പേനതുറന്നതേയുള്ളൂ.
മുറിയിലെ ഏകാന്തതയിലേയ്‌ക്ക് അവന്‍ പൊട്ടിവീണു..
ചാഞ്ഞും ചെരിഞ്ഞും ജനാലയിലൂടെ നോക്കിക്കൊണ്ട് അവന്‍ പറഞ്ഞു:
ഇന്ന് കാണാനില്ല..!.
അയലത്തെ പെണ്‍കുട്ടിയാണ്.
`നീ....'
അല്‍പ്പം നീരസത്തോടെ തുടങ്ങുമ്പോഴേയ്‌ക്കും, അവന്‍ കട്ടിലില്‍ വന്നു വീണു..പിന്നെ പരുന്തിനെ പോലെ, പറക്കുന്ന ആഗ്യംകാട്ടി പൊട്ടിച്ചിരിച്ചു...
`എന്റെ ബാലേട്ടാ...ഇങ്ങിനെ ഉണങ്ങിപ്പിടിച്ചിരിക്കാതെ ഷര്‍ട്ടിട്..നമുക്കൊന്നു കറങ്ങീട്ട് വരാം....'
പ്രായത്തില്‍ ഇളയതെങ്കിലും, അവന്റെ വാക്കുകള്‍ക്ക് ശക്തിയുണ്ടായിരുന്നു..
ചാടി എഴുന്നേറ്റ്, പേന പിടിച്ചുവാങ്ങി മൂടി മുറുക്കി, അവന്‍.
നഗരത്തിന്റെ ബഹളം, തുറന്നിട്ട ജാലകത്തിലൂടെ തെന്നിത്തെറിച്ച് വന്നുകൊണ്ടിരുന്നു.
`മഴവരുന്നു....'
ഒഴിവു പറഞ്ഞു. അപ്പോഴേയ്‌ക്കും അവന്‍ ചുവരില്‍ തൂക്കിയ ഷര്‍ട്ടുമായി എത്തി.
`ഉം`.
അയാള്‍ പതുക്കെ എഴുന്നേറ്റു. എഴുത്ത് അവസാനിച്ചിരിക്കുന്നു....
ബാലേട്ടന്റെ കഥ ഞാന്‍ വായിച്ചു...വാരികേല്...!. നന്നായിരിക്കുന്നു..
കട്ടിലില്‍ കൊടുംകൈകുത്തിക്കിടന്ന് അവന്‍.
മുടിചീന്താന്‍ അയാള്‍ ജനലിനടുത്തേയ്‌ക്കു നീങ്ങിയപ്പോള്‍, അവനും പിറകേ എത്തി.
ചാഞ്ഞും ചെരിഞ്ഞും അടിയിലൂടെയും മുകളിലൂടെയും നോക്കി, നെടുവീര്‍പ്പിട്ടു.
`ഇന്നില്ലെന്ന് തോന്നുന്നു...!'
പിന്നെ ചിരിച്ചുകൊണ്ടു പറഞ്ഞു: അവള്‍ നോക്കിത്തുടങ്ങിയിട്ടുണ്ട്..!.
ബാലേട്ടന്‍ എനിക്കൊരു കത്തെഴുതിത്തരണം..സ്‌ട്രോങ്ങായിട്ട്..!.
മുഖമുയര്‍ത്താതെ നിന്ന അവനെ നോക്കി, അയാള്‍ മൃദുവായി ചിരിച്ചു,. പിന്നെ പറഞ്ഞു:
ഉം..നടക്ക്...!.
കോളജില്‍ പഠിയ്‌ക്കുമ്പോള്‍ എഴുതിയ പ്രേമലേഖനം, ഇന്നുവരെ കൊടുക്കാന്‍ കഴിഞ്ഞിട്ടില്ല...
അയാള്‍ ചിരിച്ചുപോയി.
സന്ധ്യകനത്തിരിക്കുന്നു. പടിഞ്ഞാറെ ജനലിലൂടെ തണുത്തകാറ്റ് വരുന്നുണ്ട്. അയാള്‍ ആലോചിച്ചു...
ആദ്യവരി...
ഒരു പ്രണയലേഖനം പോലും തുടങ്ങാനാവുന്നില്ല..!.
അയാള്‍ മുഷിവോടെ പേന താഴെ വച്ചു. മനസ്സിന്റെ ചായപ്പെട്ടിയില്‍ പ്രണയവര്‍ണ്ണം ഉണങ്ങിപ്പിടിച്ചിരിക്കുന്നു...
എഴുതിയില്ലെന്ന് അറിയുമ്പോള്‍, അവന്‍ ഇടയും എന്നാണ് വിചാരിച്ചത്.
`ഞാനൊന്ന് എഴുതി, ബാലേട്ടാ...' കട്ടിലില്‍ ചാഞ്ഞു കിടന്ന് അവന്‍ വെളുക്കെ ചിരിച്ചു. പിന്നെ, കൈകള്‍ രണ്ടും നീട്ടിക്കുടഞ്ഞ് അവന്‍ കട്ടിലില്‍ ചമ്രപ്പടികൂട്ടിയിരുന്നു.
അവന്റെ ചലനങ്ങളിലെ ഊര്‍ജസ്വലത, അയാള്‍ കൗതുകത്തോടെ നോക്കിയിരുന്നു....
`മനസ്സിലേ എഴുതിയിട്ടുള്ളൂ ട്ടോ'-
അവന്‍ പറയാന്‍ തുടങ്ങി....
കത്തു കേട്ടുകഴിഞ്ഞപ്പോള്‍ അയാള്‍ ഞെട്ടി-
എടാ..ഇതില്‍ പ്രണയമെവിടേ..??. അശ്ലീലം...
വീണ്ടും കട്ടിലിലേയ്‌ക്കു ചാഞ്ഞ്, അവന്‍ ചിരിച്ചു...
`ന്റെ ബാലേട്ടാ...ന്ത് പ്രണയം..?. ഒരു നല്ല ഫിനിഷിംഗ് കിട്ടിയില്ല...!. അതു ബാലേട്ടന്‍...'
അയാള്‍ക്കൊന്നു മിണ്ടാന്‍ പോലും കഴിയും മുമ്പെ, അവന്‍ മുറിക്കു പുറത്തുചാടി അതിവേഗം ഗോവണി ഇറങ്ങിപ്പോയി.
ഉന്മേഷത്തോടെ തെരുവിലെ തിരക്കില്‍ അലിയുന്ന അവനെയും നോക്കി, അയാള്‍ അമ്പരപ്പോടെ നിന്നു....
പിന്നെ, എന്തോ തീരുമാനിച്ചുറപ്പിച്ചതുപോലെ നീലച്ചട്ടയുള്ള നിഘണ്ടു വലിച്ചെടുത്തു പേജുകള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന `പ്രണയം' എന്ന വാക്കിനെ പേനയെടുത്ത് തലങ്ങും വിലങ്ങും ആഞ്ഞുവെട്ടി...
എന്നിട്ട് അതിനുമുകളില്‍ അയാള്‍ ഇങ്ങിനെ എഴുതി: `ഫിനിഷിംഗ്'...!!

No comments:
Post a Comment