Saturday, 31 August 2013

മരണത്തെ വെല്ലുവിളിച്ചവന്‍


പതിനേഴു വെട്ട്‌. ഹൃദയത്തിനു തൊട്ടരികിലൂടെ, തൊട്ടൂതൊട്ടില്ലെന്ന മട്ടില്‍ കഠാരകൊണ്ടുള്ള ഒരു കുത്തും. രക്ഷപ്പെടില്ലെന്നായിരുന്നു നാട്ടിലെ സംസാരം. പക്ഷെ, രക്ഷപ്പെട്ടു...
ഒരേ കിടപ്പുകിടന്നു, ഏഴുമാസം. പ്രാര്‍ത്ഥനകള്‍...മരുന്ന്‌..മന്ത്രം..
കുട്ടാടന്‍പാടത്ത്‌ വ്യവസായശാല വരുന്നതായിരുന്നു കാര്യം. നാട്ടില്‍ ആഘോഷമായിരുന്നു ആദ്യം. പിന്നെ, സംശയമായി.
അങ്ങാടിയിലെ കേശുനായരുടെ ചായക്കടയില്‍ അടച്ചിരുന്നും തുറന്നവേദിയിലും ചര്‍ച്ചകള്‍ നടക്കുന്നു.
ഇപ്പോഴും മുപ്പൂവ്‌ കൃഷിയിറക്കുന്നതാണ്‌ കുട്ടാടന്‍പാടം.
`നമുക്ക്‌ ഒരു നിലപാടുവേണം. നാട്ടുകാരുടെ ചോദ്യം ഞങ്ങളോടാണ്‌'-പാര്‍ട്ടി മീറ്റിങ്ങില്‍ അയാള്‍ തുറന്നു പറഞ്ഞു.
കട്ടിക്കണ്ണടയിലൂടെ, സെക്രട്ടറി സാകൂതം അയാളെ ഒന്നുഴിഞ്ഞു നോക്കി. എണ്ണമയമുള്ള അയാളുടെ മുഖത്തു ഒരു ഭാവമാറ്റവുമില്ല.
ഉത്തരം കിട്ടാഞ്ഞപ്പോള്‍ അയാള്‍ വീണ്ടും എഴുന്നേറ്റു. ഇത്തവണ മറ്റുമൂന്നു പേര്‍ കൂടി ഒപ്പം എഴുന്നേറ്റു.
`കമ്പനി വരുന്നതില്‍ ശേഖരന്റെ എതിര്‍പ്പ്‌ ഞങ്ങള്‍ക്കറിയാം'- മൂന്നാളും പറഞ്ഞത്‌ ഒന്നിച്ചായിരുന്നു.
അയാള്‍ ഞെട്ടി.
`ശേഖരന്റെ മൂന്നു കണ്ടങ്ങളുണ്ട്‌ അവിടെ'.
അമ്പരന്നു നില്‍ക്കുന്ന അയാളെ നോക്കി സെക്രട്ടറി കറുത്തചുണ്ടു കോട്ടിച്ചിരിച്ചു.
ചിരിച്ചതാണോ?. അതോ...
അയാള്‍ ഒന്നും പറഞ്ഞില്ല. പാര്‍ട്ടിയുടെ ആദ്യത്തെ സെക്രട്ടറി കണാരേട്ടന്റെ കുടുംബം കഴിഞ്ഞു കൂടുന്നത്‌ കുറച്ചു കൃഷിയുളളതുകൊണ്ടാണെന്ന്‌ പറയണമെന്നുണ്ടായിരുന്നു...

പക്ഷെ പറഞ്ഞില്ല... 
യോഗം കഴിഞ്ഞു പുറത്തിറങ്ങുമ്പോള്‍, സുകു അടുത്തു വന്നു. ചെറുപ്പക്കാരനാണെങ്കിലും കാര്യവിവരമുള്ളവനാണ്‌.
`ശേഖരേട്ടന്‍ പറഞ്ഞതാണ്‌ ശരി..' അവന്‍ ശബ്ദം താഴ്‌ത്തിപ്പറഞ്ഞു. പക്ഷെ, എനിക്ക്‌...
`അല്ല. ഭൂരിപക്ഷമാണല്ലോ എപ്പോഴും ശരി'- അയാള്‍ ചിരിച്ചു.
`ശേഖരേട്ടന്‍ ഇന്നു തനിച്ചു പോകണ്ട. ഞാനും വരാം'-
സുകു  പറഞ്ഞു.
`വേണ്ട'-അയാള്‍ ചിരിച്ചു കൊണ്ടു പറഞ്ഞു.
പാവം, കുട്ടി!.
കശുമാവിന്‍ തോപ്പിലൂടെ, വീട്ടിലേക്കുള്ള വഴിയിലേക്കു കയറുമ്പോള്‍, നാലഞ്ചുപേര്‍..
നാട്ടുവെളിച്ചത്തില്‍ ഒന്നും വ്യക്തമല്ല.
അടുത്തെത്തുമ്പോള്‍ അവര്‍ വഴിയുടെ നടുവിലേയ്‌ക്കു കയറി നിന്നു.
കശുമാവിന്‍ പൂക്കളുടെ രൂക്ഷഗന്ധം അന്തരീക്ഷത്തില്‍ വിങ്ങി നില്‍ക്കുന്നു.
പെട്ടെന്ന്‌,  തൊട്ടുമുന്നില്‍, വായുവില്‍ ഉയര്‍ന്ന കൈകളില്‍ ആയുധങ്ങള്‍ മിന്നുന്നത്‌ അയാള്‍ വ്യക്തമായിക്കണ്ടു. 
ആരാണെന്നു ചോദിക്കണമെന്നുണ്ടായിരുന്നു... 
അപ്പോഴേക്കും... 
ആദ്യത്തെ വെട്ട്‌ ഇടതു കൈയുയര്‍ത്തി തടഞ്ഞു. ശരീരത്തിലൂടെ മഞ്ഞുപോലെ തണുത്ത എന്തോ കടന്നു പോയതായി അയാള്‍ക്കു തോന്നി.
പിന്നെ ആക്രോശങ്ങള്‍...ഓടിയകലുന്ന ശബ്ദങ്ങള്‍....സര്‍വ്വത്ര ഇരുട്ടായി പിന്നെ..
അയാള്‍ ഞെട്ടിയുണര്‍ന്നു. പുറത്ത്‌ വെയില്‍ മൂത്തിരിക്കുന്നു. നടക്കാന്‍ ഇപ്പോഴും ബുദ്ധിമുട്ടുണ്ട്‌.
അയയില്‍ കിടന്ന ഷര്‍ട്ട്‌ വലിച്ചെടുത്തു വരാന്തയിലേക്കിറങ്ങുമ്പോള്‍, അമ്മ വിളിച്ചു പറഞ്ഞു: `വൈകണ്ടാ ട്വൊ, കുട്ട്യേ..'
ഉത്തരത്തിനിടയില്‍ വച്ചിരുന്ന 
വളഞ്ഞ പിടിയുള്ള   കഠാര തപ്പിയെടുത്ത്‌ അരയില്‍ തിരുകുന്നത്‌ അമ്മ കണ്ടിട്ടില്ല..!
പാവം!.
അയാള്‍ ഉറച്ച മനസ്സോടെ അങ്ങാടിയിലേക്കു നടന്നു......

Thursday, 29 August 2013

ചെഗുവേരയെ കാണാനില്ല



രാവിലെ നേരത്തേയുള്ള നടത്തം മുടക്കാറില്ല, മഴയായാലും മഞ്ഞായാലും. നഗരത്തിനുള്ളിലാണെങ്കിലും, നാടന്‍ ചായക്കടയുടെ എല്ലാ സൗഭാഗ്യങ്ങളുമുള്ള അപ്പുവേട്ടന്റെ കൊച്ചു പീടികയാണ്‌ ലക്ഷ്യം. ഭാര്യ തങ്കമണിച്ചേച്ചിയും മകള്‍ അമ്മിണിയുമാണ്‌ അടുക്കളയിലെ സഹായികള്‍. ഒതുക്കമുളള കൊച്ചു ചായക്കടയില്‍ ചൂടുള്ള ചായക്കൊപ്പം ചൂടുളള പത്രവാര്‍ത്തകളും കേട്ടുരസിക്കാം. എല്ലാമറിയുന്ന ഒരു ചെറുപ്പക്കാരനാണ്‌ ചര്‍ച്ചയുടെ അധ്യക്ഷന്‍. കുറ്റിത്താടി തടവി അയാള്‍ കൈയും കലാശവുമായാണ്‌ സംസാരിക്കുക. എന്തോ ഒരു വശ്യത അയാളിലുണ്ട്‌ എന്നു തോന്നിയിരുന്നു.
അപ്പുവേട്ടന്റെ കടയുടെ ചുവരില്‍ ചെഗുവേരയുടെ ഒരു വലിയ ചിത്രം ഒട്ടിച്ചുവച്ചിരുന്നു. അടുപ്പിലെ പുകതട്ടി അതു മഞ്ഞനിറമായി തുടങ്ങിയിട്ടുണ്ട്‌. ലോകയുവത്വം ഇന്നും നെഞ്ചിലേറ്റുന്ന വിപ്ലവനായകനും അപ്പുവേട്ടനും തമ്മിലെന്തുബന്ധം?. പലതവണ ചോദിക്കാന്‍ ആഞ്ഞതാണ്‌. പിന്നെ വേണ്ടെന്നു വച്ചു. ചെറുപ്പക്കാരന്‍ എന്നും ചെഗുവേരയെ നോക്കി വണങ്ങുകയും അദ്ദേഹത്തിന്റെ ചെയ്‌തികളെ വാഴ്‌ത്തുകയും ചെയ്യുന്നതു കണ്ടു അത്ഭുതം തോന്നി. ചെഗുവേരയുടെ വാക്കുകള്‍ വള്ളിപുള്ളി വിടാതെ അയാള്‍ ഉദ്ധരിക്കുമായിരുന്നു. നാടിന്റെ നന്മയ്‌ക്ക്‌ അത്തരം ആളുകളാണ്‌ ആവശ്യമെന്നും അയാള്‍ പറയും. അത്ഭുതത്തോടെ, അതിലേറെ ആദരവോടെ അയാളെ കേട്ടിരിക്കും. ഓരോദിവസവും പുതിയ അറിവുകളുമായാണ്‌ അപ്പുവേട്ടന്റെ ചായപ്പീടികയില്‍ നിന്നു ഞങ്ങളോരോരുത്തരും മടങ്ങിയത്‌.
പ്രഭാഷണങ്ങള്‍ക്കിടെ ചെറുപ്പക്കാരന്റെ കണ്ണുകള്‍ അസാധാരണമായി തിളങ്ങുമായിരുന്നു. അപ്പുവേട്ടന്റെ അടുക്കളയിലേയ്‌ക്കു നീളുന്ന ആ കണ്ണുകള്‍ ചിരിക്കുന്നുണ്ടോ എന്നും എനിക്കു തോന്നി. കണ്ണുകള്‍ക്ക്‌ ഇത്രയും എക്‌സ്‌പ്രസ്സീവ്‌ ആകാനാവുമോ?. ഞാന്‍ അസൂയപ്പെട്ടുപോയി, ആ ചെറുപ്പക്കാരനോട്‌.
എന്റെ ഞായറാഴ്‌ചകള്‍ വിരസമാണ്‌. കാരണം അപ്പുവേട്ടന്റെ ചായക്കട മുടക്കമാണ്‌. മുഷിവു തീര്‍ക്കാന്‍ പുസ്‌തകങ്ങളില്‍ അഭയം തേടും. തിങ്കളാഴ്‌ച, വീണ്ടെടുത്ത ഉന്മേഷത്തോടെ അപ്പുവേട്ടന്റെ ചായക്കടയിലേയ്‌ക്കു നടന്നു. കടതുറന്നിട്ടില്ല, ആറരയായിട്ടും. പതിവുകാര്‍ കടയ്‌ക്കുമുന്നിലുണ്ട്‌. ഈശ്വരാ..അപ്പുവേട്ടനെന്തെങ്കിലും?. മനസ്സ്‌ അസ്വസ്ഥമായി. ഒന്നും ചോദിക്കാന്‍ ധൈര്യം വന്നില്ല. ഒടുവില്‍ കുന്തിച്ചിരുന്നു ബീഡിവലിക്കുന്ന പറമ്പുപണിക്കാരന്‍ വാസുവിനോടു ചോദിച്ചു. ബീഡി ഒന്നു കൂടി ആഞ്ഞുവലിച്ചൂതി അയാള്‍ പറഞ്ഞു: ചെഗുവേരയെ കാണാനില്ല, അപ്പുവേട്ടന്റെ മോളേം.
അപ്പോള്‍ പുറം തിരിഞ്ഞു നില്‍ക്കുകയായിരുന്ന മാധവേട്ടന്‍ പെട്ടെന്നു തിരിഞ്ഞിട്ടു പറഞ്ഞു: ഛെ..........!!!

ശവം



കടമ്പ ചാടിക്കടന്ന്‌ ചങ്കുണ്ണി ഓടിവരുന്നതു കണ്ടപ്പോഴേ വിചാരിച്ചതാണ്‌ എന്തോ പ്രശ്‌നവും കൊണ്ടാണു വരവെന്ന്‌. തെറ്റിയില്ല. ധൃതിയില്‍ ഇറത്തിണ്ണയിലേക്കു കയറി, മുഷിഞ്ഞ തോര്‍ത്തുകൊണ്ടു നെറ്റിയിലെ വിയര്‍പ്പുചാലൊപ്പി അയാള്‍ വിറക്കുന്ന ശബ്ദത്തില്‍ പറഞ്ഞു:
`തമ്പ്രാട്ട്യേ, നൊമ്മടെ തെക്കേപ്പാടത്ത്‌ ഒരു ശവം!'.
വാതില്‍ക്കല്‍ നിന്ന അമ്മ അറിയാതെ പറഞ്ഞുപോയി: ഹയ്യോ..!
ഉള്ളില്‍ ഒരു വിറപാഞ്ഞു.
`ആരടേയ്‌ ചങ്കുണ്ണ്യേ...?'. അമ്മമ്മയാണ്‌. അടുക്കളയില്‍ നിന്നു വല്ല്യമ്മയും പുറത്തെത്തിയിരിക്കുന്നു.
`നൊമ്മടെ നാട്ടുകാരനല്ല. കണ്ടു പരിചയല്ല്യമ്പ്രാട്ടീ'. ചങ്കുണ്ണിയുടെ വിറ മാറിയിട്ടില്ല. കുറച്ചു വെള്ളം കുടിക്കാന്‍ വേണമെന്ന്‌ അയാള്‍ ആംഗ്യം കാട്ടി . ഗ്ലാസ്‌ ഒറ്റ വീര്‍പ്പിന്‌ തീര്‍ത്തു.
`വായില്‍ നിന്നു നുരയും പതയും വന്നിട്ടുണ്ട്‌...വെഷം കഴിച്ചതാണെന്ന്‌ ആളുകള്‌ പറയണുണ്ട്‌'.
ചങ്കുണ്ണിയുടെ പ്രേതവിചാരണ കേള്‍ക്കാതിരിക്കാന്‍ അമ്മ എന്നെ പെട്ടെന്ന്‌ പിന്നിലേക്കു മാറ്റി നിര്‍ത്തി.
`കുട്ട്യോള്‌ സ്‌കൂളില്‍ പോവാന്‍ നേരത്ത്‌ ഓരോന്ന്‌്‌...'
ചങ്കുണ്ണി പിന്നേയും വിവരിച്ചു. ശവത്തിന്റെ നീളം, വീതി, ചരിഞ്ഞുള്ള കിടപ്പ്‌....
കറുത്തു തടിച്ച ഒരാളാണ്‌. ചുരുണ്ടമുടി. കേട്ടിടത്തോളം പരിചയമുള്ള മുഖമല്ല.
സ്‌കൂളിലേയ്‌ക്കുളള വഴി തെക്കേപ്പാടം വഴിയാണ്‌. അതോര്‍ത്തപ്പോള്‍ ഉള്ളില്‍ കൊള്ളിയാന്‍ മിന്നി. ദുര്‍മരണം നടന്നാല്‍ പ്രേതാത്മാവുണ്ടാകും. അതു മനുഷ്യരെ ഉപദ്രവിക്കാന്‍ അലഞ്ഞു തിരിയും...അമ്മമ്മ പറഞ്ഞിട്ടുണ്ട്‌.
പടിപ്പുരയ്‌ക്കു താഴത്തുകൂടി ആളുകള്‍ പോകുന്നതു കാണാം. എല്ലാവരും തെക്കേപ്പാടത്തേക്കാണ്‌. അടക്കിപ്പിടിച്ച സംസാരത്തിന്റെ ചീളുകള്‍ കേള്‍ക്കാം. `അരാവോ ഈശ്വരാ...?' വല്ല്യമ്മ ആത്മഗതം ചെയ്‌തു.
ഇനി പൊലീസുംകൂട്ടവും ഒക്കെയാവും.
`പൊലീസ്‌ എത്തീന്‌' ചങ്കുണ്ണി പറഞ്ഞു. അമ്മയുടെ പിറകില്‍ നിന്ന്‌ ഒളിഞ്ഞുനോക്കുമ്പോള്‍ ചങ്കുണ്ണി മാഞ്ഞുകഴിഞ്ഞിരിക്കുന്നു!.
`അപ്പൂ ഇന്ന്‌ സ്‌കൂളില്‍ പോണ്ട'. അമ്മമ്മയുടെ ആ ഉത്തരവ്‌ എത്തിയപ്പോഴാണ്‌ ആശ്വാസമായത്‌. പക്ഷെ, മനസ്സ്‌ ശവത്തില്‍ നിന്നു വിട്ടുപോരുന്നില്ല.
ആരാവും മരിച്ചത്‌?. കറുത്തശവം മനസ്സില്‍ നിറഞ്ഞു. എന്തിനാവും അയാള്‍ വിഷം കഴിച്ചത്‌?. ചോദിക്കാന്‍ പറ്റിയ ആരും വീട്ടിലില്ല. ഒടുവില്‍ ധൈര്യം സംഭരിച്ച്‌ അമ്മയോടുതന്നെ ചോദിച്ചു. ശകാരവര്‍ഷമായിരുന്നു പിന്നെ:
`അപ്പുറത്ത്‌ പോയിരുന്നു പഠിച്ചാ....ചെക്കന്റെ ഓരോ ചോദ്യങ്ങള്‌..' മനസ്സില്‍ വിഷമം വന്നാലും അമ്മ ചീത്തപറയും. അമ്മയുടെ സ്വഭാവം അങ്ങിനെയാണ്‌.
പുസ്‌തകത്തിലെ കറുത്തഅക്ഷരങ്ങളില്‍ കണ്ണമര്‍ത്തിവച്ചപ്പോഴും കറുത്തശവം മുന്നില്‍ വന്നു. ചുരുണ്ടമുടിയുള്ള ശവം. പാടത്തെ ചെളിയില്‍ ചരിഞ്ഞുകിടക്കുന്ന ശവം. പല്ലുകള്‍ കൊരുത്തുപിടിച്ച ചുണ്ടിലൂടെ നുരയും പതയും ഒഴുകുന്ന ശവം... മനസ്സില്‍ ഭയത്തിന്റെ നേര്‍ത്ത പടലം...

തെക്കിനിയില്‍ വിളക്കുവച്ചു.
നാമം ചൊല്ലുന്ന അമ്മമ്മയോടുചേര്‍ന്നിരുന്നിട്ടും  ഭയം കിരുകിരുത്തു. 

പുറത്തെ ഇരുട്ടില്‍ ശവം ചിരിച്ചു നില്‍ക്കുന്നു...!
ചുരുണ്ട മുടിയുള്ള...
 മഴ കനത്തിരിക്കുന്നു. അമ്മയോടു ചേര്‍ന്ന്‌ കണ്ണിറുക്കിയടച്ചു കിടന്നു.
ഇരുട്ടില്‍ മഴയുടെ പെരുമ്പറകൊട്ട്‌ കേട്ടു കിടക്കുമ്പോളും ഉറക്കം അനുഗ്രഹിച്ചില്ല. 

ഈശ്വരാ ശവം....
അപ്പോള്‍ അമ്മ എന്നെ ചേര്‍ത്തുപിടിച്ച്‌ പുറത്തു തലോടി: `ന്റെ കുട്ടി ഉറങ്ങിക്കോ...അമ്മയില്ലേ..?'.
ഞാനുറങ്ങി.

മരണത്തിനു വരാന്‍ കണ്ട നേരം



ഇടവഴി തിരിയുമ്പോള്‍ വീട്ടിനു മുന്‍പില്‍ ആള്‍ക്കൂട്ടം. അയാള്‍ പേടിച്ചു. രാവിലെ ജോലിക്കുപോകുമ്പോള്‍ ആര്‍ക്കും കുഴപ്പമൊന്നുണ്ടായിരുന്നില്ലല്ലോ?. 
അമ്മ....?
അയാള്‍ വിയര്‍ത്തു. ഈശ്വരാ...
ആള്‍ക്കൂട്ടം അവിടെയും ഇവിടെയും കൂടി നിന്നു അടക്കി സംസാരിക്കുന്നു.
ഭാര്യ..മക്കള്‍....അയാളുടെ മനസ്സിലൂടെ സ്‌നേഹത്തിന്റെ മുഖങ്ങള്‍
മിന്നിമറഞ്ഞു.
ശരീരമാകെ വിയര്‍പ്പുചാലുകളൊഴുകുന്നു.
എന്താണു പറ്റിയത്‌...?? ആരും നോക്കുന്നതു പോലുമില്ലല്ലോ?.
പരിചയമുള്ളവര്‍ പോലും മുഖത്തുനോക്കാതെ നില്‍ക്കുന്നു.
വിറക്കുന്ന ശരീരത്തോടെ, അയാള്‍ ധൃതിയില്‍ പടിപ്പുരയിലേക്കു
നടന്നു കയറി.
നാളികേരമുറികളില്‍ അരിത്തിരി കരിഞ്ഞതിന്റെ ഗന്ധം....
ഉമ്മറപ്പടിയിലും അവ ഇപ്പോഴും എരിഞ്ഞു കത്തുന്നു.
പരിചയക്കാര്‍, മുഖത്തു നോക്കിയിട്ടുപോലും ഒന്നും പറയുന്നില്ല..!
അയാള്‍ അമ്പരന്നു...
വീട്ടിനുള്ളില്‍ നിന്നു അടക്കിപ്പിടിച്ച തേങ്ങലുകള്‍....
കൈയും കാലും വിറക്കുന്നു.
പടികള്‍ കയറി അയാള്‍ അകത്തേക്കു കടന്നപ്പോള്‍ നടുത്തളത്തില്‍ കരഞ്ഞു തളര്‍ന്ന ഭാര്യയേയും മക്കളേയും കണ്ടു.
അയാള്‍ ഞെട്ടി.....
നീണ്ടു നിവര്‍ന്നങ്ങനെ കിടക്കുന്നത്‌...??
അയാള്‍ വീണ്ടും ഞെട്ടി...അതയാള്‍ തന്നെ.
അപ്പോള്‍ മരിച്ചത്‌?.
അയാള്‍ ചുറ്റും നോക്കി. ആളുകള്‍ കൂടി നില്‍ക്കുന്നു, ഒരു ഭാവഭേദവുമില്ലാതെ..
അപ്പോള്‍, അയാള്‍ പതുക്കെ ചിരിച്ചു. പിന്നെ പറഞ്ഞു:
`മരണത്തിനു വരാന്‍ കണ്ട നേരം'.
പക്ഷെ, ആരും അതു കേട്ടില്ല...

മാഷ്‌



ഉഷ്‌ണം. ഉണ്ണിക്കുട്ടന്‍ കണക്കു പുസ്‌തകവുമായി ചാരുപടിയില്‍ ഇരുന്നു. അനക്കമറ്റ ഇലച്ചാര്‍ത്തുകളില്‍ സന്ധ്യ കറുത്തു. ആകാശത്തിന്‌ എന്നിട്ടും ചെമ്പന്‍നിറം. ഇലച്ചാര്‍ത്തുകളില്‍ നരിച്ചീറുകള്‍ വന്നും പോയുമിരിക്കുന്നു. ശല്ല്യമാകുമ്പോള്‍, ചേക്കയിരുന്ന പക്ഷി പ്രതിഷേധിച്ചു. നാളെ കണക്കു പരീക്ഷയാണ്‌. വേനലവധിക്കു ഒരു ദിവസം കൂടി മാത്രം. അതായിരുന്നു അവന്റെ മനസ്സു നിറയേ.
നാരായണന്‍കുട്ടി മാഷിന്റെ കണക്കു ക്ലാസുകള്‍...വീട്ടിലിരിക്കുമ്പോള്‍ പോലും ഓര്‍ത്താല്‍ പേടിയാണ്‌. മാഷുടെ ശിക്ഷ കഠിനമാണ്‌.
പുസ്‌തകത്തില്‍ ചെയ്‌തിരിക്കുന്ന കണക്കുകളില്‍ മാഷുടെ ചുവന്ന മഷികൊണ്ടുള്ള അടയാളപ്പെടുത്തലുകള്‍. അവയ്‌ക്കുമുണ്ട്‌ ഞെട്ടിക്കുന്ന കാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കാന്‍. ചുവന്ന വെട്ടുവീണ കണക്ക്‌, തുടയില്‍ മാഷുടെ തിരുമ്പിന്റെ നീറ്റല്‍...അവന്‍ അറിയാതെ തുടയില്‍ തടവിപ്പോയി.
ഒരിക്കല്‍ ട്രൗസറില്‍ മൂത്രം പോയിട്ടുണ്ട്‌. പിച്ചിന്റെ ശക്തിയില്‍...
അന്നു മുതല്‍ മാഷോടു വെറുപ്പായിരുന്നു. കണക്കെന്ന വിഷയത്തിനോടും.
 വരാന്തയിലെ ട്യൂബുലൈറ്റില്‍ നിറയെ പ്രാണികളുണ്ട്‌. അവയെ പിടിക്കാന്‍, പതുങ്ങിയിരിക്കുന്നുണ്ട്‌ ഒരു ഗൗളി. അവനു രസം തോന്നി. ഗൗളിയുടെ വാല്‍ വളഞ്ഞു ചുഴറ്റുന്നുണ്ട്‌. ഒരു പ്രാണിയെ ഉന്നം വച്ചിരിക്കയാണ്‌. ട്യൂബിന്റെ മൂളിച്ചയും പ്രാണികള്‍ അതില്‍ വന്നു തട്ടുമ്പോഴുള്ള കിലുകിലാ ശബ്ദവും ഗൗളി അറിയുന്നതേയില്ല. അതിന്റെ ശ്രദ്ധയത്രയും അടുത്തുവരുന്ന പാറ്റയിലാണ്‌. ഉണ്ണി മേലോട്ടു നോക്കിയിരുന്നു. പാറ്റയ്‌ക്ക്‌ ഗൗളിയോളം വലുപ്പമുണ്ട്‌.. ഗൗളി തോറ്റതു തന്നെ...
ദാ...പാറ്റ അടുത്ത്‌!. ഒറ്റക്കുതിപ്പിന്‌ ഗൗളി അതിനെ വായിലാക്കിക്കഴിഞ്ഞു... പിന്നെ രണ്ടു കുടച്ചില്‍!. കഴിഞ്ഞു. അവന്‍ ചിരിച്ചു.
ജീവശാസ്‌ത്രം പുസ്‌തകത്തിലെ ഭക്ഷണചക്രമാണ്‌ ഓര്‍മ്മ വന്നത്‌.
തുമ്പിയെ തവള പിടിക്കുന്നു..തവളയെ പാമ്പു പിടിക്കുന്നു..പാമ്പിനെ പരുന്തു പിടിക്കുന്നു....
`കുട്ടി എന്താ ബ്രഹ്മം കാണണേ..ഈശ്വരാ, നാളെ കണക്കല്ലേടാ...'
അവന്‍ ഞെട്ടിപ്പോയി. അമ്മ വാതില്‍ക്കല്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നു.

അവന്‍ പുസ്തകത്തില്‍ മുഖം പൂഴ്ത്തി.
ക്ലാസിനു പുറത്ത്‌ വെയില്‍ ചാഞ്ഞിരിക്കുന്നു. ഹെഡ്‌മാഷുടെ മുറിക്കു മുന്നില്‍ നിന്നു ഒരു തവണ മണിമുഴങ്ങി. പരീക്ഷകഴിയാന്‍ അഞ്ചുമിനുട്ടുകൂടിയേ ഉള്ളൂ. അവസാനത്തെ പരിശോധന. ക്ലാസ്‌ മുറിയിലെ മഞ്ഞച്ചായമടിച്ച ചുവരില്‍, ചാഞ്ഞുവീഴുന്ന വെയില്‍, കൂടുതല്‍ മഞ്ഞച്ചു. ഉത്തരപേപ്പറിനും വെള്ളഷര്‍ട്ടിട്ട നാരായണന്‍ കുട്ടി മാഷിനും മഞ്ഞനിറം!.മാഷുടെ നരച്ച മുടിക്കുമുണ്ട്‌ മഞ്ഞരാശി...
ഒടുവില്‍, കാത്തിരുന്ന കൂട്ടമണി മുഴങ്ങി. ആഹ്ലാദാരവത്തോടെ ക്ലാസിനു പുറത്തേക്കു കുതിക്കുമ്പോള്‍, മുമ്പില്‍ അച്ഛന്‍!. അവസാന ദിവസം മാഷെ കാണാനെത്തുമെന്നു പറഞ്ഞത്‌ അവനോര്‍ത്തില്ല. ഉത്തരക്കടലാസു കെട്ടുമായി ചിരിച്ചു കൊണ്ടു മാഷെത്തി. അച്ഛന്റെ പിന്നില്‍ ചാരി പിറകോട്ടു തിരിഞ്ഞ്‌ ദൂരേക്കു നോക്കി അവന്‍ നിന്നു. അച്ഛനും മാഷും എന്തൊക്കെയോ സംസാരിക്കുന്നു. അവന്റെ മനസ്സ്‌ വീട്ടിലെത്തിയിരുന്നു. രണ്ടുമാസത്തെ വേനലവധി..അതായിരുന്നു മനസ്സു നിറയേ.
അപ്പോള്‍, അവന്റെ തലയില്‍ ഒരു തണുത്ത വിരല്‍ തൊട്ടു. ഞെട്ടലോടെ അവന്‍ തിരിഞ്ഞു നോക്കി, നാരായണന്‍കുട്ടി മാഷ്‌..! മാഷുടെ നരച്ച കണ്ണുകളില്‍ നനവ്‌ പൊടിഞ്ഞിട്ടുണ്ടോ?.
`നന്നാവും...' മാഷ്‌, അച്ഛനോടായി പറഞ്ഞു.
ചെമ്മണ്ണു ചവിട്ടിത്തെറിപ്പിച്ച്‌ ,അച്ഛനൊപ്പം വീട്ടിലേക്കു നടക്കുമ്പോള്‍ അവന്റെ മനസ്സിലേക്കു ഒരു തണുപ്പിറങ്ങി വന്നു; നാരായണന്‍കുട്ടി മാഷുടെ കൈകള്‍ക്കുണ്ടായിരുന്ന അതേ തണുപ്പ്‌.

സ്വതന്ത്രന്‍



ബാങ്കിന്റെ ചില്ലു ജാലകത്തിലൂടെ നോക്കിയാല്‍ നഗരം കാണാം. മഹാക്ഷേത്രത്തിനെ സദാ വലംവച്ചൊഴുകുന്ന, ഒരു പുഴപോലെ അണമുറിയാതെ മനുഷ്യരും വാഹനങ്ങളും.
അയാള്‍ മൈതാനിയിലെ പച്ചപുതച്ച മരങ്ങള്‍ക്കു മുകളിലൂടെ, ചാഞ്ഞു കിടക്കുന്ന നീലാകാശം നോക്കി നിന്നു. ബാങ്കിലെ തിരക്കൊഴിഞ്ഞിട്ടു വേണം മാനേജരെ കാണാന്‍. അനുജത്തിയുടെ പഠനത്തിനായി എടുത്ത ലോണിനു നോട്ടീസ്‌ വന്നിരിക്കുന്നു. പലിശയും പലിശയുടെ പലശയുമായി ഒരു തുകയുണ്ട്‌.
കാലാവധി നീട്ടിക്കിട്ടിയാല്‍...
പത്രമോഫീസില്‍ നിന്നുളള മാസശമ്പളം, അമ്മയ്‌ക്ക്‌ അയച്ചു കഴിഞ്ഞാല്‍ അരിഷ്ടിച്ചു കഴിയാനേ തികയൂ. അനാവശ്യ ചിലവുകളൊക്കെയും വെട്ടിക്കുറച്ചാലും മാസാവസാനം കടം വാങ്ങാതെ രക്ഷയില്ല.
അനുജത്തി എഞ്ചിനീയറായി. കോളജിലെ പരിചയം തന്നെ വിവാഹത്തിലും കലാശിച്ചു. നടത്തിപ്പിന്റെ ചുമതല മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇരുവരും ബോംബെയില്‍. സ്വസ്ഥമായ കുടുംബം. രണ്ടുമക്കള്‍.
ലോണിന്റെ കാര്യം കാണിച്ച്‌ കത്തെഴുതിയിരുന്നു, രണ്ടു തവണ. മറുപടി കണ്ടില്ല. ഇന്നലെയാണ്‌ മാസങ്ങള്‍ക്കു ശേഷം അവളുടെ ഒരു കത്തുകിട്ടിയത്‌. അതില്‍ ലോണിനെ കുറിച്ചൊന്നുമില്ലായിരുന്നു. അമ്മയെ ബോംബെയില്‍ കുറച്ചു ദിവസം കൊണ്ടുവന്നു നിര്‍ത്തണമെന്നുമാത്രമായിരുന്നു അവളുടെ നിര്‍ബന്ധം. ഏട്ടന്‍ ശരീരം നോക്കണമെന്ന്‌ ഒരു വരിയും അടിയിലുണ്ട്‌.
അയാള്‍ ചിരിച്ചു.
ചുമലില്‍ ആരോ തട്ടിയപ്പോഴാണ്‌ അയാള്‍ ചിന്തയില്‍ നിന്നുണര്‍ന്നത്‌. പ്യൂണ്‍ വാസുവേട്ടനാണ്‌. മാനേജര്‍ വിളിക്കുന്നു.
`രവീ, എനിക്കു ഇക്കാര്യത്തില്‍ ഇനിയും ഒന്നും ചെയ്യാനാവില്ല'- മനേജര്‍ നിസഹായനായി.
സര്‍, ഒരു അവധികൂടി കിട്ടുകയാണെങ്കില്‍...
`സീ, മി.രവി. നിങ്ങളെ വ്യക്തിപരമായി അറിയുന്നതുകൊണ്ടും ഒരു പത്രപ്രവര്‍ത്തകനായതുകൊണ്ടുമൊക്കെയാണ്‌ ഇത്രയും സമയം എനിക്കു നീട്ടിത്തരാനായത്‌. മുകളില്‍ നിന്നു എനിക്കു ഭയങ്കര....'
അയാള്‍ക്കു മറുപടിയുണ്ടായിരുന്നില്ല. അച്ഛന്‍ മരിക്കുമ്പോള്‍ എഴുതിവച്ച നാട്ടിലെ എട്ടുസെന്റാണ്‌ പോകുന്നത്‌. വീട്‌, നേരത്തേ അനുജത്തിയുടെ പേരിലാക്കിയിരുന്നു അച്ഛന്‍.
`ഞാന്‍ ഒരു വഴി പറയട്ടെ മി.രവി....' ബാങ്കിങ്‌ നിയമത്തിലെ ഏതോ പഴുത്‌ അദ്ദേഹം പറയാനായുകയാണ്‌. അതിവേഗം കറങ്ങുന്ന പങ്കയ്‌ക്കു ചുവട്ടിലും വിയര്‍ക്കുന്ന ആ മനുഷ്യനെ കരുണയോടെ രവി നോക്കി.
സാധു!.
`സാരമില്ല, സര്‍. ബുദ്ധിമുട്ടുണ്ടാക്കിയതില്‍ ക്ഷമിക്കണം'
അയാള്‍ എഴുന്നേറ്റു.
`മി. രവീ..നിങ്ങള്‍ ഇരിക്കൂ...നമുക്ക്‌..' കസേരയില്‍ നിന്നു പകുതി എഴുന്നേറ്റ്‌ മാനേജര്‍ പറഞ്ഞു.
ക്യാബിന്‍ തുറന്നു പുറത്തിറങ്ങുമ്പോള്‍ അയാള്‍ ചിരിച്ചു..മനസ്സുതുറന്നു ചിരിച്ചു.
കെട്ടുപാടുകള്‍ പൊട്ടുന്നതിന്റെ സുഖം...
അതു അയാള്‍ ആദ്യമായി അറിയുകയായിരുന്നു. സൂക്ഷിക്കാനും ചേര്‍ത്തുപിടിക്കാനും ഒന്നുമില്ലാത്തവന്റെ സ്വാതന്ത്ര്യം...യഥാര്‍ത്ഥ സ്വാതന്ത്ര്യം..
അയാള്‍ ഉന്മേഷത്തോടെ കൈയുകള്‍ വീശി നഗരത്തിരക്കിലൂടെ ഒഴുകി.

ആനപ്പക


ആനപ്പക

മടിയിലിരിക്കുന്ന കുഞ്ഞിനെ എത്ര ചേര്‍ത്തു പിടിച്ചിട്ടും മതിയാകുന്നില്ല. എത്രയോ നാളുകളായി ഉത്സവപ്പറമ്പുകളിലുള്ള ഈ ജീവിതം. ഊണിലും ഉറക്കത്തിലും ആനയുടെ ചൂടുംചൂരും മാത്രം. രാത്രിവൈകി എഴുന്നള്ളിപ്പു കഴിഞ്ഞാലും, വെളുപ്പിനു നേരത്തേ പുറപ്പെടണം..അടുത്ത ക്ഷേത്രത്തിലെ പൂരത്തിന്‌. നാഴികകള്‍ നടന്നുള്ള യാത്ര...
അയാള്‍ ലക്ഷ്‌മികുട്ടിയുടെ തലയില്‍ പതുക്കെ തലോടി.
കേശവന്‍..സുന്ദരനാണ്‌. വിരിഞ്ഞ മസ്‌തകം. എടുപ്പുള്ള കൊമ്പുകള്‍. മുറം പോലുള്ള ചെവികള്‍ ലക്ഷണം തികഞ്ഞവതന്നെ. 


നേഹമുള്ളവനാണ്‌. അയാളുടെ നിഴല്‍ കണ്ടാല്‍, അവന്‍ ഒച്ചയുണ്ടാക്കും. തുമ്പിക്കൈ നീട്ടും. ഇഷ്ടം അറിയിക്കുകയാണ്‌...
ആനയുടെ അടുത്തുചെല്ലുമ്പോള്‍ വിളിച്ചുചൊല്ലി ചെല്ലണമെന്നാണ്‌. പക്ഷെ, അയാള്‍ക്ക്‌ അതു വേണ്ട. ദൂരേ നിന്നേ കേശവന്‍ അയാളെ തിരിച്ചറിഞ്ഞിരിക്കും. അയാള്‍ ഒന്നാം പാപ്പാനായതിനു ശേഷം അവന്‍ നാളിതുവരെ കൈവിട്ടിട്ടില്ല. അതു എല്ലാവരും പറയും.
വീട്ടിനടുത്തുളള കീഴേടം ക്ഷേത്രത്തിലെ വേലയ്‌ക്കു എഴുന്നളളിപ്പുകിട്ടിയതാണ്‌ ഭാഗ്യമായത്‌.
ലക്ഷ്‌മിക്കുട്ടിയെ അയാള്‍ പിന്നേയും ചേര്‍ത്തുപിടിച്ചു. ഉത്സവപ്പറമ്പില്‍ നിന്നു കൊണ്ടുവന്ന കറുത്ത അലുവ അവള്‍ മുഖത്താകെ വച്ചുതേച്ചിരിക്കുന്നു. ചുമലില്‍ കിടന്ന തോര്‍ത്തെടുത്ത്‌ അതു മൃദുവായി തുടച്ചെടുക്കുമ്പോള്‍ കുഞ്ഞിക്കൈയുയര്‍ത്തി അവള്‍ പ്രതിഷേധിച്ചു. അവളുടെ ചുരുണ്ട മുടിക്കു കാച്ചെണ്ണയുടെ ഗന്ധമുണ്ട്‌. ആനച്ചൂരു നിറഞ്ഞ ശ്വാസകോശങ്ങളിലേയ്‌ക്കു അയാള്‍ ആവേശത്തോടെ അതു വലിച്ചുകയറ്റി.
അപ്പോള്‍, ബീഡിക്കറ പിടിച്ച അയാളുടെ ചുണ്ടുകളില്‍ സംതൃപ്‌തിയുടെ ചിരിവിരിഞ്ഞു.
അവള്‍ ജനിക്കുമ്പോള്‍, കോട്ടയത്തായിരുന്നു. വലിയൊരു എഴുന്നള്ളിപ്പ്‌. അമ്പത്തിയഞ്ചാനകള്‍...അമ്പലക്കമ്മിറ്റിക്കാരാണ്‌ പറഞ്ഞത്‌ അച്ഛനായ വിവരം.
അയാള്‍ ഓരോന്നോര്‍ത്തുപോയി....
ഏഴാനകളാണ്‌ വേലയ്‌ക്ക്‌. കേശവനാണ്‌ കോലം. ചമയമണിഞ്ഞാല്‍ അവന്റെ മട്ടും ഭാവവും ഒന്നു വേറെ. തലപ്പൊക്കം ഒന്നിനൊന്നു കൂടും. വിരിഞ്ഞ ചെവികള്‍ വീശുന്നതിനും കൈവരും ഒരു അന്തസ്സ്‌...
അയാള്‍ കൊമ്പില്‍ പിടിച്ചു നിന്ന്‌ അവന്റെ ഗാംഭീര്യം നോക്കിക്കണ്ടു.
ആഹാ..!. മനസ്സില്‍ അറിയാതെ പറഞ്ഞു പോയി.
മതില്‍ക്കകത്ത്‌ പൂഴിയിട്ടാല്‍ നിലത്തുവീഴാത്ത ജനം. കൂട്ടാനകള്‍ നിരന്നപ്പോള്‍ കേശവന്റെ തലക്കുന്നി ആകാശത്തോളം ഉയര്‍ന്നു.
അപ്പോള്‍, അവന്റെ ചെവി വട്ടം പിടിക്കുന്നത്‌ അയാള്‍ ശ്രദ്ധിച്ചു. അതു പതിവില്ലാത്തതാണ്‌. അവന്റെ ശ്വാസത്തിനു പതിവില്ലാതെ വല്ലാത്ത ചൂട്‌. കണ്ണുകള്‍ക്ക്‌ കലക്കമുണ്ട്‌..കണ്ണുനീരൊഴുകുന്നു...അയാള്‍ അമ്പരന്നു.
`ദൈവേ....ആനയിടഞ്ഞേ...'
ആളുകളുടെ നിലവിളികള്‍ക്കിടയില്‍ അയാള്‍ അതു വ്യക്തമായി കേട്ടു. കേശവന്റെ കൊമ്പില്‍ ബലമായി പിടിച്ചിട്ടും അയാള്‍ നിലത്ത്‌ കമിഴ്‌ന്നു വീണു...
പൂഴിമണ്ണ്‌ മൂക്കിലേക്ക്‌ ഇരച്ചു കയറി. പിടഞ്ഞെഴുന്നേല്‍ക്കുമ്പോള്‍ നെറ്റിപ്പട്ടത്തിന്റെ വീര്‍ത്ത കുമിളകള്‍ അയാളുടെമുഖത്തമര്‍ന്നിരുന്നു...
പിന്നെ ഭയങ്കര ഇരുട്ടായി. എല്ലാ ശബ്ദങ്ങളും അകന്നകന്നു പോയി...