ചാവുമെന്ന് വിചാരിച്ചില്ല...
കൈയില്‍ ആമത്തിന്റെ തണുപ്പു വീണപ്പോള്‍ അയാള്‍ പൊലീസുകാരനോടു പറഞ്ഞു.
`സ്വന്തം അച്ഛനെ...ഈ പ്രായത്തില്‍...' കൂടെ ജീപ്പിലേക്കു കയറുമ്പോള്‍ പൊലീസുകാരന്‍ ഈര്‍ഷ്യ മറച്ചു വച്ചില്ല.
അയാള്‍ ഒന്നും പറയാതെ, ജീപ്പില്‍ ഒതുങ്ങി ഇരുന്നു. ആള്‍ക്കൂട്ടം പിറകില്‍ അകന്നകന്നു പോകുന്നു. പാടങ്ങളും വരമ്പുകളും കടന്ന് ജീപ്പ് കുത്തിക്കുലുങ്ങി നീങ്ങി.
അകലെ, കാത്തിരിക്കുന്നത് ജയിലഴികളാണ്.
നോക്കിയിരിക്കെ, പാടത്ത് പോക്കുവെയില്‍ ചാഞ്ഞു.
അയാള്‍ ഓര്‍ത്തു. അന്ന്...
സ്‌കൂള്‍ മുറ്റത്ത്, വട്ടംകൂടി കുട്ടികള്‍ ആര്‍ത്തുവിളിച്ചുകൊണ്ടിരിക്കുന്നു. സ്‌കൂള്‍ പൂട്ടുകയാണ്... കണക്കുകള്‍ ഇന്നുതന്നെ തീര്‍ക്കണം.
കൃഷ്‌ണകുമാര്‍, അതെ, അവന്‍ തന്നെ..കറുത്തു തടിച്ച്...
മുഷ്ടിചുരുട്ടിപ്പിടിച്ച തന്റെ മുന്നില്‍ അവന്‍ പകച്ചു നില്‍ക്കുന്നു.
കൂട്ടുകാര്‍ ചുറ്റും ആര്‍ത്തു വിളിക്കുകയാണ്..
അവന്‍ തന്റെ ജന്മത്തെക്കുറിച്ച് എന്തോ പറഞ്ഞു പരത്തിയിരുന്നു.
ആര്‍പ്പുവിളികളില്‍ ഒന്നും കേട്ടുകൂടാ.
ആദ്യത്തെ ഇടി..
അവന്റെ മൂക്കില്‍ നിന്നു ചോര ചീറ്റിച്ചാടുന്നതു കണ്ടു. ക്രീം നിറമുള്ള യൂണിഫോമില്‍ ചെത്തിപ്പൂക്കള്‍ ചിതറിവീണു... പിന്നെ തുരുതുരാ ഇടിയായിരുന്നു....
കുടുക്കില്ലാത്ത ഷര്‍ട്ട് ചുറ്റിപ്പിടിച്ചു വിയര്‍പ്പില്‍ കുതിര്‍ന്ന് വീട്ടിലെത്തുമ്പോള്‍, മുറ്റം നിറയെ നാട്ടുകാര്‍. ചോരയൊലിപ്പിച്ച മൂക്കും, കരഞ്ഞു കലങ്ങിയ കണ്ണുമായി അവനുമുണ്ട്...
കാച്ചിപ്പഴുപ്പിച്ച ചൂരലുമായി അച്ഛന്‍ വരാന്തയില്‍...
ഓര്‍മ്മ വരുമ്പോള്‍, അമ്മ അരികിലിരിക്കുന്നു.ശരീരമാസകലം വേദന..
`അവന് കഞ്ഞീടെ വെളളം കൊടുക്കരുത്...'
ഉമ്മറവരാന്തയില്‍ നിന്ന് അച്ഛന്റെ കനത്ത ശബ്ദം കേട്ടു.
അമ്മ കണ്ണു തുടയ്‌ക്കുന്നതു കണ്ടു. പാവം!.
അയാള്‍, പതുക്കെ സീറ്റില്‍ തല ചായ്‌ച്ച്, കണ്ണടച്ചിരുന്നു.
പത്താംക്ലാസിലായിരുന്നു കഥയ്‌ക്ക് ഫസ്‌റ്റ്. ചെറിയൊരു കാഷ് അവാര്‍ഡും കുറച്ചു പുസ്‌തകങ്ങളുമായിരുന്നു സമ്മാനം.
വീട്ടിലെത്തിയപ്പോള്‍ നേരേ അടുക്കളയിലേക്കോടി. അമ്മയെ കാണിച്ചു.
അടുക്കളയില്‍, പുകയൂതി കണ്ണു ചുവന്നിരിക്കുന്ന അമ്മ.
അമ്മ കണ്ണു തുടച്ചു.
`ആരെഴുതിക്കൊടുത്തതാണാവോ...?'
ഉമ്മറക്കോലായില്‍ നിന്നുള്ള കമന്റ് വന്നപ്പോള്‍, തളര്‍ന്നിരുന്നു പോയി..
ശരിക്കും തളര്‍ന്നു പോയി.
അന്നു ഉറങ്ങിയില്ല. രാത്രി, പായില്‍ തിരിഞ്ഞുംമറിഞ്ഞും കിടന്നു.
`കാണിച്ചു കൊടുക്കണം, എല്ലാത്തിനേയും..'
മനസ്സു തിളച്ചു മറിയുകയാണ്.
കാണിച്ചുകൊടുക്കണം....!!
പത്രമോഫീസിലെ ജോലി ഒരു രക്ഷപ്പെടലായിരുന്നു.
ആദ്യ ശമ്പളം. അത് അമ്മയ്‌ക്കയച്ചപ്പോള്‍, വന്യമായ പക നിറഞ്ഞിരുന്നു മനസ്സില്‍.
ക്രൂരമായ പകയോടെ അന്നു കുടിച്ചു; രാത്രിമുഴുവന്‍ കുടിച്ചു...ബോധം കെടും വരെ..!!
തറവാട് ഭാഗം വയ്‌ക്കുന്ന കാര്യം അമ്മയാണ് അറിയിച്ചത്. ചെല്ലണമെന്ന് എഴുതിയിരിക്കുന്നു.
വരുന്നില്ലെന്ന് മറുപടി എഴുതി. കത്തില്‍, മനഃപൂര്‍വ്വം അച്ഛനെന്ന പദം ഒഴിവാക്കിയപ്പോള്‍, രസം തോന്നി...
പോസ്‌റ്റ് ചെയ്‌തു മടങ്ങുമ്പോള്‍, ഉള്ളില്‍ ചിരിപതഞ്ഞു. ഒരു പകപോക്കലിന്റെ സുഖം..
അതേ, രണ്ടു ദിവസം കഴിഞ്ഞാണ്...
തറവാട്ടിനടുത്തെ രാജേട്ടനാണ് വിളിച്ചു പറഞ്ഞത്, രാത്രി ലോഡ്‌ജിലേയ്‌ക്ക്.
അമ്മയ്‌ക്കു നല്ല സുഖമില്ല. ആശുപത്രിയിലാണ്.
പിന്നെ, മടിച്ചുമടിച്ചാണെങ്കിലും പറഞ്ഞു..
ഭാഗംവയ്‌പില്‍ തനിക്കുവേണ്ടി വാദിച്ച അമ്മയെ, അച്ഛന്‍...
ജീപ്പ് കുലുങ്ങി നിന്നു.
അയാള്‍ ഇറങ്ങി.
കൂട്ടിപ്പിടിച്ച കൈയുമായി ചവിട്ടുപടികള്‍ കയറുമ്പോഴും, അയാള്‍ പതുക്കെ പറഞ്ഞു: `ചാവുമെന്ന് കരുതിയില്ല..'
അപ്പോള്‍, ഇരുട്ടുവീണ ലോക്കപ്പിന്റെ അഴിവാതില്‍, അയാള്‍ക്ക് മുന്നില്‍ ഞരങ്ങിത്തുറന്നു.
അയാള്‍, പതുക്കെ അകത്തേക്കു നടന്നു.....

No comments:
Post a Comment