Thursday, 29 August 2013

സ്വതന്ത്രന്‍



ബാങ്കിന്റെ ചില്ലു ജാലകത്തിലൂടെ നോക്കിയാല്‍ നഗരം കാണാം. മഹാക്ഷേത്രത്തിനെ സദാ വലംവച്ചൊഴുകുന്ന, ഒരു പുഴപോലെ അണമുറിയാതെ മനുഷ്യരും വാഹനങ്ങളും.
അയാള്‍ മൈതാനിയിലെ പച്ചപുതച്ച മരങ്ങള്‍ക്കു മുകളിലൂടെ, ചാഞ്ഞു കിടക്കുന്ന നീലാകാശം നോക്കി നിന്നു. ബാങ്കിലെ തിരക്കൊഴിഞ്ഞിട്ടു വേണം മാനേജരെ കാണാന്‍. അനുജത്തിയുടെ പഠനത്തിനായി എടുത്ത ലോണിനു നോട്ടീസ്‌ വന്നിരിക്കുന്നു. പലിശയും പലിശയുടെ പലശയുമായി ഒരു തുകയുണ്ട്‌.
കാലാവധി നീട്ടിക്കിട്ടിയാല്‍...
പത്രമോഫീസില്‍ നിന്നുളള മാസശമ്പളം, അമ്മയ്‌ക്ക്‌ അയച്ചു കഴിഞ്ഞാല്‍ അരിഷ്ടിച്ചു കഴിയാനേ തികയൂ. അനാവശ്യ ചിലവുകളൊക്കെയും വെട്ടിക്കുറച്ചാലും മാസാവസാനം കടം വാങ്ങാതെ രക്ഷയില്ല.
അനുജത്തി എഞ്ചിനീയറായി. കോളജിലെ പരിചയം തന്നെ വിവാഹത്തിലും കലാശിച്ചു. നടത്തിപ്പിന്റെ ചുമതല മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇരുവരും ബോംബെയില്‍. സ്വസ്ഥമായ കുടുംബം. രണ്ടുമക്കള്‍.
ലോണിന്റെ കാര്യം കാണിച്ച്‌ കത്തെഴുതിയിരുന്നു, രണ്ടു തവണ. മറുപടി കണ്ടില്ല. ഇന്നലെയാണ്‌ മാസങ്ങള്‍ക്കു ശേഷം അവളുടെ ഒരു കത്തുകിട്ടിയത്‌. അതില്‍ ലോണിനെ കുറിച്ചൊന്നുമില്ലായിരുന്നു. അമ്മയെ ബോംബെയില്‍ കുറച്ചു ദിവസം കൊണ്ടുവന്നു നിര്‍ത്തണമെന്നുമാത്രമായിരുന്നു അവളുടെ നിര്‍ബന്ധം. ഏട്ടന്‍ ശരീരം നോക്കണമെന്ന്‌ ഒരു വരിയും അടിയിലുണ്ട്‌.
അയാള്‍ ചിരിച്ചു.
ചുമലില്‍ ആരോ തട്ടിയപ്പോഴാണ്‌ അയാള്‍ ചിന്തയില്‍ നിന്നുണര്‍ന്നത്‌. പ്യൂണ്‍ വാസുവേട്ടനാണ്‌. മാനേജര്‍ വിളിക്കുന്നു.
`രവീ, എനിക്കു ഇക്കാര്യത്തില്‍ ഇനിയും ഒന്നും ചെയ്യാനാവില്ല'- മനേജര്‍ നിസഹായനായി.
സര്‍, ഒരു അവധികൂടി കിട്ടുകയാണെങ്കില്‍...
`സീ, മി.രവി. നിങ്ങളെ വ്യക്തിപരമായി അറിയുന്നതുകൊണ്ടും ഒരു പത്രപ്രവര്‍ത്തകനായതുകൊണ്ടുമൊക്കെയാണ്‌ ഇത്രയും സമയം എനിക്കു നീട്ടിത്തരാനായത്‌. മുകളില്‍ നിന്നു എനിക്കു ഭയങ്കര....'
അയാള്‍ക്കു മറുപടിയുണ്ടായിരുന്നില്ല. അച്ഛന്‍ മരിക്കുമ്പോള്‍ എഴുതിവച്ച നാട്ടിലെ എട്ടുസെന്റാണ്‌ പോകുന്നത്‌. വീട്‌, നേരത്തേ അനുജത്തിയുടെ പേരിലാക്കിയിരുന്നു അച്ഛന്‍.
`ഞാന്‍ ഒരു വഴി പറയട്ടെ മി.രവി....' ബാങ്കിങ്‌ നിയമത്തിലെ ഏതോ പഴുത്‌ അദ്ദേഹം പറയാനായുകയാണ്‌. അതിവേഗം കറങ്ങുന്ന പങ്കയ്‌ക്കു ചുവട്ടിലും വിയര്‍ക്കുന്ന ആ മനുഷ്യനെ കരുണയോടെ രവി നോക്കി.
സാധു!.
`സാരമില്ല, സര്‍. ബുദ്ധിമുട്ടുണ്ടാക്കിയതില്‍ ക്ഷമിക്കണം'
അയാള്‍ എഴുന്നേറ്റു.
`മി. രവീ..നിങ്ങള്‍ ഇരിക്കൂ...നമുക്ക്‌..' കസേരയില്‍ നിന്നു പകുതി എഴുന്നേറ്റ്‌ മാനേജര്‍ പറഞ്ഞു.
ക്യാബിന്‍ തുറന്നു പുറത്തിറങ്ങുമ്പോള്‍ അയാള്‍ ചിരിച്ചു..മനസ്സുതുറന്നു ചിരിച്ചു.
കെട്ടുപാടുകള്‍ പൊട്ടുന്നതിന്റെ സുഖം...
അതു അയാള്‍ ആദ്യമായി അറിയുകയായിരുന്നു. സൂക്ഷിക്കാനും ചേര്‍ത്തുപിടിക്കാനും ഒന്നുമില്ലാത്തവന്റെ സ്വാതന്ത്ര്യം...യഥാര്‍ത്ഥ സ്വാതന്ത്ര്യം..
അയാള്‍ ഉന്മേഷത്തോടെ കൈയുകള്‍ വീശി നഗരത്തിരക്കിലൂടെ ഒഴുകി.

No comments:

Post a Comment