നീണ്ടയാത്രകള്‍ ഓരോന്നും അവസാനിക്കുമ്പോഴും വിചാരിക്കും, ഇനി എവിടേയ്‌ക്കുമില്ല..!!
പക്ഷെ, ദൂരങ്ങള്‍ എപ്പോഴും മാടിവിളിക്കും. ഓരോ യാത്രകളും ഒരോ ഒളിച്ചോട്ടമാകുന്നു..
മുഷിഞ്ഞ തുണിസഞ്ചി പൊടിതട്ടിയെടുക്കുമ്പോള്‍ അയാള്‍ ആലോചിച്ചു- ആരില്‍ നിന്ന്...?? ഇനിയും എത്രദൂരം??.
കണ്ണെത്താത്തിടത്തോളം വരണ്ടഭൂമി. തിരക്കേറിയ ബസ്സ് ഉഷ്‌ണക്കാറ്റും മോന്തി കരകള്‍ പിന്നിട്ടു. ഇടക്കിടെ കരിമ്പനക്കൂട്ടങ്ങള്‍...വീണ്ടും വരണ്ട ഭൂമി....
തമിഴത്തികളുടെ മുറുക്കാന്‍ മണമുള്ള സംസാരമാണ് ചുറ്റിലും. വരണ്ടമുടി മാടിയൊതുക്കി, ചുവന്ന പല്ലുകള്‍ കാട്ടി അവര്‍ പിന്നിലേയ്‌ക്കും മുന്നിലേയ്‌ക്കും ഒരേ സമയം തിരിഞ്ഞു സംസാരിച്ചുകൊണ്ടിരുന്നു. ഇവരുടെയെല്ലാം പല്ലുകള്‍ക്ക് ചുവപ്പുനിറമാണ്..
പുഴക്കടവിലെ പാറുവിന്റെ പല്ലുകള്‍ക്കും ചുവപ്പായിരുന്നു നിറം....
അയാള്‍ ഓര്‍ത്തു-
മണലെടുക്കാന്‍ വരുന്ന ലോറിക്കാര്‍ക്ക് പാറുവാണ് കഞ്ഞി.
മുണ്ടും ജാക്കറ്റുമിട്ട് മുടി വിടര്‍ത്തി, മുറുക്കിച്ചുവപ്പിച്ച് അവള്‍ എപ്പോഴും പുരയ്‌ക്കു മുന്നില്‍ നില്‍ക്കും..
ആ വഴിവരുമ്പോഴേല്ലാം അവള്‍ അവിടെ ചിരിച്ചു നില്‍ക്കുന്നുണ്ടാകും, അഴിച്ചിട്ട മുടിയും കോതിക്കൊണ്ട്...
ഇടവഴികളിലെ സംസാരങ്ങളിലും വീട്ടുപഞ്ചായത്തുകളിലും പാറു നിറഞ്ഞു നിന്നു.
അപ്പോഴും, പുഴയോരത്തെ ഓലപ്പുരയ്‌ക്കു മുമ്പില്‍ പാറു കൂസലില്ലാതെ നിറഞ്ഞു ചിരിച്ചു..!!.
മണല്‍ നിറയ്‌ക്കാന്‍, ലോറികള്‍ പിന്നേയും വരികയും പോവുകയും ചെയ്‌തുകൊണ്ടിരുന്നു.
പാറു കൂടുതല്‍ തടിയ്‌ക്കുകയും അവളുടെ കണ്ണുകള്‍ക്ക് തിളക്കം വര്‍ദ്ധിക്കുകയും ചെയ്‌തു..
സമ്മതമാകും എന്നാണു കരുതിയത്.
കൈകുടഞ്ഞെറിഞ്ഞപ്പോള്‍, പതറി. കുപ്പിവളകള്‍ മൂന്നുനാലെണ്ണം തറയില്‍ പൊട്ടിവീണത് ഓര്‍മ്മയുണ്ട്...
`നീയ്യെന്റെ......'
മുഖത്തേയ്‌ക്കു മുറുക്കാന്‍ തുപ്പല്‍ വീശിയടിച്ചു.....
വാസനപ്പുകയിലയുടേയും പഴുക്കടയ്‌ക്കയുടെയും എല്ലാം കൂടിക്കലര്‍ന്ന മണം ഇരുണ്ട മുറിയിലാകെ നിറഞ്ഞു.
പാറുവിന്റെ വീട്ടില്‍, പിറ്റേന്ന്, നിറയേ ആളുകളായിരുന്നു; പാറു തൂങ്ങിച്ചത്തെന്ന് ആരോ പറഞ്ഞു.
`ച്ഛെ.......!'
ഇരുകൈകള്‍കൊണ്ടും മുഖമമര്‍ത്തി അയാള്‍ എഴുന്നേറ്റു.
മുന്‍സീറ്റിലിരുന്ന ആരോ തൂവിയ മുറുക്കാന്‍ തുപ്പല്‍ കാറ്റത്തു മഴച്ചാറ്റലായി എത്തിയിരിക്കുന്നു...
ഇറങ്ങണമെന്ന് അയാള്‍ ധൃതിയില്‍ ആംഗ്യം കാട്ടി.
ചെമ്മണ്‍ നിരത്തിലൂടെ പൊടിപറത്തി ബസ്സകന്നപ്പോള്‍, തലവഴി പുതച്ചുമൂടിയ മനുഷ്യരൂപം മുന്നില്‍ തെളിഞ്ഞു. അതിനടുത്തെത്തി വെപ്രാളത്തോടെ, അയാള്‍ പെട്ടെന്നു ചോദിച്ചു:
`ഇങ്കെ സാരായം കെടക്കുമാ....??'

No comments:
Post a Comment