുവിളമ്പുമ്പോള്‍, കുശിനിക്കാരന്റെ
നിര്‍വികാരഭാവം നോക്കിയിരുന്നു. പ്രായം ഒരുപാടു കൈപ്പാടുകള്‍ വീഴ്‌ത്തിയ മുഖം.
കളിമണ്ണുകൊണ്ടുണ്ടാക്കിയതു പോലെ, നിഴലും വെളിച്ചവും നിറഞ്ഞ്....
`മുരളി...പഴയ
നമ്മടെ മാഷ്...' അയാള്‍ ചോദിച്ചു.
`മുരളി മാഷെ കാണാനാണെങ്കില്‍, രാവിലെ
തോട്ടപ്പണിക്കാരുടെ ജീപ്പ് ഇവിടെ വരും സാര്‍.....' അയാള്‍ പറഞ്ഞു.
` ഇപ്പോള്‍...?'
`നന്നെ മോശം. മറ്റേതാണ്, ചങ്കില്‍.'-കുശിനിക്കാരന്‍ ശബ്ദം
താഴ്‌ത്തി.
പിന്നെ, മുറിയില്‍ മൗനം നിറഞ്ഞു.
അയാള്‍ ഊണു നിര്‍ത്തി.
`ഭാര്യ നേരത്തേ പോയല്ലോ? മക്കളുമില്ല,
സാര്‍. പണിക്കാര്‍ വരിയിട്ടെടുക്കുന്ന ചെറിയ സഹായം, മരുന്നിനുപോലും
തികയില്ല'
വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടു കിട്ടിയ മനുഷ്യജീവിയോടെന്നപോലെ അയാള്‍
ആര്‍ത്തിയോടെ സംസാരംതുടരുകയാണ്...
`വെള്ളം ഇറങ്ങണില്ലാത്രെ ഇപ്പോ...'
അയാള്‍
ഒന്നു മൂളി; പിന്നെ, പതുക്കെ എഴുന്നേറ്റു.
കൈകഴുമ്പോള്‍, കറുത്ത പൊട്ടുകള്‍ വീണ
കണ്ണാടിയില്‍ നോക്കി അയാള്‍ ചിരിച്ചു. നുരഞ്ഞു പൊന്തുന്ന പകയ്‌ക്കു മുകളിലൂടെ ആ
ചിരി പടര്‍ന്നു...
`ഇനി ഒരു ദയാവധം...അത് നിനക്കു ഞാന്‍ തരുന്നില്ല'-
അരോടെന്നില്ലാതെ അയാള്‍ പിറുപിറുത്തു.
`എന്താണു സര്‍?. ജീപ്പ്....'
അയാള്‍
ചിരിച്ചുകൊണ്ടു പറഞ്ഞു: 'വേണ്ട...വേണ്ടിവരില്ല..'.
ടിബറ്റിന്റെ ആത്മീയ നേതാവ്
ദലൈലാമയുടെ പ്രഭാഷണങ്ങളുടെ ഇംഗ്‌ളീഷ് പരിഭാഷ അയാള്‍ മടക്കി മേശമേല്‍ വച്ചു.
പുസ്‌തക രൂപത്തില്‍, ഇംഗ്ലീഷിലേയ്‌ക്ക് തര്‍ജ്ജമ ചെയ്‌തിരിക്കുന്നത് ഗെഷെ
തുപ്‌തെന്‍ജിന്‍പയാണ്.
ഇന്ന് ദലൈലായയ്‌ക്കു വീടില്ല. സ്വന്തം നാടുപോലും
അദ്ദേഹത്തിനു നഷ്ടപ്പെട്ടിരിക്കുന്നു.
ദലൈലാമയോട് സഹാനുഭൂതി തോന്നി അപ്പോള്‍
അയാള്‍ക്ക്. അരണ്ടവെളിച്ചത്തില്‍, ജപമാലയുമായി മന്ദസ്‌മിതത്തോടെ ഇരിക്കുന്ന
ദലൈലാമയുടെ ചിത്രമാണ് പുസ്‌തകത്തിന്റെ പുറം ചട്ടയില്‍. ഉള്ളടക്കത്തിലെ ശാന്തിയും
സമാധാനവും പുറത്തേയ്‌ക്കു കവിഞ്ഞൊഴുകിയതാണെന്ന് തോന്നും ചിത്രം കണ്ടാല്‍. ഇത്തരം
പുസ്‌തകങ്ങള്‍ അപൂര്‍വ്വമായേ കൈയില്‍ കിട്ടൂ. അവ പരത്തുന്ന പ്രകാശം പക്ഷെ, ഏറെ കാലം
മനസ്സിന് സാന്ത്വനമാകാറുണ്ട്.
ലൈറ്റുകെടുത്തി അയാള്‍ തിരിഞ്ഞു കിടന്നു.
തെരുവുവിളക്കിന്റെ പ്രകാശം സാധരണ മുറിയിലേയ്‌ക്കു കിട്ടാറുണ്ട്. പക്ഷെ, ഇന്ന്
പുറത്ത് ഭയങ്കര ഇരുട്ടാണ്. ഒട്ടും വെളിച്ചമില്ല. ദൂരേ, നഗരത്തിലെ ഹാലജന്‍
ബള്‍ബുകളുടെ വെളിച്ചം ആകാശത്തു പ്രതിബിംബിച്ചു കിടന്നു.
അയാള്‍ക്കു ഉറക്കം
വന്നില്ല. രാവിലത്തെ സംഭവങ്ങള്‍ വ്‌ീണ്ടും മനസ്സില്‍ തികട്ടിവന്നു. തുണിമില്ലുകള്‍
നിറഞ്ഞ നഗരത്തിലെ തിരക്കുപിടിച്ച ജീവിതത്തിനിടെ വ്യക്തികള്‍ തമ്മിലുള്ള സംഘട്ടനം
ഒരു സംഭവമേയല്ല. പക്ഷെ, ഇന്നു നടന്നത് അത്തരത്തിലുള്ള ഒന്നല്ലെന്ന്
മനസ്സുപറഞ്ഞുകൊണ്ടിരിക്കുന്നു. എതിരാളികള്‍ പരസ്‌പരം വിളിച്ചു പറഞ്ഞ
വെല്ലുവിളികളില്‍ ഒരു വിഷവിത്തിന്റെ സാന്നിധ്യം അനുഭപ്പെട്ടു. ഫുട്‌പാത്തില്‍,
ഓടിക്കൂടിയ ജനസഞ്ചയത്തിന്റെ കാല്‍പ്പാടുകളില്‍ ചതഞ്ഞുകിടന്ന ജമന്തിമാലകളുടേയും
മല്ലികപ്പൂക്കളുടേയും തുളച്ചുകയറുന്ന ഗന്ധം അന്തരീക്ഷത്തില്‍ വിങ്ങിനിന്നിരുന്നു.
പരുക്കേറ്റ ആരില്‍ നിന്നോ വാര്‍ന്നു വീണ ചോരത്തുള്ളികള്‍ പൂവിതളുകളില്‍
വീണുകിടന്നു.
സൈ്വരം കെടുത്തുന്ന കാഴ്‌ചകള്‍, വീണ്ടും മനസ്സില്‍
ഉണര്‍ന്നെണീക്കുകയാണ്. അയാള്‍ കണ്ണടച്ചു കിടന്നു.
ഉറക്കത്തില്‍, അയാള്‍
തിളങ്ങുന്ന മഞ്ഞുമലകള്‍ സ്വപ്‌നം കണ്ടു. അയാള്‍ ടിബറ്റിലായിരുന്നു.
മനുഷ്യവംശത്തേക്കാള്‍ പ്രായം ചെന്ന മഞ്ഞുമൂടിയ ഗിരിശൃഗങ്ങള്‍. അവയില്‍ ശാന്തിപരത്തി
ഒഴുകുന്ന മഞ്ഞുരുകിയ നീര്‍ച്ചോലകള്‍. ആര്‍ഷഭൂമിയുടെ ആത്മവിദ്യാലയം...
ശാന്തിയുടെ
പ്രഭവസ്ഥാനങ്ങള്‍ പോലെ, അനന്തമായ ആകാശനീലമയിലേയ്‌ക്കു തലയുയര്‍ത്തി നില്‍ക്കുന്ന
ധവളശൃംഗങ്ങളെ നോക്കി നില്‍ക്കേ, അകാരണമായി ഭയം മനസ്സില്‍ ചിറകുവിരിക്കുന്നതു അയാള്‍
അറിഞ്ഞു. മഞ്ഞുകണങ്ങള്‍ പാറിനടക്കുന്ന ഗിരിശൃഗങ്ങള്‍ക്കു മുകളില്‍ നിഴല്‍ വിരിച്ച്
ഒരു കറുത്ത മേഘപടലം ഒഴുകി പരന്നത് പെട്ടെന്നായിരുന്നു. ഭയത്തോടെ അയാള്‍ അതിനെ
നോക്കി. അതു മേഘപടലമായിരുന്നില്ല. ഇരമ്പിവരുന്ന പോര്‍വിമാനങ്ങളായിരുന്നു. ഭീതി
നിറഞ്ഞ കണ്ണുകളോടെ അയാള്‍ അവിശ്വസനീയമായ ആ കാഴ്‌ച നോക്കി നിന്നു. അവയുടെ
ഉരുക്കുപള്ളകളില്‍ സൂര്യവെളിച്ചം പ്രതിഫലിച്ചു. താഴ്‌വര പ്രദേശത്തെ
മരക്കൂട്ടങ്ങള്‍ക്കിടയില്‍ നിന്നു യന്ത്രത്തോക്കുകളുടെ ഇരമ്പം അലച്ചെത്തിയപ്പോള്‍,
അയാള്‍ തിരിഞ്ഞോടി....
അയാള്‍ ഓടുകയായിരുന്നു. മഞ്ഞില്‍ ചെത്തിപ്പൂക്കള്‍ വിതറി
വെടിയുണ്ടകള്‍ ചീറിപ്പായുമ്പോഴും അയാള്‍ ഓടിക്കൊണ്ടിരുന്നു. ഒടുവില്‍, ശ്വാസം
കിട്ടാതെ തളര്‍ന്നു വീണ അയാള്‍ക്കു ചുറ്റും പരന്നമൂക്കും ചുവന്നമുഖവുമുള്ള ചൈനീസ്
പട്ടാളം വട്ടമിട്ടുനിന്നു. വെടിമരുന്നിന്റെ ഗന്ധമുള്ള തണുത്ത തോക്കിന്‍ കുഴലുകള്‍
മുഖത്തുമുട്ടിയപ്പോള്‍ ഞെട്ടി, അയാള്‍ കണ്ണു തുറന്നു.
മുറിയില്‍ കനത്ത ഇരുട്ട്
തളം കെട്ടികിടക്കുന്നു..
താന്‍ കണ്ടത് ഒരു സ്വപ്‌നമാണെന്ന് അയാള്‍ക്കു വിശ്വസിക്കാനേ കഴിഞ്ഞില്ല. വിയര്‍പ്പില്‍ കുതിര്‍ന്ന അയാളുടെ ശരീരം
വിറച്ചുകൊണ്ടിരുന്നു. അതൊരു സ്വപ്‌നത്തേക്കാള്‍ യാഥാര്‍ത്ഥ്യമായിരുന്നു.
സ്‌ഫോടനങ്ങളുടെ നടുക്കുന്ന ശബ്ദവും ആര്‍ത്തനാദങ്ങളും വ്യക്തമായി
കേട്ടതാണ്...
അയാള്‍ വീണ്ടും ചെവിയോര്‍ത്തു. ഉവ്വ്, അതിപ്പോഴും
കേള്‍ക്കുന്നുണ്ട്. വിമ്മിഷ്ടത്തോടെ കട്ടിലില്‍ എഴുന്നേറ്റിരുന്ന അയാള്‍, ദൂരേ
നഗരത്തിനുമീതെ കറുത്ത പുക കട്ടപിടിച്ചിരിക്കുന്നതു കണ്ടു. നഗരത്തെ മൂടിയ ഇരുളിനെ
കീറി ആകാശത്തേയ്‌ക്ക് തീജ്വാലകളുയരുന്നു. തീനാളങ്ങള്‍ക്കും മുകളില്‍ നഗരത്തിന്റെ
ഹൃദയഭേദകമായ നിലവിളികള്‍ ഉയര്‍ന്നു കേട്ടു.
ആര്‍ത്തനാദങ്ങളും അട്ടഹാസങ്ങളും
ഇരുളിനെ പിളര്‍ന്ന് അലച്ചെത്തിയപ്പോള്‍, അയാള്‍ പരിഭ്രാന്തിയോടെ എഴുന്നേറ്റു.
ഇരുട്ടിന്റെ കനത്ത കമ്പളത്തിനടിയിയാണ് എല്ലാം തന്നെ. ഒന്നും കാണാന്‍ വയ്യ. അയാള്‍
പരിഭ്രത്തോടെ തെരുവിലേയ്‌ക്കു നോക്കി. ഒന്നും വ്യക്തമല്ല. പക്ഷെ, അയാളുടെ മനസ്സു
പിറുപിറുത്തുകൊണ്ടിരുന്നു, അവന്‍ വരുന്നു..
ഇല്ല, മരിക്കാന്‍ വയ്യ. അയാള്‍
മനസ്സില്‍ ഉറപ്പിച്ചു. എന്നാലും അവന്‍ എത്തുകയാണല്ലോ,
അടുത്തേയ്‌ക്കടുത്തേക്ക്....
വെറുംകൗതുകത്തിന്റെ പേരില്‍ വാങ്ങിച്ച ഭംഗിയേറിയ
മരപ്പിടിയുള്ള കത്തിയെ കുറിച്ച് അപ്പോള്‍ അയാള്‍ വെറുതേ ആലോചിച്ചു പോയി.
മേശക്കടിയില്‍ നിന്നും അതു തപ്പിയെടുത്ത്, മനോഹരമായ വെല്‍വെറ്റ് കവര്‍
വലിച്ചൂരിയപ്പോള്‍, ഇരുട്ടിലും വായ്‌ത്തല തിളങ്ങി.
അയാള്‍ വീണ്ടും
ചെവിയോര്‍ത്തു...
തെരുവിലൂടെ കാലടികള്‍ പാഞ്ഞടുക്കുന്നുണ്ടോ?. അവന്‍, മരണം,
എത്തുകയാണോ?. വാതിലുകള്‍ തകര്‍ത്ത്...
അയാള്‍ക്ക് വല്ലാതെ തളര്‍ച്ചതോന്നി.
വ്യാളീമുഖം കൊത്തിയ മരപ്പിടിയുള്ള കത്തിയില്‍ പിടിമുറുക്കി അയാള്‍ ഇരുളില്‍
ധ്യാനിച്ചിരുന്നു- അവന്റെ വരവും പ്രതീക്ഷിച്ച്....
(1998 സെപ്‌തംബര്‍ 27
എക്‌സ്‌പ്രസ്സ് വാരാന്ത്യപതിപ്പ്)
ഓണത്തിന്റെ
കെട്ടുവിടാതെ, കിടക്കയില്‍ അയാള്‍ പഴന്തുണി പോലെ കിടന്നു. ആവശ്യത്തിലും അധികം
വലിച്ചു കയറ്റിയതിന്റെ..
എന്നു തുടങ്ങീ...??
ഭാര്യയുടെ
പ്രഭാതവന്ദനം.
കഴിക്കേണ്ടിയിരുന്നില്ലെന്ന് അയാള്‍ക്കും തോന്നി. ആകെ ഒരു
വിഢിവേഷം പോലെ.
`ആ..അല്‍പ്പം. ഓഫീസിലെ ഓണാഘോഷം'.
`തിരുവോണമായിട്ട് ഒന്ന്
കുളിച്ചുകൂടെ?'
അയാള്‍ കട്ടിലില്‍ കൊടുംകൈയും കുത്തി,
തലതൂക്കിയിട്ടിരുന്നു.
ലോകം തിരുവോണത്തിലേക്ക് ഉണര്‍ന്നിട്ട് നാലുനാലര
മണിക്കൂറായിട്ടുണ്ട്. പുലര്‍ച്ചെ കുട്ടികളുടെ ആര്‍പ്പുവിളി കേട്ടത്, അയാളുടെ
മങ്ങിയ ഓര്‍മ്മയില്‍ തെളിഞ്ഞു വന്നു.
ദാസപ്പനായിരുന്നു ആദ്യം വീണത്. അവന്റെ
ഭാഷയില്‍, ചുവന്നതാടിയുടെ അലര്‍ച്ച കഴിഞ്ഞാല്‍, പിന്നെ ഉറക്കം. സുരഭില സുന്ദര....
ലോഡ്‌ജ് മുറിയിലെ വെളുത്തവിരിയിട്ട ബെഡില്‍ ദാസപ്പന്‍ മലര്‍ന്നു
കിടന്നു.
കോട്ടയത്തു തമ്പുരാന്റെ `കിര്‍മീരവധ'മായിരുന്നു മനസ്സില്‍. പാഞ്ചാലിയെ
മോഹിപ്പിച്ചു സഹോദരനു കാഴ്‌ചവയ്‌ക്കാന്‍ കൊണ്ടുപോയ സിംഹിക. പാഞ്ചാലിയുടെ
രക്ഷക്കെത്തിയ സഹദേവന്‍, സിംഹികയുടെ മൂക്കും മുലയുമെല്ലാം മുറിച്ചോടിക്കുന്നു.
ക്ഷോഭിച്ചെത്തുന്ന കിര്‍മീരന്റെ കഥ, ഭീമനും തീര്‍ക്കുന്നു. പച്ച, കത്തി,
ചുവന്നതാടി, കരി വേഷങ്ങള്‍ അവന്റെ ഉറക്കത്തില്‍ നിറഞ്ഞാടുകയാവും.
പാവം
മനുഷ്യന്‍. കഥകളി, മേളം ഒക്കെ പ്രിയം. അസാധ്യമായി കഥകളിപ്പദം പാടും. ലഹരിയുടെ
തിരമാലകളില്‍ ഉലഞ്ഞാടി, പിന്നെ ചുവന്നതാടിയാവും. അലര്‍ച്ചകളില്‍ അവസാനിക്കും ആ
വേഷം.
സാധു...അയാള്‍ ദാസപ്പനെ കനിവോടെ ഓര്‍ത്തു.ഒരിക്കല്‍ പറഞ്ഞു, അച്ഛനുമമ്മയേയും
കണ്ടിട്ടില്ല. ഉണ്ടോ എന്നു പോലും അറിയില്ലെന്നാണ് ഒരു നല്ലനേരത്തു പറഞ്ഞത്.
കിട്ടുന്ന കാശിനു കുടിച്ചും തിമിര്‍ത്തും നടന്നു. ശരിക്കും ഒരു കിരാതവേഷം എന്ന്
ലോകം പറഞ്ഞു. പക്ഷെ, അയാളിലെ കരയുന്ന മനസ്സു കണ്ടിട്ടുണ്ട്; അതു ശരിക്കും
കരയുന്നതാണെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്.
അപ്പോള്‍, തലയിണച്ചുവട്ടിലെ മൊബൈല്‍ ചിലച്ചു. രാജുവാണ്, ഡെസ്‌പാച്ചിലെ...
രാവിലെ തന്നെ..അയാള്‍ ശപിച്ചു.
പക്ഷെ,അവന്റെ ശബ്ദം
വിറച്ചിരുന്നു.
`സര്‍..നമ്മുടെ ദാസപ്പന്‍..ആ ലോഡ്‌ജ് ഉടമ..'
അയാള്‍
ഞെട്ടി. ദാസപ്പന്‍..
വിളിച്ചവര്‍ക്കൊന്നും വ്യക്തമല്ല. ലോഡ്‌ജ് ഉടമയെ
കൊന്നിട്ടുണ്ട്. തല്ലിയുടച്ച ബിയര്‍കുപ്പികൊണ്ടു കുത്തി..വീണ്ടും കുത്തി...വീണ്ടും
വീണ്ടും കുത്തി..
അയാള്‍ക്കു തലകറങ്ങി.
അപ്പോള്‍, വീണ്ടും രാജു വിളിച്ചു. ലോഡ്‌ജിലെ മറ്റൊരു മുറിയില്‍ നിന്നു മൂന്നു പേരെ കൂടി പൊലീസ്
അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. ഒരു കൊച്ചു നാടോടിപെണ്‍കുട്ടിയെ...
അയാളുടെ മനസ്സിലേയ്‌ക്ക്, അപ്പോള്‍ ഒരു ചുവന്നതാടി
ഉറക്കെ അലറിവിളിച്ചു ഇളകിയാടി വന്നു. അതിനു ദാസപ്പന്റെ
മുഖഛായയുണ്ടായിരുന്നു.

ഇന്നലെ ഫേക്ക് ബുക്കില്‍
അവളുടെ ഒരു പുതിയ ഫോട്ടോ ഇട്ടിരുന്നു, സരോജനി. പതിവിനു വിപരീതമായി മോസ്‌റ്റ്
മോഡേണ്‍ ഡ്രസ്സില്‍...
അതിനു ഒരു ലൈക്ക് ഇടാന്‍ സമയം കിട്ടിയില്ല; പെട്ടെന്ന്
ഓഫീസില്‍ നിന്നിറങ്ങേണ്ടി വന്നു.
അവള്‍ എന്തു വിചാരിച്ചിരിക്കുമോ
എന്തോ?.
രാവിലെ, ആറുമണിക്കു തന്നെ കമ്പ്യൂട്ടര്‍ തുറക്കുമ്പോള്‍, അതായിരുന്നു
അയാളുടെ മനസ്സില്‍.
സരോജനിയുടെ ഷെയറുകള്‍...സരോജനിയുടെ ചിത്രങ്ങള്‍...സരോജനിയുടെ
സ്‌റ്റാറ്റസുകള്‍...
അയാള്‍ അവക്കെല്ലാം മുടങ്ങാതെ ലൈക്കുകളും കമന്റുകളും
നല്‍കി. വീട്ടുമുറ്റത്ത് പുതിയൊരു ചെടി നട്ടുവളര്‍ത്തുന്ന അത്രയും ശ്രദ്ധയോടെയും
കരുതലോടെയുമാണ് അയാള്‍ അതു ചെയ്‌തുകൊണ്ടിരുന്നത്.
പക്ഷെ, ഇത്തവണ...
ഇന്നലെ
തന്റെ ലൈക് കാണാതിരുന്നപ്പോള്‍ അവള്‍ എന്തു കരുതിയോ ആവോ?.
അയാള്‍ അസ്വസ്ഥനായി.
ഫേക്ക് ബുക്ക് തുറന്നപ്പോള്‍, അയാള്‍ക്ക് സമാധാനമായി. അതാ കിടക്കുന്നു,
സരോജനി!. നീണ്ടു നിവര്‍ന്നങ്ങനെ...
ഹൊ..! ഇരുന്നൂറ്റി ഇരുപതു ലൈക്ക്; അമ്പതു
കമന്റ്‌സ്...
അയാള്‍ എണ്ണിനോക്കി. വീണ്ടും ഒന്നുകൂടി എണ്ണിനോക്കി
തൃപ്‌തിപ്പെട്ടു.
ഇരുന്നൂറ്റി...
`അതാരാ അച്ഛാ..?'
മോള്‍ ഉറക്കം
കഴിഞ്ഞെത്തിയിരിക്കുന്നു. ഉറക്കം വിടാത്ത കണ്ണുകള്‍ തിരുമ്മി അവള്‍ അയാളോടു
ചേര്‍ന്നു നിന്നു.
`അത് ഒരു സിനിമാ നടിയാ...'
ജാള്യത മറയ്‌ക്കാനായി അവളുടെ
കുഞ്ഞിത്തലയില്‍ അയാള്‍ പതുക്കെ തടവി.
`രാവിലെ തന്നെ അതിന്റെ മുമ്പില്‍
കുത്തിയിരിക്കാണ്ട്, അവള്‍ക്ക്‌് പേസ്‌റ്റ് എടുത്തു കൊടുക്ക്
മനുഷ്യാ'.
അടുക്കളയിലെ പണിത്തിരക്കിനിടയില്‍ നിന്നു ഭാര്യയാണ്.
`ഓഫീസില്‍
നിന്നു വന്നാലും ഇതു തന്നെ..' അവള്‍ തുടരുകയാണ്..
കണ്ണടയും മൂക്കിലുറപ്പിച്ച്
കമ്പ്യൂട്ടറിനു മുന്നിലിരിക്കുന്ന തനിക്ക്, കാര്‍ട്ടൂണ്‍ കഥാപാത്രം ഗൂഫിയുടെ
ഛായയാണെന്നു കണ്ടു പിടിച്ചത് മോളായിരുന്നു.
അപ്പോള്‍, ഗൂഫിയുടേതുപോലെ മുഖം
നീണ്ടുവരുന്നതും കണ്ണുകള്‍ വട്ടം വയ്‌ക്കുന്നതും ചെവികള്‍ തൂങ്ങിയാടുന്നതുമായി
അയാള്‍ക്കു തോന്നി.
ഓടിക്കിതച്ച് ഓഫീസിലെത്തുമ്പോള്‍ ഒമ്പതര കഴിഞ്ഞു. ഗോവണി
കയറുമ്പോള്‍, പ്യൂണ്‍ ബാലന്‍ ഇറങ്ങിവരുന്നു. അവന്റെ മുഖത്ത് ഒരു ഗൂഢസ്‌മിതം
ഉണ്ടോ?.
ഹെയ്, ഇല്ല. തോന്നിയതാവും...അയാള്‍ സ്വയം
സമാധാനപ്പെടുത്തി.
ഫയലുകള്‍ തുറക്കുമ്പോഴും അയാള്‍ ഓര്‍ത്തത് സരോജനിയെയാണ്.
സരോജനിയ്‌ക്ക് ഇരുന്നൂറ്റി ഇരുപത്തൊന്നാമനായാണ് ഇന്നു ലൈക്ക്
ഇട്ടത്...
അവള്‍ എന്തുവിചാരിക്കുമോ എന്തോ..?
അപ്പോഴാണ് അയാള്‍
ശ്രദ്ധിച്ചത്, ഓഫീസിലുളളവരുടെ എല്ലാം മുഖത്ത് ഒരു
അടക്കിച്ചിരിയുണ്ട്!.
`അപ്പോള്‍ സാറേ, സരോജനി പിണങ്ങിയോ?'- എക്കൗണ്ട്‌സിലെ
രാജേന്ദ്രനാണ് അതു ചോദിച്ചത്.
അയാളുടെ ഉള്ളിലൂടെ, പെട്ടെന്ന് ഒരു വിറപാഞ്ഞു
പോയി. ഈശ്വരാ.. ഇവര്‍ ഇതെങ്ങിനെ...?
ഏസിയുടെ തണുപ്പിലും വിയര്‍ത്തൊലിക്കുന്ന
അയാളെ നോക്കി, രാജേന്ദ്രന്‍ മോസ്‌റ്റ് മോഡേണ്‍ ഡ്രസ്സിട്ട സരോജനിയുടെ ഫോട്ടോ
ഉയര്‍ത്തിക്കാട്ടി.
`എന്റെ സാറേ, നിങ്ങള്‍ ഈ ലോകത്തൊന്നുമല്ലേ
ജീവിക്കുന്നേ...'
രാജേന്ദ്രന്റെ ആ കമന്റ് അയാള്‍ കേട്ടില്ല. ഉയര്‍ന്നു മുഴങ്ങിയ
പൊട്ടിച്ചിരികള്‍ക്കുള്ളില്‍ അതു മുങ്ങിപ്പോയിരുന്നു..
അയാളൊരു നുണപറഞ്ഞു. ജീവിതത്തില്‍
നുണപറയാത്തവരായി ആരും തന്നെ ഉണ്ടാവില്ല. പക്ഷെ, അയാള്‍ ഒരു നുണപറഞ്ഞപ്പോള്‍ അത് ആ
സ്‌ത്രീയെ വല്ലാതെ ക്ഷോഭിപ്പിച്ചു കളഞ്ഞു.
അത്രമാത്രം ക്ഷോഭിക്കാന്‍
അതിലെന്തുണ്ടെന്ന് എത്ര ആലോചിച്ചിട്ടും അയാള്‍ക്ക് മനസ്സിലായില്ല. അയാള്‍ അവളുടെ
ഭര്‍ത്താവോ കാമുകനോ അല്ല. അവളാകട്ടെ അയാളുടെ കാമുകിയോ ഭാര്യയോ ആയിരുന്നില്ല.
ബിസിനസ്സ് ടൂറുകളിലൊന്നില്‍, കൂടെയുറങ്ങിയ പലരില്‍ ഒരുത്തി. ആ
ഗണത്തില്‍പ്പെടുത്താമെങ്കില്‍ തന്നെ, അവള്‍ തന്റെ പെരുമാറ്റത്തില്‍ ഇത്ര വൈകാരികമായ
ഇടപെടല്‍ നടത്തേണ്ട കാര്യമേയില്ല. അവളുടെ പേരുപോലും ഓര്‍മ്മിച്ചെടുക്കാനാവുന്നില്ല.
അയാള്‍ വീര്‍പ്പുമുട്ടലോടെ, കസേരയിലേയ്‌ക്ക് കൂടുതല്‍ വലിഞ്ഞു ചുരുങ്ങിയിരുന്നു.
`` നിങ്ങള്‍ നുണപറയും അല്ലേ?'' അവള്‍ തുടരുകയാണ്...
`അന്നു
ബസ്‌സ്‌റ്റോപ്പില്‍ വച്ചു കണ്ടപ്പോള്‍ അമ്മയ്‌ക്കു സുഖമില്ലാതെ കിടപ്പിലാണെന്നു
പറഞ്ഞു`.
അയാള്‍ അസ്വസ്ഥതയോടെ ചുറ്റും നോക്കി. ഓഫീസ് ടൈം കഴിഞ്ഞ്, പലരും ഇവിടെ
കയറി കാപ്പികുടിച്ച് സൊറ പറഞ്ഞിരിക്കാറുണ്ട്.
ഈ അവസ്ഥയില്‍ തന്നെ ഇവിടെ
ആരെങ്കിലും കണ്ടാല്‍....
ഓര്‍ത്തപ്പോള്‍ അയാള്‍ വിയര്‍ത്തുപോയി.
`നിങ്ങളുടെ അമ്മ
മരിച്ചിട്ട് മൂന്നു വര്‍ഷം കഴിഞ്ഞിരുന്നു'- അവള്‍ പറഞ്ഞു.
ഒരു കഷ്‌ണം കട്‌ലെറ്റ് കുത്തിയെടുത്തുകൊണ്ട് അവള്‍ അയാളെ ഒരു പ്രത്യേകരീതിയില്‍ ചെരിഞ്ഞു
നോക്കി.
നനവുള്ള കണ്ണുകള്‍.....
നോട്ടം നേരിടാനാവാതെ അയാള്‍
ചായകോപ്പയിലേയ്‌ക്ക് കണ്ണുകള്‍ താഴ്‌ത്തിയിരുന്നു. എന്തുപറയണമെന്ന് അയാള്‍ക്ക്
രൂപമുണ്ടായിരുന്നില്ല.
കോഫീഹൗസിന്റെ ഒരു മൂലയിലിരുന്നിരുന്ന തന്നെ അവള്‍
കാണില്ലെന്ന് വിശ്വസിച്ചത് വെറുതെ. കണ്ടാലും തിരിച്ചറിയില്ലെന്ന് വിശ്വസിച്ചതും
വെറുേത.
അയാള്‍ അസ്വസ്ഥനായി വലിയ ജാലകച്ചില്ലുകളിലൂടെ പുറത്തേയ്‌ക്കു
നോക്കിയിരുന്നു. വെയില്‍ താണിരിക്കുന്നു.
അന്തിത്തുടുപ്പു പടര്‍ന്ന
ആകാശത്തിലേയ്‌ക്കു തലയുയര്‍ത്തി നില്‍ക്കുന്ന കരിമ്പനകളുടെ ചിത്രം, അപ്പോള്‍
പെട്ടെന്ന് അയാളുടെ മനസ്സിലേയ്‌ക്കുയര്‍ന്നു വന്നു.
അന്നു ജോലികഴിഞ്ഞു
മടങ്ങുമ്പോള്‍, ബസ്‌സ്‌റ്റോപ്പിലെ ആള്‍ക്കൂട്ടത്തില്‍ നിന്നിരുന്ന മെലിഞ്ഞുണങ്ങിയ
പെണ്‍കുട്ടിയെ അയാള്‍ ഓര്‍ത്തു. നീണ്ട യാത്രയുടെ ക്ഷീണമുണ്ടായിരുന്നു അവളുടെ
മുഖത്ത്. എണ്ണമയമില്ലാതെ പാറിക്കിടന്ന അവളുടെ മുടിയില്‍, മുല്ലപ്പൂവും കനകാംബരവും
ഇടവിട്ടുകോര്‍ത്ത മാല ചതഞ്ഞുമരിച്ചു കിടന്നിരുന്നു. ഒരു തോള്‍ സഞ്ചിയും തൂക്കി
നിന്നിരുന്ന അവള്‍, അയാളെ കണ്ടപ്പോള്‍ പരിചിതയെ പോലെ ചിരിച്ചു. അപ്പോള്‍ കണ്ട
നിരയൊത്ത വെളുത്തപല്ലുകളാണ് തന്നെ ആദ്യം ആകര്‍ഷിച്ചതെന്ന് അയാള്‍ ഓര്‍മ്മിച്ചു.
അന്ന് മുറിയില്‍ നിന്നു കാശുവാങ്ങിയിറങ്ങുമ്പോള്‍ അവളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു.
ഇപ്പോള്‍, അവള്‍ തടിച്ചിരിക്കുന്നു..മുഖത്ത് വായിച്ചെടുക്കാനാവാത്ത ഏതോ
ഭാവം.
`` നിങ്ങള്‍ വിവാഹിതനാണല്ലോ?''
കര്‍ച്ചീഫുകൊണ്ടു കൈവിരലുകളും ചുണ്ടും
അവള്‍ അമര്‍ത്തിത്തുടച്ചു.
`അവര്‍ക്കു ജോലിയുണ്ടോ?'.
അവള്‍ ചുണ്ടുകോട്ടി
ചോദിച്ചു.
`ടീച്ചറാണ്'
എവിടേയാണ് എന്നു പക്ഷെ, പറഞ്ഞില്ല. അവള്‍ക്കു
സുഖമില്ലെന്നും തനിക്കു ഒരു മകനുണ്ടെന്നും ഇവള്‍ അറിഞ്ഞിട്ടില്ല.
`നിങ്ങള്‍ ഒരു
വിരുതന്‍ തന്നെ'
കുലുങ്ങിച്ചിരിച്ചു കൊണ്ടു അവള്‍ പറഞ്ഞു.
കോഫീഹൗസില്‍
തിരക്കു വര്‍ദ്ധിച്ചിരിക്കുന്നു. പിഞ്ഞാണങ്ങള്‍ കൂട്ടിമുട്ടുന്നതിന്റേയും ആളുകളുടെ
സംസാരത്തിന്റേയും മുഴക്കം ഹാളില്‍ നിറഞ്ഞിരിക്കുന്നു. എതിര്‍വശത്തെ ടേബിളില്‍
ഇരുന്നിരുന്ന യുവാക്കള്‍ അവളെ നോക്കി വിലകുറഞ്ഞ തമാശകള്‍ പറഞ്ഞ്
ചിരിച്ചുകൊണ്ടിരുന്നു. അയാള്‍ക്ക് പെട്ടെന്ന് അവിടെ നിന്നു ഓടിപ്പോകണം എന്നു
തോന്നി. പക്ഷെ, തലയുയര്‍ത്തിനോക്കാന്‍ ധൈര്യമില്ലാതെ അയാള്‍ അവിടെ ഇരുന്നതേയുള്ളൂ.
അയാളുടെ പരവേശം കണ്ട അവള്‍ വീണ്ടും ചിരിച്ചു.
`ഞാന്‍ നിങ്ങളെ വിഷമിപ്പിക്കാന്‍
വന്നതല്ല. ഇതു നിങ്ങളുടെ മകനു വേണ്ടി മേടിച്ചതാണ്'.
ഹാന്റ് ബാഗില്‍ നിന്ന്
ഒരു പൊതിയെടുത്ത് അയാളുടെ നേരെ നീട്ടിക്കൊണ്ടു അവള്‍ പറഞ്ഞു.
ഒട്ടും കൂസാതെ
നീട്ടിപ്പിടിച്ച പൊതിയുമായി അവള്‍ മുമ്പില്‍ നില്‍ക്കുകയാണ്.
അയാള്‍
പരിഭ്രമത്തോടെ കണ്ണോടിച്ചു. എല്ലാ കണ്ണുകളിലും തങ്ങളില്‍ തറഞ്ഞു നില്‍ക്കുകയാണ്.
എല്ലാവരും ചിരിക്കുന്നു. വിറയ്‌ക്കുന്ന കൈയുകള്‍ മേശമേല്‍ കുത്തി പതുക്കെ
എഴുന്നേറ്റു നിന്നു. മുമ്പില്‍ ഒരു വടവൃക്ഷം പോലെ അവള്‍. അവള്‍ ഇപ്പോഴും
ചിരിക്കുകയാണ്.
അവളുടെ കണ്ണുകളിലേയ്‌ക്കു നോക്കി നില്‍ക്കവേ, പിഞ്ഞാണത്തില്‍
കിടന്ന ഫോര്‍ക്കിനായി അയാളുടെ കൈ പരതി. അപ്പോള്‍, അതുവരെ പരിഹാസം നിറഞ്ഞു നിന്ന അവളുടെ
കണ്ണുകളില്‍ പരിഭ്രാന്തി നിറയുന്നതും അയാള്‍ കണ്ടു. നേര്‍ത്ത സാരിക്കിടയിലൂടെ
അവളുടെ അടിവയര്‍ ലക്ഷ്യമാക്കി കണ്ണുകള്‍ താഴ്‌ത്തുമ്പോള്‍, അന്ന്
അവിടെയുണ്ടായിരുന്ന മറുകിനെ കുറിച്ച് അയാള്‍ ഓര്‍ത്തു..
അത്...
അയാള്‍
മനസ്സിലാകെ പരതിനോക്കി. അത് എവിടെയായിരുന്നു..??
ഒരു പക്ഷെ....
അയാള്‍ക്ക്
ഒന്നും ഓര്‍മ്മയുണ്ടായിരുന്നില്ല.
ഭീതിനിറഞ്ഞ മുഖങ്ങള്‍ക്കും നീണ്ടു
വരുന്ന കൈകള്‍ക്കും നടുവിലൂടെ പുറത്തേക്കിറങ്ങുമ്പോള്‍, അയാള്‍ ഭാര്യക്കു
വാങ്ങുവാനുള്ള മരുന്നിനെ കുറിച്ചു മാത്രമായിരുന്നു ഓര്‍ത്തിരുന്നത്.
(1997
മാര്‍ച്ച് 30- എക്‌സ്‌പ്രസ്സ് വാരാന്ത്യ പതിപ്പ്)

തീപാറുന്ന മീനവെയിലില്‍ എല്ലാം
മയങ്ങുകയാണ്. പച്ചത്തഴപ്പുകളും ജന്തുജീവികളും എല്ലാം. വരാന്തയിലെ ചാരുകസേരയില്‍,
അല്‍പ്പമായി കാണുന്ന ആകാശക്കീറിലേയ്‌ക്ക് ദൃഷ്ടികള്‍ പായിച്ച് അയാള്‍ കിടന്നു.
മുറ്റത്ത് മഴമരവും മുട്ടിക്കുടിയന്‍ മാവും തണല്‍ പരത്തി നില്‍ക്കുന്നുണ്ട്.
പക്ഷെ, അവയുടെ ഇലകള്‍ പോലും വെയിലില്‍ തളര്‍ന്നു തൂങ്ങിക്കിടന്നു.
ഒന്നിലും
ഉറയ്‌ക്കാതെ ഒഴുകി നടന്ന അയാളുടെ കണ്ണുകള്‍ പെട്ടെന്നാണത് കണ്ടു
പിടിച്ചത്-മുറ്റത്തെ അയയില്‍ ഇന്ന് തുണികള്‍
ഉണക്കാനിട്ടിട്ടില്ല!.
നീലനിറത്തില്‍ പ്ലാസ്‌റ്റിക് കയര്‍ കൊണ്ടുള്ള അയ
മുറ്റത്തിനു കുറുകെ വലിച്ചു കെട്ടിയിരിക്കയാണ്. വസ്‌ത്രങ്ങളില്ലാതെ ഒഴിഞ്ഞു
കിടക്കുന്ന അയയില്‍, ഹെലികോപ്‌റ്ററിന്റെ ആകൃതിയുള്ള ഒരു തുമ്പി
വിശ്രമിക്കുന്നുണ്ട്. അതിന്റെ ചുവന്നു നീണ്ടു വാലും ഹെലികോപ്‌റ്ററിന്റേതുപോലെ
തോന്നിക്കുന്ന ഉരുണ്ട തലയും വാല്‍ അല്‍പ്പം പൊക്കിക്കൊണ്ടുള്ള ഇരുപ്പും അയാളെ
രസിപ്പിച്ചു. ഇടയ്‌ക്കു പങ്കകള്‍ പോലുള്ള ചിറകുകള്‍ ഒന്നു വിറപ്പിക്കും. വെയിലില്‍
തിളങ്ങുന്ന ചിറകുകള്‍ കുപ്പിച്ചില്ലുകള്‍ പോലെ സുതാര്യമായിരുന്നു.
അപ്പോള്‍,
മരച്ചില്ലകള്‍ ഇളക്കിക്കൊണ്ട് ഒരുഷ്‌ണക്കാറ്റ് കടന്നുവന്നു. അയയില്‍ നിന്നും
പറന്നുയര്‍ന്ന തുമ്പി അല്‍പ്പനേരം കാറ്റില്‍ മുന്നോട്ടും പിമ്പോട്ടും ചാഞ്ചാടി
നിന്ന്, വീണ്ടും പഴയപടി ഇരിപ്പുറപ്പിച്ചു. പിന്നെ, രണ്ടു തവണ ചിറകു വിറപ്പിച്ച്
അത് വീണ്ടും മയക്കത്തിലായി.
അയാള്‍ ശബ്ദമൊട്ടുമുണ്ടാക്കാതെ, പതുക്കെ
ചാരുകസേരയില്‍ നിന്നും എഴുന്നേറ്റു. തുമ്പിയെ പിടിക്കാന്‍ അയാള്‍
തീരുമാനിച്ചിരുന്നു. കള്ളനേപ്പോലെ പതുങ്ങി അയാള്‍ മുറ്റത്തെത്തി. തുമ്പിയുടെ
കണ്ണില്‍പ്പെടാതരിക്കാന്‍ അതിന്റെ പിറകിലൂടെയാണ് അയാള്‍
പതുങ്ങിച്ചെന്നത്.
അടുത്തെത്തിയപ്പോള്‍ തുമ്പിയ്‌ക്കു അഭൗമ സൗന്ദര്യമുണ്ടെന്ന്
അയാള്‍ക്കു തോന്നി. അതിന്റെ ചുവന്നു നീണ്ട വാല്‍ അതിമനോഹരമായിരുന്നു. വെയില്‍
വീഴുമ്പോള്‍, ചിറകുകള്‍ക്കുമുണ്ട് ഏഴുനിറങ്ങളുടെ സൗന്ദര്യം.
തുമ്പിയെ
പിടികിട്ടിയാല്‍ രാജിക്കും വിഷ്‌ണുവിനും സമ്മാനിക്കാം-അയാള്‍ മനസ്സില്‍ നിരൂപിച്ചു.
ഒരു ദിവസത്തെ മുഴുവന്‍ മുഷിവുമായി സ്‌കൂളില്‍
നിന്നെത്തുന്ന അവര്‍ക്ക് രസമാകും. വാലില്‍ ഒരു കഷ്‌ണം നൂലുകെട്ടിപ്പറപ്പിക്കുകയോ
അതുമല്ലെങ്കില്‍ തുമ്പിയെ കല്ലെടുക്കാന്‍ പഠിപ്പിക്കുകയോ ആവാം.
തുമ്പീ തുമ്പീ
കല്ലെടുക്ക്...
മനസ്സില്‍ എന്നോ പതിഞ്ഞ നാലുവരി അയാള്‍
മൂളിനോക്കി.
അന്തിപടര്‍ന്ന മാനത്ത്, താഴ്‌ന്നു പറക്കുന്ന തുമ്പികളെ നോക്കി
വിഷാദം കലര്‍ന്ന കണ്ണുകളോടെ ഇരുന്ന ഒരു കുട്ടിയെ അപ്പോള്‍ അയാള്‍ ഓര്‍ത്തു. അവന്‍
എപ്പോഴും ഒറ്റയ്‌ക്കായിരുന്നു. അവന് കൂട്ടുകാര്‍ ആരും ഉണ്ടായിരുന്നില്ല. അവന്റെ
സ്വപ്‌നങ്ങളില്‍ നിറയെ താഴ്‌ന്നു പറക്കുന്ന തുമ്പികളും മണ്ണട്ടകളുടെ
സംഗീതവുമായിരുന്നു...
തുമ്പി, അയാള്‍ അടുത്തെത്തിയിരുന്നത് അറിഞ്ഞിട്ടില്ല!.
അത് ഇപ്പോഴും മയക്കത്തിലാണ്. കൊച്ചുകാലുകള്‍ കൊണ്ട് അത് അയയില്‍ മുറുകെ
പിടിച്ചിട്ടുണ്ട്. വാലില്‍ പിടുത്തമിടാന്‍ പാകത്തില്‍, ചൂണ്ടുവിരലും തള്ളവിരലും
അല്‍പ്പം അകറ്റി, അയാള്‍ കൈനീട്ടി. പിടുത്തമിടാന്‍ കഴിയും മുമ്പെ, ഒന്നു
സ്‌പര്‍ശിക്കാന്‍ പോലും കഴിയും മുമ്പെ, പിറകില്‍ നിന്ന് ഇടിവെട്ടുപോലുള്ള
വിളികേട്ട് അയാള്‍ ഞെട്ടി.
തിരിഞ്ഞു നോക്കുമ്പോള്‍, ഉമ്മറവാതില്‍ക്കല്‍
അവള്‍-ഭാര്യ ശ്രീദേവി. അവളുടെ മുഖത്ത് ഭയവും അമ്പരപ്പും നിറഞ്ഞിരിക്കുന്നു.
തുമ്പിയില്ലാത്ത അയയിലേയ്‌ക്കും അമ്പരപ്പുനിറഞ്ഞ അവളുടെ മുഖത്തേക്കും അയാള്‍
വിഷാദത്തോടെ മാറിമാറി നോക്കി. തുമ്പി പറന്നു പോയിക്കഴിഞ്ഞിരിക്കുന്നു.
`ഇതെന്തിന്റെ.....'
വീണ്ടും ചാരുകസേരയില്‍ അമര്‍ന്ന
അയാളുടെ അരികിലേയ്‌ക്ക് അവള്‍ ശങ്കയോടെ വന്നു.
`ഈ വയസ്സാം കാലത്ത് തുമ്പിയെ
പിടിക്കാന്‍ പൂവ്വേ?.' അവളുടെ ശബ്ദത്തില്‍ അവിശ്വസനീയതയുടെ
വേലിയേറ്റമുണ്ടായിരുന്നു.
അയാള്‍ മറുപടി പറഞ്ഞില്ല. അയാള്‍
ആലോചിക്കുകയായിരുന്നു..
അമ്പതു വയസ്സു കഴിഞ്ഞാല്‍ തുമ്പിയെ പിടിച്ചു കൂടെന്നോ?.
ഈ പ്രായത്തില്‍ ചെയ്യേണ്ട കാര്യങ്ങള്‍ ഇന്നതൊക്കെയെന്ന്....
അയാളുടെ മനസ്സില്‍
ഉത്തരമുണ്ടായിരുന്നില്ല.
ഈയിടെയായി കൊച്ചുകൊച്ചു കാര്യങ്ങളോടാണ് താത്‌പര്യം. അവ
നിരീക്ഷിക്കുന്നതിലാണ് ആഹ്ലാദം. മാന്തളിരുകളില്‍ വെയില്‍ ചാഞ്ഞു
വീഴുന്നത്...നീലാകാശത്ത് ഒരു വെള്ളിമേഘത്തുണ്ട് ഒഴുകി നീങ്ങുന്നത്...ദൂരേ, ഒരു
കറുത്തപൊട്ടുപോലെ പരുന്ത് ചുറ്റിപ്പറക്കുന്നത്.....എല്ലാമെല്ലാം അയാളെ വളരെ
ആഹ്ലാദിപ്പിച്ചു. രാത്രി മണ്ണട്ടകളുടെ സംഗീതത്തിനായി അയാള്‍ കിടപ്പുമുറിയുടെ
ജാലകങ്ങള്‍ തുറന്നിട്ട് ചെവിയോര്‍ത്തു കിടന്നു...
ഒരു നാള്‍,
പുല്‍ച്ചാടിയുടേതുപോലെ ആന്റിനകള്‍ തലയില്‍ കിളിര്‍ത്തതായി അയാള്‍ സ്വപ്‌നം കണ്ടു.
ഒപ്പം, പുല്‍ച്ചാടിയുടേതുപോലെ ശരീരം ശുഷ്‌കിച്ചു വരുന്നതും. പിന്‍കാലുകള്‍
മടക്കിയൊതുക്കി പുല്‍ത്തലപ്പില്‍ പറ്റിയിരുന്ന അയാള്‍, ഒരു പുല്‍ച്ചാടിയുടെ ലോകം
നോക്കിക്കണ്ടു. പുതിയ നിറങ്ങളും പുതിയ കാഴ്‌ചകളും പുതിയ ഗന്ധങ്ങളും നിറഞ്ഞ
പുല്‍ച്ചാടിയുടെ ലോകം, ഏറെ മനോഹരമായി തോന്നി അയാള്‍ക്ക്. നനഞ്ഞ മണ്ണിന്റെ ഗന്ധം
വലിച്ചെടുത്ത് അയാള്‍ പുല്‍ത്തലപ്പില്‍ കണ്ണടച്ചിരുന്നു. പുതുമണ്ണിന്റെ ഗന്ധം ഒരു
ലഹരിപോലെ തലക്കുള്ളില്‍ ചുറ്റിക്കറങ്ങി.
ആരോ ഉച്ചത്തില്‍ കരയുന്നതു കേട്ടാണ്
അയാള്‍ ഉണര്‍ന്നത്. താന്‍ ഉയരമുള്ള എന്തിന്‍മേലോ ആണെന്ന് അയാള്‍ക്ക് തോന്നി.
ശ്രീദേവിയും മക്കളും ഭയന്നു വിറച്ചു താഴെ നില്‍ക്കുകയാണ്. വേറേയും മൂന്നു നാലു
പേര്‍ അവരോടൊപ്പമുണ്ട്. എല്ലാവരും ഭയത്തോടെ അയാളെ നോക്കി നില്‍ക്കുകയാണ്.
താഴേക്കിറങ്ങിവരാന്‍ ആംഗ്യം കാണിച്ച് ശ്രീദേവി ഉറക്കെ കരയുന്നുണ്ട്.
വിഷ്‌ണുവും രാജിയും അവളെ പറ്റി നില്‍ക്കുന്നു.
`എന്തു പ്രശ്‌നണ്ടെങ്കിലും
പരിഹരിക്കാന്ന്...ങള് പെരപ്പുറത്തുന്ന് ഇറങ്ങി'.
പരിചയമുള്ള ആ ശബ്ദം
മാമുക്കയുടേതാണെന്ന് അയാള്‍ തിരിച്ചറിഞ്ഞു. താഴേക്കിറങ്ങാനുള്ള വഴി അയാള്‍ക്കു
നിശ്ചയമുണ്ടായിരുന്നില്ല. മേലോട്ടും കീഴോട്ടും കണ്ണോടിച്ച് അയാള്‍ ഒരു
പുല്‍ച്ചാടിയെപ്പോലെ പുരപ്പുറത്ത് പറ്റിപ്പിടിച്ചിരുന്നു.
താഴെ ആളുകളുടെ എണ്ണം
കൂടിയിരിക്കുന്നു. അയാള്‍ക്ക് വല്ലാതെ ഭയം തോന്നി. ആളുകള്‍ കൂട്ടം ചേര്‍ന്നു
നിന്നു ആലോചിക്കുകയാണ്.
`ഫയര്‍ഫോഴ്‌സിനെ വിളിക്ക്' -ആരോ പറയുന്നതു കേട്ടു.
മെന്റല്‍ ഹോസ്‌പിറ്റലിലേയ്‌ക്കു വിളിക്കാനും നിര്‍ദ്ദേശമുയര്‍ന്നു.
അപ്പോള്‍,
ആരോ സംഘടിപ്പിച്ച കോണിയിലൂടെ ഒരാള്‍ മുകളിലേയ്‌ക്കു കയറാന്‍ തുടങ്ങി. അയാളുടെ മുഖം
കണ്ടുകൂടാ. കറുത്ത ചുരുണ്ടമുടിയുള്ള ചെറുപ്പക്കാരനാണ്. അയാള്‍ക്ക് നല്ല
വേഗതയുണ്ട്.
അനങ്ങാതെ പിടിച്ചിരിക്കാനും ധൈര്യമായിരിക്കാനുമൊക്കെ താഴെയുള്ളവര്‍
വിളിച്ചുപറഞ്ഞുകൊണ്ടിരിക്കേ, കോണികയറിയെത്തുന്ന ചെറുപ്പക്കാരനായി കാത്തു
നില്‍ക്കാതെ, മടക്കിവച്ച കാലുകള്‍ നിവര്‍ത്തി ഒരു പുല്‍ച്ചാടിയെപോലെ അയാള്‍
അല്‍പ്പമകലെ നില്‍ക്കുന്ന തെങ്ങിന്‍മണ്ടയിലേക്കു പറന്നു..
(1999 ജനുവരി 31
എക്‌സ്‌പ്രസ്സ് വാരാന്ത്യപതിപ്പില്‍ പ്രസിദ്ധീകരിച്ചത്)