Sunday, 1 September 2013

ഭ്രാന്ത്‌



തീപാറുന്ന മീനവെയിലില്‍ എല്ലാം മയങ്ങുകയാണ്‌. പച്ചത്തഴപ്പുകളും ജന്തുജീവികളും എല്ലാം. വരാന്തയിലെ ചാരുകസേരയില്‍, അല്‍പ്പമായി കാണുന്ന ആകാശക്കീറിലേയ്‌ക്ക്‌ ദൃഷ്ടികള്‍ പായിച്ച്‌ അയാള്‍ കിടന്നു. മുറ്റത്ത്‌ മഴമരവും മുട്ടിക്കുടിയന്‍ മാവും തണല്‍ പരത്തി നില്‍ക്കുന്നുണ്ട്‌. പക്ഷെ, അവയുടെ ഇലകള്‍ പോലും വെയിലില്‍ തളര്‍ന്നു തൂങ്ങിക്കിടന്നു.
ഒന്നിലും ഉറയ്‌ക്കാതെ ഒഴുകി നടന്ന അയാളുടെ കണ്ണുകള്‍ പെട്ടെന്നാണത്‌ കണ്ടു പിടിച്ചത്‌-മുറ്റത്തെ അയയില്‍ ഇന്ന്‌ തുണികള്‍ ഉണക്കാനിട്ടിട്ടില്ല!.
നീലനിറത്തില്‍ പ്ലാസ്‌റ്റിക്‌ കയര്‍ കൊണ്ടുള്ള അയ മുറ്റത്തിനു കുറുകെ വലിച്ചു കെട്ടിയിരിക്കയാണ്‌. വസ്‌ത്രങ്ങളില്ലാതെ ഒഴിഞ്ഞു കിടക്കുന്ന അയയില്‍, ഹെലികോപ്‌റ്ററിന്റെ ആകൃതിയുള്ള ഒരു തുമ്പി വിശ്രമിക്കുന്നുണ്ട്‌. അതിന്റെ ചുവന്നു നീണ്ടു വാലും ഹെലികോപ്‌റ്ററിന്റേതുപോലെ തോന്നിക്കുന്ന ഉരുണ്ട തലയും വാല്‍ അല്‍പ്പം പൊക്കിക്കൊണ്ടുള്ള ഇരുപ്പും അയാളെ രസിപ്പിച്ചു. ഇടയ്‌ക്കു പങ്കകള്‍ പോലുള്ള ചിറകുകള്‍ ഒന്നു വിറപ്പിക്കും. വെയിലില്‍ തിളങ്ങുന്ന ചിറകുകള്‍ കുപ്പിച്ചില്ലുകള്‍ പോലെ സുതാര്യമായിരുന്നു.
അപ്പോള്‍, മരച്ചില്ലകള്‍ ഇളക്കിക്കൊണ്ട്‌ ഒരുഷ്‌ണക്കാറ്റ്‌ കടന്നുവന്നു. അയയില്‍ നിന്നും പറന്നുയര്‍ന്ന തുമ്പി അല്‍പ്പനേരം കാറ്റില്‍ മുന്നോട്ടും പിമ്പോട്ടും ചാഞ്ചാടി നിന്ന്‌, വീണ്ടും പഴയപടി ഇരിപ്പുറപ്പിച്ചു. പിന്നെ, രണ്ടു തവണ ചിറകു വിറപ്പിച്ച്‌ അത്‌ വീണ്ടും മയക്കത്തിലായി.
അയാള്‍ ശബ്ദമൊട്ടുമുണ്ടാക്കാതെ, പതുക്കെ ചാരുകസേരയില്‍ നിന്നും എഴുന്നേറ്റു. തുമ്പിയെ പിടിക്കാന്‍ അയാള്‍ തീരുമാനിച്ചിരുന്നു. കള്ളനേപ്പോലെ പതുങ്ങി അയാള്‍ മുറ്റത്തെത്തി. തുമ്പിയുടെ കണ്ണില്‍പ്പെടാതരിക്കാന്‍ അതിന്റെ പിറകിലൂടെയാണ്‌ അയാള്‍ പതുങ്ങിച്ചെന്നത്‌.
അടുത്തെത്തിയപ്പോള്‍ തുമ്പിയ്‌ക്കു അഭൗമ സൗന്ദര്യമുണ്ടെന്ന്‌ അയാള്‍ക്കു തോന്നി. അതിന്റെ ചുവന്നു നീണ്ട വാല്‍ അതിമനോഹരമായിരുന്നു. വെയില്‍ വീഴുമ്പോള്‍, ചിറകുകള്‍ക്കുമുണ്ട്‌ ഏഴുനിറങ്ങളുടെ സൗന്ദര്യം.
തുമ്പിയെ പിടികിട്ടിയാല്‍ രാജിക്കും വിഷ്‌ണുവിനും സമ്മാനിക്കാം-അയാള്‍ മനസ്സില്‍ നിരൂപിച്ചു. ഒരു ദിവസത്തെ മുഴുവന്‍ മുഷിവുമായി  സ്‌കൂളില്‍ നിന്നെത്തുന്ന അവര്‍ക്ക്‌ രസമാകും. വാലില്‍ ഒരു കഷ്‌ണം നൂലുകെട്ടിപ്പറപ്പിക്കുകയോ അതുമല്ലെങ്കില്‍ തുമ്പിയെ കല്ലെടുക്കാന്‍ പഠിപ്പിക്കുകയോ ആവാം.
തുമ്പീ തുമ്പീ കല്ലെടുക്ക്‌...
മനസ്സില്‍ എന്നോ പതിഞ്ഞ നാലുവരി അയാള്‍ മൂളിനോക്കി.
അന്തിപടര്‍ന്ന മാനത്ത്‌, താഴ്‌ന്നു പറക്കുന്ന തുമ്പികളെ നോക്കി വിഷാദം കലര്‍ന്ന കണ്ണുകളോടെ ഇരുന്ന ഒരു കുട്ടിയെ അപ്പോള്‍ അയാള്‍ ഓര്‍ത്തു. അവന്‍ എപ്പോഴും ഒറ്റയ്‌ക്കായിരുന്നു. അവന്‌ കൂട്ടുകാര്‍ ആരും ഉണ്ടായിരുന്നില്ല. അവന്റെ സ്വപ്‌നങ്ങളില്‍ നിറയെ താഴ്‌ന്നു പറക്കുന്ന തുമ്പികളും മണ്ണട്ടകളുടെ സംഗീതവുമായിരുന്നു...
തുമ്പി, അയാള്‍ അടുത്തെത്തിയിരുന്നത്‌ അറിഞ്ഞിട്ടില്ല!. അത്‌ ഇപ്പോഴും മയക്കത്തിലാണ്‌. കൊച്ചുകാലുകള്‍ കൊണ്ട്‌ അത്‌ അയയില്‍ മുറുകെ പിടിച്ചിട്ടുണ്ട്‌. വാലില്‍ പിടുത്തമിടാന്‍ പാകത്തില്‍, ചൂണ്ടുവിരലും തള്ളവിരലും അല്‍പ്പം അകറ്റി, അയാള്‍ കൈനീട്ടി. പിടുത്തമിടാന്‍ കഴിയും മുമ്പെ, ഒന്നു സ്‌പര്‍ശിക്കാന്‍ പോലും കഴിയും മുമ്പെ, പിറകില്‍ നിന്ന്‌ ഇടിവെട്ടുപോലുള്ള വിളികേട്ട്‌ അയാള്‍ ഞെട്ടി.
തിരിഞ്ഞു നോക്കുമ്പോള്‍, ഉമ്മറവാതില്‍ക്കല്‍ അവള്‍-ഭാര്യ ശ്രീദേവി. അവളുടെ മുഖത്ത്‌ ഭയവും അമ്പരപ്പും നിറഞ്ഞിരിക്കുന്നു. തുമ്പിയില്ലാത്ത അയയിലേയ്‌ക്കും അമ്പരപ്പുനിറഞ്ഞ അവളുടെ മുഖത്തേക്കും അയാള്‍ വിഷാദത്തോടെ മാറിമാറി നോക്കി. തുമ്പി 
പറന്നു പോയിക്കഴിഞ്ഞിരിക്കുന്നു.
`ഇതെന്തിന്റെ.....'
വീണ്ടും ചാരുകസേരയില്‍ അമര്‍ന്ന അയാളുടെ അരികിലേയ്‌ക്ക്‌ അവള്‍ ശങ്കയോടെ വന്നു.
`ഈ വയസ്സാം കാലത്ത്‌ തുമ്പിയെ പിടിക്കാന്‍ പൂവ്വേ?.' അവളുടെ ശബ്ദത്തില്‍ അവിശ്വസനീയതയുടെ വേലിയേറ്റമുണ്ടായിരുന്നു.
അയാള്‍ മറുപടി പറഞ്ഞില്ല. അയാള്‍ ആലോചിക്കുകയായിരുന്നു..
അമ്പതു വയസ്സു കഴിഞ്ഞാല്‍ തുമ്പിയെ പിടിച്ചു കൂടെന്നോ?. ഈ പ്രായത്തില്‍ ചെയ്യേണ്ട കാര്യങ്ങള്‍ ഇന്നതൊക്കെയെന്ന്‌....
അയാളുടെ മനസ്സില്‍ ഉത്തരമുണ്ടായിരുന്നില്ല.
ഈയിടെയായി കൊച്ചുകൊച്ചു കാര്യങ്ങളോടാണ്‌ താത്‌പര്യം. അവ നിരീക്ഷിക്കുന്നതിലാണ്‌ ആഹ്ലാദം. മാന്തളിരുകളില്‍ വെയില്‍ ചാഞ്ഞു വീഴുന്നത്‌...നീലാകാശത്ത്‌ ഒരു വെള്ളിമേഘത്തുണ്ട്‌ ഒഴുകി നീങ്ങുന്നത്‌...ദൂരേ, ഒരു കറുത്തപൊട്ടുപോലെ പരുന്ത്‌ ചുറ്റിപ്പറക്കുന്നത്‌.....എല്ലാമെല്ലാം അയാളെ വളരെ ആഹ്ലാദിപ്പിച്ചു. രാത്രി മണ്ണട്ടകളുടെ സംഗീതത്തിനായി അയാള്‍ കിടപ്പുമുറിയുടെ ജാലകങ്ങള്‍ തുറന്നിട്ട്‌ ചെവിയോര്‍ത്തു കിടന്നു...
ഒരു നാള്‍, പുല്‍ച്ചാടിയുടേതുപോലെ ആന്റിനകള്‍ തലയില്‍ കിളിര്‍ത്തതായി അയാള്‍ സ്വപ്‌നം കണ്ടു. ഒപ്പം, പുല്‍ച്ചാടിയുടേതുപോലെ ശരീരം ശുഷ്‌കിച്ചു വരുന്നതും. പിന്‍കാലുകള്‍ മടക്കിയൊതുക്കി പുല്‍ത്തലപ്പില്‍ പറ്റിയിരുന്ന അയാള്‍, ഒരു പുല്‍ച്ചാടിയുടെ ലോകം നോക്കിക്കണ്ടു. പുതിയ നിറങ്ങളും പുതിയ കാഴ്‌ചകളും പുതിയ ഗന്ധങ്ങളും നിറഞ്ഞ പുല്‍ച്ചാടിയുടെ ലോകം, ഏറെ മനോഹരമായി തോന്നി അയാള്‍ക്ക്‌. നനഞ്ഞ മണ്ണിന്റെ ഗന്ധം വലിച്ചെടുത്ത്‌ അയാള്‍ പുല്‍ത്തലപ്പില്‍ കണ്ണടച്ചിരുന്നു. പുതുമണ്ണിന്റെ ഗന്ധം ഒരു ലഹരിപോലെ തലക്കുള്ളില്‍ ചുറ്റിക്കറങ്ങി.
ആരോ ഉച്ചത്തില്‍ കരയുന്നതു കേട്ടാണ്‌ അയാള്‍ ഉണര്‍ന്നത്‌. താന്‍ ഉയരമുള്ള എന്തിന്‍മേലോ ആണെന്ന്‌ അയാള്‍ക്ക്‌ തോന്നി. ശ്രീദേവിയും മക്കളും ഭയന്നു വിറച്ചു താഴെ നില്‍ക്കുകയാണ്‌. വേറേയും മൂന്നു നാലു പേര്‍ അവരോടൊപ്പമുണ്ട്‌. എല്ലാവരും ഭയത്തോടെ അയാളെ നോക്കി നില്‍ക്കുകയാണ്‌.
താഴേക്കിറങ്ങിവരാന്‍ ആംഗ്യം കാണിച്ച്‌ ശ്രീദേവി ഉറക്കെ കരയുന്നുണ്ട്‌. വിഷ്‌ണുവും രാജിയും അവളെ പറ്റി നില്‍ക്കുന്നു.
`എന്തു പ്രശ്‌നണ്ടെങ്കിലും പരിഹരിക്കാന്ന്‌...ങള്‌ പെരപ്പുറത്തുന്ന്‌ ഇറങ്ങി'.
പരിചയമുള്ള ആ ശബ്ദം മാമുക്കയുടേതാണെന്ന്‌ അയാള്‍ തിരിച്ചറിഞ്ഞു. താഴേക്കിറങ്ങാനുള്ള വഴി അയാള്‍ക്കു നിശ്ചയമുണ്ടായിരുന്നില്ല. മേലോട്ടും കീഴോട്ടും കണ്ണോടിച്ച്‌ അയാള്‍ ഒരു പുല്‍ച്ചാടിയെപ്പോലെ പുരപ്പുറത്ത്‌ പറ്റിപ്പിടിച്ചിരുന്നു.
താഴെ ആളുകളുടെ എണ്ണം കൂടിയിരിക്കുന്നു. അയാള്‍ക്ക്‌ വല്ലാതെ ഭയം തോന്നി. ആളുകള്‍ കൂട്ടം ചേര്‍ന്നു നിന്നു ആലോചിക്കുകയാണ്‌.
`ഫയര്‍ഫോഴ്‌സിനെ വിളിക്ക്‌' -ആരോ പറയുന്നതു കേട്ടു. മെന്റല്‍ ഹോസ്‌പിറ്റലിലേയ്‌ക്കു വിളിക്കാനും നിര്‍ദ്ദേശമുയര്‍ന്നു.
അപ്പോള്‍, ആരോ സംഘടിപ്പിച്ച കോണിയിലൂടെ ഒരാള്‍ മുകളിലേയ്‌ക്കു കയറാന്‍ തുടങ്ങി. അയാളുടെ മുഖം കണ്ടുകൂടാ. കറുത്ത ചുരുണ്ടമുടിയുള്ള ചെറുപ്പക്കാരനാണ്‌. അയാള്‍ക്ക്‌ നല്ല വേഗതയുണ്ട്‌.
അനങ്ങാതെ പിടിച്ചിരിക്കാനും ധൈര്യമായിരിക്കാനുമൊക്കെ താഴെയുള്ളവര്‍ വിളിച്ചുപറഞ്ഞുകൊണ്ടിരിക്കേ, കോണികയറിയെത്തുന്ന ചെറുപ്പക്കാരനായി കാത്തു നില്‍ക്കാതെ, മടക്കിവച്ച കാലുകള്‍ നിവര്‍ത്തി ഒരു പുല്‍ച്ചാടിയെപോലെ അയാള്‍ അല്‍പ്പമകലെ നില്‍ക്കുന്ന തെങ്ങിന്‍മണ്ടയിലേക്കു പറന്നു..

(1999 ജനുവരി 31 എക്‌സ്‌പ്രസ്സ്‌ വാരാന്ത്യപതിപ്പില്‍ പ്രസിദ്ധീകരിച്ചത്‌)

No comments:

Post a Comment