ടിബറ്റിന്റെ ആത്മീയ നേതാവ് ദലൈലാമയുടെ പ്രഭാഷണങ്ങളുടെ ഇംഗ്‌ളീഷ് പരിഭാഷ അയാള്‍ മടക്കി മേശമേല്‍ വച്ചു. പുസ്‌തക രൂപത്തില്‍, ഇംഗ്ലീഷിലേയ്‌ക്ക് തര്‍ജ്ജമ ചെയ്‌തിരിക്കുന്നത് ഗെഷെ തുപ്‌തെന്‍ജിന്‍പയാണ്.
ഇന്ന് ദലൈലായയ്‌ക്കു വീടില്ല. സ്വന്തം നാടുപോലും അദ്ദേഹത്തിനു നഷ്ടപ്പെട്ടിരിക്കുന്നു.
ദലൈലാമയോട് സഹാനുഭൂതി തോന്നി അപ്പോള്‍ അയാള്‍ക്ക്. അരണ്ടവെളിച്ചത്തില്‍, ജപമാലയുമായി മന്ദസ്‌മിതത്തോടെ ഇരിക്കുന്ന ദലൈലാമയുടെ ചിത്രമാണ് പുസ്‌തകത്തിന്റെ പുറം ചട്ടയില്‍. ഉള്ളടക്കത്തിലെ ശാന്തിയും സമാധാനവും പുറത്തേയ്‌ക്കു കവിഞ്ഞൊഴുകിയതാണെന്ന് തോന്നും ചിത്രം കണ്ടാല്‍. ഇത്തരം പുസ്‌തകങ്ങള്‍ അപൂര്‍വ്വമായേ കൈയില്‍ കിട്ടൂ. അവ പരത്തുന്ന പ്രകാശം പക്ഷെ, ഏറെ കാലം മനസ്സിന് സാന്ത്വനമാകാറുണ്ട്.
ലൈറ്റുകെടുത്തി അയാള്‍ തിരിഞ്ഞു കിടന്നു. തെരുവുവിളക്കിന്റെ പ്രകാശം സാധരണ മുറിയിലേയ്‌ക്കു കിട്ടാറുണ്ട്. പക്ഷെ, ഇന്ന് പുറത്ത് ഭയങ്കര ഇരുട്ടാണ്. ഒട്ടും വെളിച്ചമില്ല. ദൂരേ, നഗരത്തിലെ ഹാലജന്‍ ബള്‍ബുകളുടെ വെളിച്ചം ആകാശത്തു പ്രതിബിംബിച്ചു കിടന്നു.
അയാള്‍ക്കു ഉറക്കം വന്നില്ല. രാവിലത്തെ സംഭവങ്ങള്‍ വ്‌ീണ്ടും മനസ്സില്‍ തികട്ടിവന്നു. തുണിമില്ലുകള്‍ നിറഞ്ഞ നഗരത്തിലെ തിരക്കുപിടിച്ച ജീവിതത്തിനിടെ വ്യക്തികള്‍ തമ്മിലുള്ള സംഘട്ടനം ഒരു സംഭവമേയല്ല. പക്ഷെ, ഇന്നു നടന്നത് അത്തരത്തിലുള്ള ഒന്നല്ലെന്ന് മനസ്സുപറഞ്ഞുകൊണ്ടിരിക്കുന്നു. എതിരാളികള്‍ പരസ്‌പരം വിളിച്ചു പറഞ്ഞ വെല്ലുവിളികളില്‍ ഒരു വിഷവിത്തിന്റെ സാന്നിധ്യം അനുഭപ്പെട്ടു. ഫുട്‌പാത്തില്‍, ഓടിക്കൂടിയ ജനസഞ്ചയത്തിന്റെ കാല്‍പ്പാടുകളില്‍ ചതഞ്ഞുകിടന്ന ജമന്തിമാലകളുടേയും മല്ലികപ്പൂക്കളുടേയും തുളച്ചുകയറുന്ന ഗന്ധം അന്തരീക്ഷത്തില്‍ വിങ്ങിനിന്നിരുന്നു. പരുക്കേറ്റ ആരില്‍ നിന്നോ വാര്‍ന്നു വീണ ചോരത്തുള്ളികള്‍ പൂവിതളുകളില്‍ വീണുകിടന്നു.
സൈ്വരം കെടുത്തുന്ന കാഴ്‌ചകള്‍, വീണ്ടും മനസ്സില്‍ ഉണര്‍ന്നെണീക്കുകയാണ്. അയാള്‍ കണ്ണടച്ചു കിടന്നു.
ഉറക്കത്തില്‍, അയാള്‍ തിളങ്ങുന്ന മഞ്ഞുമലകള്‍ സ്വപ്‌നം കണ്ടു. അയാള്‍ ടിബറ്റിലായിരുന്നു. മനുഷ്യവംശത്തേക്കാള്‍ പ്രായം ചെന്ന മഞ്ഞുമൂടിയ ഗിരിശൃഗങ്ങള്‍. അവയില്‍ ശാന്തിപരത്തി ഒഴുകുന്ന മഞ്ഞുരുകിയ നീര്‍ച്ചോലകള്‍. ആര്‍ഷഭൂമിയുടെ ആത്മവിദ്യാലയം...
ശാന്തിയുടെ പ്രഭവസ്ഥാനങ്ങള്‍ പോലെ, അനന്തമായ ആകാശനീലമയിലേയ്‌ക്കു തലയുയര്‍ത്തി നില്‍ക്കുന്ന ധവളശൃംഗങ്ങളെ നോക്കി നില്‍ക്കേ, അകാരണമായി ഭയം മനസ്സില്‍ ചിറകുവിരിക്കുന്നതു അയാള്‍ അറിഞ്ഞു. മഞ്ഞുകണങ്ങള്‍ പാറിനടക്കുന്ന ഗിരിശൃഗങ്ങള്‍ക്കു മുകളില്‍ നിഴല്‍ വിരിച്ച് ഒരു കറുത്ത മേഘപടലം ഒഴുകി പരന്നത് പെട്ടെന്നായിരുന്നു. ഭയത്തോടെ അയാള്‍ അതിനെ നോക്കി. അതു മേഘപടലമായിരുന്നില്ല. ഇരമ്പിവരുന്ന പോര്‍വിമാനങ്ങളായിരുന്നു. ഭീതി നിറഞ്ഞ കണ്ണുകളോടെ അയാള്‍ അവിശ്വസനീയമായ ആ കാഴ്‌ച നോക്കി നിന്നു. അവയുടെ ഉരുക്കുപള്ളകളില്‍ സൂര്യവെളിച്ചം പ്രതിഫലിച്ചു. താഴ്‌വര പ്രദേശത്തെ മരക്കൂട്ടങ്ങള്‍ക്കിടയില്‍ നിന്നു യന്ത്രത്തോക്കുകളുടെ ഇരമ്പം അലച്ചെത്തിയപ്പോള്‍, അയാള്‍ തിരിഞ്ഞോടി....
അയാള്‍ ഓടുകയായിരുന്നു. മഞ്ഞില്‍ ചെത്തിപ്പൂക്കള്‍ വിതറി വെടിയുണ്ടകള്‍ ചീറിപ്പായുമ്പോഴും അയാള്‍ ഓടിക്കൊണ്ടിരുന്നു. ഒടുവില്‍, ശ്വാസം കിട്ടാതെ തളര്‍ന്നു വീണ അയാള്‍ക്കു ചുറ്റും പരന്നമൂക്കും ചുവന്നമുഖവുമുള്ള ചൈനീസ് പട്ടാളം വട്ടമിട്ടുനിന്നു. വെടിമരുന്നിന്റെ ഗന്ധമുള്ള തണുത്ത തോക്കിന്‍ കുഴലുകള്‍ മുഖത്തുമുട്ടിയപ്പോള്‍ ഞെട്ടി, അയാള്‍ കണ്ണു തുറന്നു.
മുറിയില്‍ കനത്ത ഇരുട്ട് തളം കെട്ടികിടക്കുന്നു..
താന്‍ കണ്ടത് ഒരു സ്വപ്‌നമാണെന്ന് അയാള്‍ക്കു വിശ്വസിക്കാനേ കഴിഞ്ഞില്ല. വിയര്‍പ്പില്‍ കുതിര്‍ന്ന അയാളുടെ ശരീരം വിറച്ചുകൊണ്ടിരുന്നു. അതൊരു സ്വപ്‌നത്തേക്കാള്‍ യാഥാര്‍ത്ഥ്യമായിരുന്നു. സ്‌ഫോടനങ്ങളുടെ നടുക്കുന്ന ശബ്ദവും ആര്‍ത്തനാദങ്ങളും വ്യക്തമായി കേട്ടതാണ്...
അയാള്‍ വീണ്ടും ചെവിയോര്‍ത്തു. ഉവ്വ്, അതിപ്പോഴും കേള്‍ക്കുന്നുണ്ട്. വിമ്മിഷ്ടത്തോടെ കട്ടിലില്‍ എഴുന്നേറ്റിരുന്ന അയാള്‍, ദൂരേ നഗരത്തിനുമീതെ കറുത്ത പുക കട്ടപിടിച്ചിരിക്കുന്നതു കണ്ടു. നഗരത്തെ മൂടിയ ഇരുളിനെ കീറി ആകാശത്തേയ്‌ക്ക് തീജ്വാലകളുയരുന്നു. തീനാളങ്ങള്‍ക്കും മുകളില്‍ നഗരത്തിന്റെ ഹൃദയഭേദകമായ നിലവിളികള്‍ ഉയര്‍ന്നു കേട്ടു.
ആര്‍ത്തനാദങ്ങളും അട്ടഹാസങ്ങളും ഇരുളിനെ പിളര്‍ന്ന് അലച്ചെത്തിയപ്പോള്‍, അയാള്‍ പരിഭ്രാന്തിയോടെ എഴുന്നേറ്റു. ഇരുട്ടിന്റെ കനത്ത കമ്പളത്തിനടിയിയാണ് എല്ലാം തന്നെ. ഒന്നും കാണാന്‍ വയ്യ. അയാള്‍ പരിഭ്രത്തോടെ തെരുവിലേയ്‌ക്കു നോക്കി. ഒന്നും വ്യക്തമല്ല. പക്ഷെ, അയാളുടെ മനസ്സു പിറുപിറുത്തുകൊണ്ടിരുന്നു, അവന്‍ വരുന്നു..
ഇല്ല, മരിക്കാന്‍ വയ്യ. അയാള്‍ മനസ്സില്‍ ഉറപ്പിച്ചു. എന്നാലും അവന്‍ എത്തുകയാണല്ലോ, അടുത്തേയ്‌ക്കടുത്തേക്ക്....
വെറുംകൗതുകത്തിന്റെ പേരില്‍ വാങ്ങിച്ച ഭംഗിയേറിയ മരപ്പിടിയുള്ള കത്തിയെ കുറിച്ച് അപ്പോള്‍ അയാള്‍ വെറുതേ ആലോചിച്ചു പോയി. മേശക്കടിയില്‍ നിന്നും അതു തപ്പിയെടുത്ത്, മനോഹരമായ വെല്‍വെറ്റ് കവര്‍ വലിച്ചൂരിയപ്പോള്‍, ഇരുട്ടിലും വായ്‌ത്തല തിളങ്ങി.
അയാള്‍ വീണ്ടും ചെവിയോര്‍ത്തു...
തെരുവിലൂടെ കാലടികള്‍ പാഞ്ഞടുക്കുന്നുണ്ടോ?. അവന്‍, മരണം, എത്തുകയാണോ?. വാതിലുകള്‍ തകര്‍ത്ത്...
അയാള്‍ക്ക് വല്ലാതെ തളര്‍ച്ചതോന്നി. വ്യാളീമുഖം കൊത്തിയ മരപ്പിടിയുള്ള കത്തിയില്‍ പിടിമുറുക്കി അയാള്‍ ഇരുളില്‍ ധ്യാനിച്ചിരുന്നു- അവന്റെ വരവും പ്രതീക്ഷിച്ച്....
(1998 സെപ്‌തംബര്‍ 27 എക്‌സ്‌പ്രസ്സ് വാരാന്ത്യപതിപ്പ്)

No comments:
Post a Comment