ഉഷ്‌ണം. ഉണ്ണിക്കുട്ടന്‍ കണക്കു പുസ്‌തകവുമായി ചാരുപടിയില്‍ ഇരുന്നു. അനക്കമറ്റ ഇലച്ചാര്‍ത്തുകളില്‍ സന്ധ്യ കറുത്തു. ആകാശത്തിന് എന്നിട്ടും ചെമ്പന്‍നിറം. ഇലച്ചാര്‍ത്തുകളില്‍ നരിച്ചീറുകള്‍ വന്നും പോയുമിരിക്കുന്നു. ശല്ല്യമാകുമ്പോള്‍, ചേക്കയിരുന്ന പക്ഷി പ്രതിഷേധിച്ചു. നാളെ കണക്കു പരീക്ഷയാണ്. വേനലവധിക്കു ഒരു ദിവസം കൂടി മാത്രം. അതായിരുന്നു അവന്റെ മനസ്സു നിറയേ.
നാരായണന്‍കുട്ടി മാഷിന്റെ കണക്കു ക്ലാസുകള്‍...വീട്ടിലിരിക്കുമ്പോള്‍ പോലും ഓര്‍ത്താല്‍ പേടിയാണ്. മാഷുടെ ശിക്ഷ കഠിനമാണ്.
പുസ്‌തകത്തില്‍ ചെയ്‌തിരിക്കുന്ന കണക്കുകളില്‍ മാഷുടെ ചുവന്ന മഷികൊണ്ടുള്ള അടയാളപ്പെടുത്തലുകള്‍. അവയ്‌ക്കുമുണ്ട് ഞെട്ടിക്കുന്ന കാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കാന്‍. ചുവന്ന വെട്ടുവീണ കണക്ക്, തുടയില്‍ മാഷുടെ തിരുമ്പിന്റെ നീറ്റല്‍...അവന്‍ അറിയാതെ തുടയില്‍ തടവിപ്പോയി.
ഒരിക്കല്‍ ട്രൗസറില്‍ മൂത്രം പോയിട്ടുണ്ട്. പിച്ചിന്റെ ശക്തിയില്‍...
അന്നു മുതല്‍ മാഷോടു വെറുപ്പായിരുന്നു. കണക്കെന്ന വിഷയത്തിനോടും.
വരാന്തയിലെ ട്യൂബുലൈറ്റില്‍ നിറയെ പ്രാണികളുണ്ട്. അവയെ പിടിക്കാന്‍, പതുങ്ങിയിരിക്കുന്നുണ്ട് ഒരു ഗൗളി. അവനു രസം തോന്നി. ഗൗളിയുടെ വാല്‍ വളഞ്ഞു ചുഴറ്റുന്നുണ്ട്. ഒരു പ്രാണിയെ ഉന്നം വച്ചിരിക്കയാണ്. ട്യൂബിന്റെ മൂളിച്ചയും പ്രാണികള്‍ അതില്‍ വന്നു തട്ടുമ്പോഴുള്ള കിലുകിലാ ശബ്ദവും ഗൗളി അറിയുന്നതേയില്ല. അതിന്റെ ശ്രദ്ധയത്രയും അടുത്തുവരുന്ന പാറ്റയിലാണ്. ഉണ്ണി മേലോട്ടു നോക്കിയിരുന്നു. പാറ്റയ്‌ക്ക് ഗൗളിയോളം വലുപ്പമുണ്ട്.. ഗൗളി തോറ്റതു തന്നെ...
ദാ...പാറ്റ അടുത്ത്!. ഒറ്റക്കുതിപ്പിന് ഗൗളി അതിനെ വായിലാക്കിക്കഴിഞ്ഞു... പിന്നെ രണ്ടു കുടച്ചില്‍!. കഴിഞ്ഞു. അവന്‍ ചിരിച്ചു.
ജീവശാസ്‌ത്രം പുസ്‌തകത്തിലെ ഭക്ഷണചക്രമാണ് ഓര്‍മ്മ വന്നത്.
തുമ്പിയെ തവള പിടിക്കുന്നു..തവളയെ പാമ്പു പിടിക്കുന്നു..പാമ്പിനെ പരുന്തു പിടിക്കുന്നു....
`കുട്ടി എന്താ ബ്രഹ്മം കാണണേ..ഈശ്വരാ, നാളെ കണക്കല്ലേടാ...'
അവന്‍ ഞെട്ടിപ്പോയി. അമ്മ വാതില്‍ക്കല്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നു.
അവന്‍ പുസ്തകത്തില്‍ മുഖം പൂഴ്ത്തി.
ക്ലാസിനു പുറത്ത് വെയില്‍ ചാഞ്ഞിരിക്കുന്നു. ഹെഡ്‌മാഷുടെ മുറിക്കു മുന്നില്‍ നിന്നു ഒരു തവണ മണിമുഴങ്ങി. പരീക്ഷകഴിയാന്‍ അഞ്ചുമിനുട്ടുകൂടിയേ ഉള്ളൂ. അവസാനത്തെ പരിശോധന. ക്ലാസ് മുറിയിലെ മഞ്ഞച്ചായമടിച്ച ചുവരില്‍, ചാഞ്ഞുവീഴുന്ന വെയില്‍, കൂടുതല്‍ മഞ്ഞച്ചു. ഉത്തരപേപ്പറിനും വെള്ളഷര്‍ട്ടിട്ട നാരായണന്‍ കുട്ടി മാഷിനും മഞ്ഞനിറം!.മാഷുടെ നരച്ച മുടിക്കുമുണ്ട് മഞ്ഞരാശി...
ഒടുവില്‍, കാത്തിരുന്ന കൂട്ടമണി മുഴങ്ങി. ആഹ്ലാദാരവത്തോടെ ക്ലാസിനു പുറത്തേക്കു കുതിക്കുമ്പോള്‍, മുമ്പില്‍ അച്ഛന്‍!. അവസാന ദിവസം മാഷെ കാണാനെത്തുമെന്നു പറഞ്ഞത് അവനോര്‍ത്തില്ല. ഉത്തരക്കടലാസു കെട്ടുമായി ചിരിച്ചു കൊണ്ടു മാഷെത്തി. അച്ഛന്റെ പിന്നില്‍ ചാരി പിറകോട്ടു തിരിഞ്ഞ് ദൂരേക്കു നോക്കി അവന്‍ നിന്നു. അച്ഛനും മാഷും എന്തൊക്കെയോ സംസാരിക്കുന്നു. അവന്റെ മനസ്സ് വീട്ടിലെത്തിയിരുന്നു. രണ്ടുമാസത്തെ വേനലവധി..അതായിരുന്നു മനസ്സു നിറയേ.
അപ്പോള്‍, അവന്റെ തലയില്‍ ഒരു തണുത്ത വിരല്‍ തൊട്ടു. ഞെട്ടലോടെ അവന്‍ തിരിഞ്ഞു നോക്കി, നാരായണന്‍കുട്ടി മാഷ്..! മാഷുടെ നരച്ച കണ്ണുകളില്‍ നനവ് പൊടിഞ്ഞിട്ടുണ്ടോ?.
`നന്നാവും...' മാഷ്, അച്ഛനോടായി പറഞ്ഞു.
ചെമ്മണ്ണു ചവിട്ടിത്തെറിപ്പിച്ച് ,അച്ഛനൊപ്പം വീട്ടിലേക്കു നടക്കുമ്പോള്‍ അവന്റെ മനസ്സിലേക്കു ഒരു തണുപ്പിറങ്ങി വന്നു; നാരായണന്‍കുട്ടി മാഷുടെ കൈകള്‍ക്കുണ്ടായിരുന്ന അതേ തണുപ്പ്.

No comments:
Post a Comment