Thursday, 20 February 2014

മൗനം നല്‍കുന്ന ഉത്തരം



ഓരോരുത്തര്‍ക്കും, ജോലി ഒരു രക്ഷപ്പെടലായിരുന്നു. അവനവനില്‍ നിന്നും ഈ നാട്ടില്‍ നിന്നും..
അവനും ഇന്നു പോകും, വൈകീട്ടുളള വണ്ടിയ്‌ക്ക്‌.
അവനും.....
പുഴയോടു ചേര്‍ന്നുള്ള ആല്‍ത്തറയില്‍ ഇരിക്കുമ്പോള്‍, ഒന്നും സംസാരിക്കാനുണ്ടായിരുന്നില്ല.
നീര്‍ച്ചാലായിത്തുടങ്ങിയിരിക്കുന്നു, പുഴ. മണല്‍വാരുന്ന വള്ളങ്ങളിലുള്ളവരുടെ സംസാരം, കാറ്റിനൊപ്പം ഇടയ്‌ക്കു കയറിവരും...ആലിലകളുടെ കലകലപ്പില്‍ മറഞ്ഞുപോകും.
പിന്നില്‍, ആത്മാക്കള്‍ക്ക് മോക്ഷം  നല്‍കുന്ന മൂര്‍ത്തിയുടെ അമ്പലം ആളൊഴിഞ്ഞു കിടന്നു.
രാവിലേയും സന്ധ്യയ്‌ക്കും മാത്രമേ മൂര്‍ത്തിക്കു അനുഗ്രഹം നല്‍കാനുള്ള ബാധ്യതയുള്ളൂ.
ബാക്കി സമയം ഉറങ്ങുകയോ ചതുരംഗം കളിക്കുകയോ ആവാം.
ഭാഗ്യവാന്‍....!!
പട്ടാളത്തിലെ ജോലിയ്‌ക്കായി ഒന്നിച്ചാണ്‌ പോയത്‌. പക്ഷെ, അവനു മാത്രമായിരുന്നു അനുഗ്രഹം...
അസൂയയില്ല. പക്ഷെ, നാട്ടില്‍ ഇനി...
`നീ ചെന്നിട്ട്‌ എഴുതണം, വിവരത്തിന്‌'
അവനൊന്നും പറഞ്ഞില്ല. മണല്‍പരപ്പിലേയ്‌ക്കു വെറുതേ കണ്ണുംപായിച്ചിരുന്നു.
`നമ്മുടെ നാടകസംഘം...' സംശയിച്ചാണെങ്കിലും ചോദിച്ചു.
അവന്‍ അപ്പോഴും ഒന്നും പറഞ്ഞില്ല.
പുഴയില്‍ നിന്നു വീശിയ കാറ്റിന്റെ ചൂളംവിളിക്കൊപ്പം ഈറന്‍മണ്ണിന്റെ ഗന്ധവും നിറഞ്ഞു.
എല്ലാ ഉത്തരങ്ങളും ഉത്തരങ്ങളല്ല; ആയിരിക്കുകയുമില്ല.
പക്ഷെ, മൗനം എല്ലായ്‌പോഴും ഉത്തരം നല്‍കിക്കൊണ്ടേയിരിക്കുന്നു....
പുഴയുടെ മടിത്തട്ടില്‍ നീണ്ടു നിവര്‍ന്നു കിടക്കുന്ന ഒറ്റയടിപ്പാതയിലൂടെ, അപ്പോള്‍, ഒരു പശുവിനെയും തെളിച്ച്‌ ചെറുക്കന്‍ വന്നു.
ഹൊയ്‌...ഹൊയ്‌...!
ചെറുക്കന്റെ ഒച്ചവയ്‌ക്കലുകള്‍, ഇടയ്‌ക്കിടെ ഉച്ചത്തിലും ചിലപ്പോള്‍ ഒട്ടും കേള്‍ക്കാതേയുമിരുന്നു...
അകലെ, യാത്രക്കാരേയും പ്രതീക്ഷിച്ച്‌ റെയില്‍പാലം കാത്തുകിടക്കുന്നു..
മടങ്ങാനായി എഴുന്നേല്‍റ്റപ്പോള്‍, അവനും കൂടെ എഴുന്നേറ്റു.
എന്നും തൊഴുതിരുന്ന അമ്പലത്തിനു മുന്നില്‍, തൊഴുമെന്നു കരുതി...
ഇല്ല. അവന്‍ മുന്നോട്ടു നടന്നു....
അമ്പലത്തിനു പുറകില്‍, വഴിപിരിയുന്നിടം വരെ നിശ്ശബ്ദനായി കൂടെ നടന്നു.
അവന്‍ ഓര്‍മ്മകളിലായിരിക്കണം...
പാവം..!.
വഴിയുടെ സന്ധിയില്‍, പറയാനെന്തോ മനസ്സില്‍ കരുതിയിരുന്നതുപോലെ, അവന്‍ ഒന്നുനിന്നു...
പിന്നെ, മുഖമുയര്‍ത്താതെ പറഞ്ഞു-
`ഞാന്‍, രക്ഷപ്പെടട്ടെ......'