Sunday, 6 October 2013

പിതൃതര്‍പ്പണം



കടല്‍ തീരത്തുകൂടി അയാള്‍ അലസമായി നടന്നു. ഈറനുടുത്ത്‌, ശാസ്‌ത്രികള്‍ ചൊല്ലിക്കൊടുക്കുന്ന തമിഴു ചുവയുള്ള ശ്ലോകങ്ങള്‍ പിറുപിറുത്തുകൊണ്ട്‌, ആളുകള്‍ പിതൃതര്‍പ്പണം ചെയ്യുകയാണ്‌. ശ്രാദ്ധ കര്‍മ്മങ്ങള്‍ക്കു പേരുകേട്ട, നിരവധി ശാസ്‌ത്രിമഠങ്ങള്‍ ഉണ്ടിവിടെ. പിതൃക്കള്‍ക്ക്‌ പൂവും നീരും കൊടുത്തു മടങ്ങുന്നവരില്‍ അധികവും മലയാളം സംസാരിക്കുന്നവരാണ്‌.
തര്‍പ്പണത്തിനു ശേഷം, ക്ഷേത്രത്തിനകത്തുള്ള തീര്‍ത്ഥക്കിണറുകളില്‍ നിന്നും തീര്‍ത്ഥം കോരിയെടുത്ത്‌, ശാസ്‌ത്രികള്‍ എല്ലാവരുടേയും നെറുകയില്‍ ഒഴിക്കും. ഓരോ തീര്‍ത്ഥവും പ്രത്യേകം ശ്ലോകങ്ങള്‍ ചൊല്ലിക്കൊണ്ടാണ്‌ ഒഴിക്കുക. തീര്‍ത്ഥങ്ങളിലെല്ലാം കുളിച്ചുകഴിയുമ്പോഴേയ്‌ക്കും, കടലില്‍ കുളിച്ചതിന്റെ ബാക്കി പത്രമായി പറ്റിപ്പിടിച്ചു നില്‍ക്കുന്ന ഉപ്പുതരികള്‍ മുഴുവന്‍ പോയിക്കഴിഞ്ഞിരിക്കും.
നന്നെ ചെറുപ്പത്തിലെന്നോ വന്നിട്ടുണ്ട്‌ ഇവിടെ.സ്‌കൂളില്‍ പഠിക്കുമ്പോഴോ മറ്റോ. അന്ന്‌ അച്ഛന്‍ എടുത്തുകൊണ്ടു ഓടുകയായിരുന്നു. തീര്‍ത്ഥകിണറ്റില്‍ നിന്ന്‌ തീര്‍ത്ഥകിണറ്റിലേക്ക്‌...
ഈറന്‍ തോര്‍ത്തില്‍ തറ്റുടുത്ത ദുര്‍ബലനായ കുട്ടിയെ അയാള്‍ക്ക്‌ ഇപ്പോഴും മനസ്സില്‍ കാണാം. അവന്റെ കുറ്റിത്തലയില്‍ പറ്റിനില്‍ക്കുന്ന വെള്ളത്തുള്ളികളില്‍ വെയില്‍ തിളങ്ങുന്നതു പോലും!.
ഇപ്പോള്‍ കടല്‍ ശാന്തമാണ്‌. ഓളംവെട്ടുന്ന ഒരു കൊച്ചുതടാകം പോലെ!.
ആളൊഴിഞ്ഞ ഭാഗത്തേക്കു നടന്നെത്തിയപ്പോള്‍ അയാള്‍ക്കു വലുതായ ആശ്വാസം തോന്നി. ദൂരേ, ശ്രീലങ്കയിലേക്കു പോകുന്ന ബോട്ടുകള്‍ കാണാം. സൂക്ഷിച്ചു നോക്കിയാല്‍ ശ്രീലങ്കയുടെ പച്ചത്തുരുത്തുകള്‍ തന്നെ കാണാം. അന്നും അച്ഛന്‍ അതു കാണിച്ചുതന്നു എന്നാണ്‌ ഓര്‍മ്മ. ഇന്ന്‌ ഈ വലിയ ശരീരം ചുമന്ന്‌, തളരുന്ന കാലുകള്‍ വലിച്ചുവച്ച്‌ ഈ മണല്‍പ്പരപ്പിലൂടെ...
ഒറ്റയ്‌ക്കാണ്‌. അതെ, ശരിക്കും ഒറ്റയ്‌ക്കുതന്നെ. അയാള്‍ ആരോടെന്നില്ലാതെ പിറുപിറുത്തു..
വാര്‍ദ്ധക്യം ശാപമാകരുതെന്നായിരുന്നു ആഗ്രഹം.
ഈയിടെയായി, ഇത്രയും നാള്‍ ജീവിച്ചിരുന്നതേയില്ല എന്നു തോന്നിത്തുടങ്ങിയിരിക്കുന്നു...
ഓര്‍മ്മകളില്‍ അയാള്‍ അസ്വസ്ഥനായി.
ജീവിതം കൊണ്ടു പന്തുകളിച്ച നാളുകളുണ്ടായിരുന്നു, മുമ്പ്‌. രാജ്യതലസ്ഥാനത്തെ തീവ്രമായ ജീവിതം..
രാഷ്‌ട്രീയരംഗത്തെ ചക്രവര്‍ത്തിമാര്‍ മുതല്‍ രാജകുമാരന്‍മാര്‍ വരെ തോളില്‍ കൈയിട്ടു കുശലം പറഞ്ഞിരുന്ന കാലം. പലരും തന്റെ പേനത്തുമ്പിനെ ഭയപ്പെട്ടിരുന്നു. അതറിഞ്ഞിട്ടും, അറിയാത്തതുപോലെ ജീവിക്കാനായിരുന്നു രസം.
നിറയുന്ന മദ്യചഷകങ്ങള്‍ക്കു മുന്നിലിരിക്കുമ്പോള്‍, ജീവിതത്തിനു ഇങ്ങിനെ ഒരു മുഖമുണ്ടെന്ന്‌ തോന്നിയിരുന്നില്ല.
ദിവസവും ചവറുപോലെ എഴുതുന്നു.

 വലിയ പത്രത്തിന്റെ പേജുകളില്‍ മഷി പുരണ്ട്‌ അതു ചരിത്രമാകുന്നു...
അന്നും വീട്ടിലേയ്‌ക്ക്‌ കത്തെഴുതാനായിരുന്നു മറവി; അയാള്‍ ഓര്‍ത്തു.
അമ്മയുടെ പരാതി കത്തുകള്‍ മുറിയില്‍ നിറയുമ്പോള്‍, ഇടയ്ക്കു ഒരു മറുപടി. 

പക്ഷെ, അതു ധാരാളമായിരുന്നു, അമ്മയ്‌ക്ക്‌..
പാവം..!
അയാള്‍, നടത്തം നിര്‍ത്തി. പുരികത്തിനു മുകളില്‍ നിന്നും വിയര്‍പ്പ്‌ വടിച്ചുകളഞ്ഞ്‌, അയാള്‍ കിതച്ചു.
കടലിന്റെ നിറം മാറിത്തുടങ്ങിയിരിക്കുന്നു. ചാരനിറത്തില്‍ ഉരുണ്ടുകളിക്കുന്ന തിരത്തലപ്പുകള്‍ മാത്രം. വേലിയേറ്റമായിരിക്കണം. ദൂരേയുളള ബോട്ടുകളും അപ്രത്യക്ഷമായിരിക്കുന്നു...
സ്‌നാനഘട്ടങ്ങളിലൂടെ തിരിച്ചു നടക്കുമ്പോള്‍, പിറകില്‍ നിന്നുള്ള വിളികേട്ട്‌ അയാള്‍ നിന്നു.
കരിക്കൊള്ളിപോലെ മെലിഞ്ഞുണങ്ങിയ വയസ്സന്‍ ശാസ്‌ത്രികള്‍.
ഒപ്പമെത്താനായി ഓടിയതുകൊണ്ട്‌, അയാള്‍ വല്ലാതെ കിതയ്‌ക്കുന്നുണ്ടായിരുന്നു. കറപിടിച്ച പല്ലുകള്‍ കാട്ടി അയാള്‍ ചിരിച്ചു..
വൃത്തികെട്ട ചിരി!.
പിതൃതര്‍പ്പണത്തിനുളള എല്ലാം ഒരുക്കിയിരിക്കുന്നു. അടുത്ത ഇരയെ നോക്കി അയാള്‍ പ്രത്യാശയോടെ ചിരിച്ചു.
അയാള്‍ ചുറ്റും നോക്കി. കടലില്‍ കുളിക്കുന്ന കുറച്ചുപേരൊഴിച്ചാല്‍, കടപ്പുറത്ത്‌ തിരക്കൊഴിഞ്ഞിരിക്കുന്നു. സ്‌നാനഘട്ടങ്ങളില്‍, പിതൃക്കള്‍ ഉണ്ട ബലിച്ചോറ്‌ ചിതറിക്കിടന്നു..
`ആവട്ടെ..' അയാള്‍ ചിരിച്ചുകൊണ്ടു പറഞ്ഞു.
അപ്പോള്‍, ശാസ്‌ത്രികളുടെ പീളകെട്ടിയ കണ്ണുകളില്‍ ആര്‍ത്തിനിറയുന്നത്‌ അയാള്‍ കണ്ടു.
ധൃതിയില്‍ മണലില്‍ കുത്തിയിരുന്ന്‌, വെള്ളിക്കിണ്ടി കൈയിലെടുത്ത്‌ അയാളെ നോക്കി.
പേര്‌...വീട്ടുപേര്‌...നക്ഷത്രം...
കിണ്ടിയില്‍ നിന്നു വെള്ളമെടുത്ത്‌, അയാള്‍ തര്‍പ്പണത്തിനുളള സാമഗ്രികളില്‍ തളിച്ചു. അയാളുടെ പ്രവൃത്തികളില്‍ ധൃതിയും ആര്‍ത്തിയും നിറഞ്ഞു നിന്നു.
ആരുടെ പേരു പറയണം?- അയാള്‍ ആലോചിച്ചു.
`മരിച്ച ആളുടെ പേര്‌' -മനസ്സുവായിച്ചിട്ടെന്ന പോലെ ശാസ്‌ത്രികള്‍ ധൃതികൂട്ടി.
മറ്റൊരു ഇരകൂടി വരാനുള്ള സാധ്യത കാണുന്നുണ്ടാവും; അയാള്‍ വെറുപ്പോടെ മരണത്തിന്റെ കരാറുകാരനെ നോക്കി.
അയാള്‍ പേരു പറഞ്ഞു. നെഞ്ചില്‍ തൊട്ടുകാണിച്ച്‌, വളരെ പതുക്കെയാണ്‌ അയാള്‍ അതു പറഞ്ഞത്‌.
അമ്പരന്നിരിക്കുന്ന ശാസ്‌ത്രികളെ നോക്കി, വീണ്ടും സ്വന്തം നെഞ്ചില്‍ തൊട്ടുകാണിച്ച്‌ അയാള്‍ ചിരിച്ചു.
ഭയംകൊണ്ടു തുറിച്ച കണ്ണുകളുമായി പിന്നോട്ടാഞ്ഞുപോയ, ശാസ്‌ത്രികളെ നോക്കി അയാള്‍ മൃദുവായി വീണ്ടും പറഞ്ഞു..
`മരിച്ചിട്ട്‌ വര്‍ഷങ്ങളായിരിക്കുന്നു. ഇതിനും മുമ്പേ എത്രയോ തവണ മരിച്ചിരിക്കുന്നു. ഒരിക്കല്‍ പുഴുവായി ജനിച്ചു..പിന്നെ പുലിയായി...ഇപ്പോഴിതാ...
കടല്‍കാറ്റിന്റെ കലമ്പല്‍ മറികടന്ന്‌, അയാള്‍ ഉറക്കെയുറക്കെ പൊട്ടിച്ചിരിച്ചു.
ചിരിച്ചുചിരിച്ച്‌ ശ്വാസം കിട്ടാതെ അയാളുടെ മുഖം വല്ലാതെ ചുവന്നു.
ഉറയ്‌ക്കാത്ത കാലുകള്‍ വലിച്ചുവച്ച്‌, മണല്‍പരപ്പിലൂടെ ഓടിയകലുന്ന കരിക്കൊള്ളിപോലുളള മനുഷ്യനെ നോക്കിയിരിക്കുമ്പോള്‍, കടലിന്റെ നിറം മാറുന്നത്‌ അയാള്‍ ശ്രദ്ധിച്ചു. അത്‌ ഇപ്പോള്‍ കൂടുതല്‍ മനോഹരമായിരിക്കുന്നു.
മണലില്‍ പൂഴ്‌ന്ന വെള്ളിക്കിണ്ടി, അപ്പോഴും, സ്വര്‍ഗ്ഗത്തിലേയ്‌ക്കു തന്നെ  വിരല്‍ ചൂണ്ടി കിടന്നു....


(എക്‌സ്‌പ്രസ്സ്‌ വാരാന്ത്യപതിപ്പ്‌, 1997 മെയ്‌ 18)

No comments:

Post a Comment