ആനപ്പക
മടിയിലിരിക്കുന്ന കുഞ്ഞിനെ എത്ര ചേര്‍ത്തു പിടിച്ചിട്ടും മതിയാകുന്നില്ല. എത്രയോ നാളുകളായി ഉത്സവപ്പറമ്പുകളിലുള്ള ഈ ജീവിതം. ഊണിലും ഉറക്കത്തിലും ആനയുടെ ചൂടുംചൂരും മാത്രം. രാത്രിവൈകി എഴുന്നള്ളിപ്പു കഴിഞ്ഞാലും, വെളുപ്പിനു നേരത്തേ പുറപ്പെടണം..അടുത്ത ക്ഷേത്രത്തിലെ പൂരത്തിന്. നാഴികകള്‍ നടന്നുള്ള യാത്ര...
അയാള്‍ ലക്ഷ്‌മികുട്ടിയുടെ തലയില്‍ പതുക്കെ തലോടി.
കേശവന്‍..സുന്ദരനാണ്. വിരിഞ്ഞ മസ്‌തകം. എടുപ്പുള്ള കൊമ്പുകള്‍. മുറം പോലുള്ള ചെവികള്‍ ലക്ഷണം തികഞ്ഞവതന്നെ.
നേഹമുള്ളവനാണ്. അയാളുടെ നിഴല്‍ കണ്ടാല്‍, അവന്‍ ഒച്ചയുണ്ടാക്കും. തുമ്പിക്കൈ നീട്ടും. ഇഷ്ടം അറിയിക്കുകയാണ്...
ആനയുടെ അടുത്തുചെല്ലുമ്പോള്‍ വിളിച്ചുചൊല്ലി ചെല്ലണമെന്നാണ്. പക്ഷെ, അയാള്‍ക്ക് അതു വേണ്ട. ദൂരേ നിന്നേ കേശവന്‍ അയാളെ തിരിച്ചറിഞ്ഞിരിക്കും. അയാള്‍ ഒന്നാം പാപ്പാനായതിനു ശേഷം അവന്‍ നാളിതുവരെ കൈവിട്ടിട്ടില്ല. അതു എല്ലാവരും പറയും.
വീട്ടിനടുത്തുളള കീഴേടം ക്ഷേത്രത്തിലെ വേലയ്‌ക്കു എഴുന്നളളിപ്പുകിട്ടിയതാണ് ഭാഗ്യമായത്.
ലക്ഷ്‌മിക്കുട്ടിയെ അയാള്‍ പിന്നേയും ചേര്‍ത്തുപിടിച്ചു. ഉത്സവപ്പറമ്പില്‍ നിന്നു കൊണ്ടുവന്ന കറുത്ത അലുവ അവള്‍ മുഖത്താകെ വച്ചുതേച്ചിരിക്കുന്നു. ചുമലില്‍ കിടന്ന തോര്‍ത്തെടുത്ത് അതു മൃദുവായി തുടച്ചെടുക്കുമ്പോള്‍ കുഞ്ഞിക്കൈയുയര്‍ത്തി അവള്‍ പ്രതിഷേധിച്ചു. അവളുടെ ചുരുണ്ട മുടിക്കു കാച്ചെണ്ണയുടെ ഗന്ധമുണ്ട്. ആനച്ചൂരു നിറഞ്ഞ ശ്വാസകോശങ്ങളിലേയ്‌ക്കു അയാള്‍ ആവേശത്തോടെ അതു വലിച്ചുകയറ്റി.
അപ്പോള്‍, ബീഡിക്കറ പിടിച്ച അയാളുടെ ചുണ്ടുകളില്‍ സംതൃപ്‌തിയുടെ ചിരിവിരിഞ്ഞു.
അവള്‍ ജനിക്കുമ്പോള്‍, കോട്ടയത്തായിരുന്നു. വലിയൊരു എഴുന്നള്ളിപ്പ്. അമ്പത്തിയഞ്ചാനകള്‍...അമ്പലക്കമ്മിറ്റിക്കാരാണ് പറഞ്ഞത് അച്ഛനായ വിവരം.
അയാള്‍ ഓരോന്നോര്‍ത്തുപോയി....
ഏഴാനകളാണ് വേലയ്‌ക്ക്. കേശവനാണ് കോലം. ചമയമണിഞ്ഞാല്‍ അവന്റെ മട്ടും ഭാവവും ഒന്നു വേറെ. തലപ്പൊക്കം ഒന്നിനൊന്നു കൂടും. വിരിഞ്ഞ ചെവികള്‍ വീശുന്നതിനും കൈവരും ഒരു അന്തസ്സ്...
അയാള്‍ കൊമ്പില്‍ പിടിച്ചു നിന്ന് അവന്റെ ഗാംഭീര്യം നോക്കിക്കണ്ടു.
ആഹാ..!. മനസ്സില്‍ അറിയാതെ പറഞ്ഞു പോയി.
മതില്‍ക്കകത്ത് പൂഴിയിട്ടാല്‍ നിലത്തുവീഴാത്ത ജനം. കൂട്ടാനകള്‍ നിരന്നപ്പോള്‍ കേശവന്റെ തലക്കുന്നി ആകാശത്തോളം ഉയര്‍ന്നു.
അപ്പോള്‍, അവന്റെ ചെവി വട്ടം പിടിക്കുന്നത് അയാള്‍ ശ്രദ്ധിച്ചു. അതു പതിവില്ലാത്തതാണ്. അവന്റെ ശ്വാസത്തിനു പതിവില്ലാതെ വല്ലാത്ത ചൂട്. കണ്ണുകള്‍ക്ക് കലക്കമുണ്ട്..കണ്ണുനീരൊഴുകുന്നു...അയാള്‍ അമ്പരന്നു.
`ദൈവേ....ആനയിടഞ്ഞേ...'
ആളുകളുടെ നിലവിളികള്‍ക്കിടയില്‍ അയാള്‍ അതു വ്യക്തമായി കേട്ടു. കേശവന്റെ കൊമ്പില്‍ ബലമായി പിടിച്ചിട്ടും അയാള്‍ നിലത്ത് കമിഴ്‌ന്നു വീണു...
പൂഴിമണ്ണ് മൂക്കിലേക്ക് ഇരച്ചു കയറി. പിടഞ്ഞെഴുന്നേല്‍ക്കുമ്പോള്‍ നെറ്റിപ്പട്ടത്തിന്റെ വീര്‍ത്ത കുമിളകള്‍ അയാളുടെമുഖത്തമര്‍ന്നിരുന്നു...
പിന്നെ ഭയങ്കര ഇരുട്ടായി. എല്ലാ ശബ്ദങ്ങളും അകന്നകന്നു പോയി...

No comments:
Post a Comment