Friday, 17 January 2014

ഭയം



`എന്തിനാ വസ്വേട്ടാ അവനെന്റെ കഴുത്തിനു കുത്തിപ്പിടിച്ചത്‌....?'
വരണ്ടുണങ്ങിയ പാടവരമ്പത്തു കൂടി നടക്കുമ്പോള്‍ കഴുത്തു തടവി ഞാന്‍ ചോദിച്ചു.
`അവനു പലേ വെഷമങ്ങളല്ലേ..?. പാവം...'
വാസ്വേട്ടന്‍ അതു നിസ്സാരവത്‌ക്കരിച്ചു-
`അവന്റെ പെങ്ങള്‌ ഓടിപ്പോയി. തള്ളയാണെങ്കില്‍ പെഴ...'
`അവന്‍ കുടിച്ചിട്ടുണ്ട്‌'- സംസാരം ദീര്‍ഘിപ്പിച്ച്‌ ഞാന്‍ പറഞ്ഞു.
`ഉണ്ടാവും...ഓരോരോ സമയദോഷം.....'
അറുപതു വര്‍ഷത്തെ അനുഭവത്തിന്റെ കലപ്പകള്‍, മുഖത്തു കീറിയ ചാലുകളിലെ വെളുത്ത ശ്‌മശ്രുക്കളില്‍ ചൊറിഞ്ഞ്‌ വാസ്വേട്ടന്‍ കാല്‍ക്കീഴ്‌ നോക്കി നടന്നു..
വയല്‍ വരണ്ടു വിണ്ടുനീറിക്കിടക്കുന്നു. കണ്ണെത്താത്തിടത്തോളം...
ദൂരേ, തെങ്ങുകളുടെ പച്ചമണ്ടകള്‍ വെയിലേറ്റു തിളങ്ങി നില്‍ക്കുന്നു. ഒരു പുല്‍നാമ്പുപോലും തളിര്‍ക്കാത്ത വേനല്‍പാടം, ഗ്രാമത്തിന്റെ മനസ്സുപോലെ മലര്‍ച്ചു കിടന്നു.
അവന്റെ അമ്മയ്‌ക്കു കാമുകനുണ്ട്‌. അവനറിയുന്ന ആള്‍ തന്നെ..ശരിയാണ്‌. ഭര്‍ത്താവ്‌ മരിച്ച സ്‌ത്രീക്ക്‌ ഒരു അന്തിക്കൂട്ട്‌. കേട്ടവര്‍ തെറ്റുപറഞ്ഞില്ല.
പക്ഷെ, അവനെ അവര്‍ തറഞ്ഞു നോക്കി...ഒളികണ്ണിട്ട്‌ ചിരിച്ചു.
വരമ്പില്‍ നിന്നു പള്ളം കയറുന്ന ഭാഗത്ത്‌ തെങ്ങിന്‍ നിഴലില്‍ വാസ്വേട്ടന്‍ നിന്നു. ഒരു ബീഡിയെടുത്ത്‌ മുന്‍വരിയിലെ പല്ലുപോയഭാഗത്തു വച്ച്‌ കത്തിച്ചു; പിന്നെ നാവുകൊണ്ടു തുഴഞ്ഞ്‌, വിദഗ്‌ധമായി ചിറിയുടെ ഇടതുഭാഗത്തേക്കിട്ട്‌ ആഞ്ഞു വലിച്ചു.....
പല്ലുപോയ വിടവിലൂടെയും കുറച്ചു മൂക്കിലൂടെയും പുകവിട്ട്‌ വാസുവേട്ടന്‍ ആലോചനയിലായി.
വാസുവേട്ടന്റെ മോള്‍ തൂങ്ങിമരിച്ചതാണ്‌. അന്നു വയറ്റിലുണ്ടായിരുന്നു എന്നാണ്‌ കേള്‍വി..
അതിനും ആരും ഉത്തരവാദിയുണ്ടായില്ല...ഒരു പക്ഷെ, ഗ്രാമം മുഴുവനും..??
ആര്‍ക്കറിയാം...
വാസുവേട്ടന്‍ നടന്നു.
പള്ളം കയറിയാല്‍ ഇടത്തുഭാഗത്താണ്‌ കള്ളുഷാപ്പ്‌.
`നിനക്കു കുടിക്കണോ?.'
മറുപടിപറയാതെ ഷാപ്പിലേയ്‌ക്കു നൂണ്ടു.
ഒഴിഞ്ഞ ബഞ്ചിലിരുന്നപ്പോള്‍ ഇരുണ്ട മൂലകളില്‍, സുന്ദരിമാരുടെ ചിത്രങ്ങള്‍..തിരിഞ്ഞും മറിഞ്ഞുമുള്ളവ.. തെളിഞ്ഞു ചിരിച്ചു...
ഒരു തരി കാറ്റില്ല. പാടത്തുനിന്നുള്ള വരണ്ട കാറ്റ്‌ തെങ്ങിന്‍ മണ്ടകള്‍ക്കു മാത്രം..
ഷര്‍ട്ടിന്റെ രണ്ടു ബട്ടന്‍ തുറന്ന്‌ പിന്നിലേയ്‌ക്കു മലച്ചിട്ടു...
എന്നിട്ടും വിയര്‍പ്പുചാലുകള്‍ നെഞ്ചിലൂടെ ഒഴുകിക്കൊണ്ടിരിക്കുന്നു.
കുപ്പികളൊഴിഞ്ഞപ്പോള്‍ എവിടേനിന്നൊക്കെയോ ധൈര്യം ഊറിവന്നു.
`ഒരു ബീഡി താ.....'
വാസുവേട്ടന്‍ അരയില്‍ തപ്പി ബീഡിപ്പൊതി തന്നു.
വേലിക്കെട്ടിനടുത്തു നിന്ന്‌ പുകവലിച്ചൂതുമ്പോള്‍, ചോദിച്ചു-
`വാസ്വേട്ടന്‌ വീട്ടില്‍ പോകാന്‍ പേടിയുണ്ടോ...?.'
കലങ്ങിച്ചുവന്ന കണ്ണുകള്‍, എവിടെയോ ഉറപ്പിച്ചു നില്‍ക്കുകയാണ്‌ വാസ്വേട്ടന്‍.
`അവനുണ്ടാകുമോ?'
`ആരാണവന്‍.....??'
പതുക്കെ, ബീഡി വലിച്ചൂതി വസ്വേട്ടന്‍ പറഞ്ഞു-
`അറീല്ല. പക്ഷെ, അവന്‍....അവനെ പെണ്ണുങ്ങള്‍ക്ക്‌ ഇഷ്ടമാണ്‌....'
വീണ്ടും വാസ്വേട്ടനു ചെകിടോര്‍ത്തപ്പോള്‍ പള്ളമിറങ്ങി, കൈയില്‍ പാല്‍പാത്രവുമായി ജാനു വന്നു. ഷാപ്പില്‍ നിന്നു അല്‍പ്പം മാറി നിന്ന്‌, നോക്കി ചിരിച്ചു. പിന്നെ, വല്ലാത്തൊരു നോട്ടത്തോടെ തലചൊറിഞ്ഞു....
പാത്രം കിലുക്കി, വീണ്ടും തിരിഞ്ഞുനോക്കി ചിരിച്ചുകൊണ്ട്‌ അവള്‍ പാടത്തിനരികിലെ കൈതക്കാട്ടിനരികിലൂടെ അപ്രത്യക്ഷയായി.
`നിനക്കു കുറച്ചുകൂടി വേണോ...?'
വാസ്വേട്ടന്റെ ചോദ്യം കേട്ടപ്പോളാണ്‌ ചിന്തയില്‍ നിന്നുണര്‍ന്നത്‌.
`വേണ്ട..എനിക്കു അല്‍പ്പം ധൃതിയുണ്ട്‌...'
വാസുവേട്ടന്‍ വീണ്ടും ഷാപ്പിലേക്കു നൂണ്ടുകയറുമ്പോള്‍, മുണ്ടും മാടിക്കുത്തി ആവേശത്തോടെ കൈതക്കാട്‌ ലക്ഷ്യം വച്ചു നടന്നു.......