Saturday, 28 September 2013

ദൈവത്തിന്റെ വികൃതി

ചുവരില്‍ ചാഞ്ഞുവീണ അസ്‌തമയ കിരണങ്ങളിലേക്കു അയാള്‍ കൈയുയര്‍ത്തി, വിരലുകള്‍ ചേര്‍ത്തും നിവര്‍ത്തിയും നിഴല്‍ രൂപങ്ങള്‍ തീര്‍ത്തു.
ആന...പിന്നെ, മാന്‍ കിടാവ്‌.. പറക്കുന്ന പക്ഷി...!
ജന്തുജീവികളെ ഇച്ഛാനുസരണം സൃഷ്ടിക്കുകയും ഇല്ലാതാക്കുകയും ചെയ്യുന്ന ദൈവമാണ്‌ താനെന്ന്‌ അയാള്‍ക്കു അപ്പോള്‍ തോന്നി.
അയാള്‍ ഊറിച്ചിരിച്ചു.
സെല്ലിന്റെ കനത്ത താഴ്‌ നീങ്ങുന്ന ശബ്ദം കേട്ടപ്പോഴാണ്‌ അയാള്‍ക്ക്‌ പരിസരബോധം വന്നത്‌.
സൂപ്രണ്ടാണ്‌. ഇന്നു മൂന്നാമത്തെ തവണയാണ്‌ വരുന്നത്‌.
അത്താഴത്തിന്‌ എന്തെങ്കിലും ആഹാരം..ഇഷ്ടപ്പെട്ടത്‌...
കട്ടിലില്‍ അയാള്‍ക്കു സമീപം ഇരുന്നുകൊണ്ട്‌ സൂപ്രണ്ട്‌ ചോദിച്ചു.
`ഒന്നുമില്ല' അയാള്‍ പുഞ്ചിരിച്ചുകൊണ്ടു പറഞ്ഞു.
`നാളെ...'
`ഞാന്‍ റെഡിയാണ്‌, സര്‍'.
സൂപ്രണ്ടിന്റെ വിളറിവെളുത്ത മുഖത്തുനോക്കാതെ അയാള്‍ പറഞ്ഞു.
പാവത്താന്‍....!
`മറ്റെന്തെങ്കിലും ആവശ്യങ്ങള്‍..?'
`ഒന്നുമില്ല...ഒന്നുമില്ല' അയാള്‍ നേര്‍ത്തു ചിരിച്ചു. 

 എന്താവശ്യം..?. ജീവിതത്തില്‍, മനുഷ്യന്  എന്തെങ്കിലും ശരിക്ക് ആവശ്യമുള്ളതായി ഇന്നുവരെ തോന്നിയിട്ടില്ല.
സ്വപ്‌നങ്ങള്‍ കാണാതെ അയാള്‍ ഉറങ്ങി.
പിന്നെ  ഉണര്‍ന്നു...
ശവക്കച്ചയുടെ ഗന്ധമുള്ള കറുത്ത തുണി മുഖത്തു  വീണപ്പോള്‍ അയാള്‍ ശ്രദ്ധിച്ചു; കാക്കകള്‍ ഉണര്‍ന്നിട്ടില്ല..!. 
മുഖംമറയ്‌ക്കുളളില്‍ അയാളുടെ ചൂടുള്ള നിശ്വാസം നിറഞ്ഞു.
എന്തെല്ലാം ചടങ്ങുകളാണ്‌!.
ദേഹപരിശോധന...തൂക്കം നോക്കല്‍...കുറ്റപത്രവായന...
ഇരുവശത്തും നിന്ന പൊലീസുകാര്‍ അയാളെ തട്ടിന്മേലേയ്‌ക്കു കയറ്റി നിര്‍ത്തി. പിന്നെ കുരുക്ക്‌ കഴുത്തില്‍ പാകപ്പെടുത്തി. പിന്നില്‍ കെട്ടിയ കൈകള്‍ ഒന്നു കൂടി പരിശോധിച്ച ശേഷം പിന്‍മാറി.
ഇനി....
സൂപ്രണ്ടിന്റെ നിര്‍ദ്ദേശം...
ലിവര്‍ വലിക്കുന്ന ശബ്ദം, അയാള്‍ അതു വ്യക്തമായി കേട്ടു.
നില്‍ക്കുന്ന പലക ഒന്നിളകി, നിന്നു.
എന്തുപറ്റി?- സൂപ്രണ്ടിന്റെ പരിഭ്രമിച്ച സ്വരം.
`ഇന്നലെ എല്ലാം ശരിയായിരുന്നു സര്‍`-പരിഭ്രാന്തി നിറഞ്ഞ മറുപടികള്‍..
പിന്നെ, എന്തൊക്കെയോ അഴിച്ചുമാറ്റുന്ന ശബ്ദം. അയാള്‍ കണ്ണടച്ചു നിന്നു. വിയര്‍ത്തൊലിക്കുന്നു...ശരീരത്തിലാകെ ഉഷ്‌ണക്കാറ്റ്‌..
ആരോ വീണ്ടും പ്ലാറ്റ്‌ ഫോമില്‍ കയറി പരിശോധിച്ചു. കുരുക്ക്‌ ഇടതുചെവിയുടെ പിറകില്‍ തന്നെയെന്ന്‌ ഉറപ്പാക്കി. അവിടെയാണല്ലോ സ്ഥാനം...
പതിമൂന്ന്‌ നിര്‍ഭാഗ്യ സംഖ്യയായതിനാല്‍, പതിമൂന്ന്‌ ചുറ്റിക്കെട്ടുകളാണ്‌ കുരുക്കിന്‌. എല്ലാറ്റിനും ശാസ്ത്രമുണ്ട് 
- അയാള്‍ ഓര്‍ത്തു...
പെട്ടെന്ന്‌, വല്ലാത്ത ഒരു ലാഘവം തോന്നി. പിന്നെ, താഴേയ്‌ക്ക്‌...താഴേയ്‌ക്ക്‌...വളരെ ആഴത്തിലേയ്‌ക്ക്‌ ഒരു അപ്പൂപ്പന്‍താടി പോലെ അയാള്‍ പാറി...
ഞെരിഞ്ഞുതകരുന്ന വേദനയാണ്‌. മേലാസകലം നീറ്റുന്ന വേദനയാണ്‌. കഴുത്ത്‌ ആരോ പിടിച്ചൊടിച്ചതുപോലെ.
അയാള്‍ ഞരങ്ങി, പതുക്കെ കണ്ണുതുറന്നു.
പ്ലാസ്‌റ്ററിട്ട കൈകളിലേക്കും തൂക്കിയിട്ടിരിക്കുന്ന, പ്ലാസ്‌റ്ററില്‍ പൊതിഞ്ഞ കാലിലേയ്‌ക്കും അയാള്‍ പാതിമറഞ്ഞ ബോധത്തില്‍ നോക്കി.
അപ്പോള്‍, കട്ടിലിനരികില്‍ അയാളെ ഉറ്റുനോക്കിക്കൊണ്ടിരുന്ന സൂപ്രണ്ട്‌ , അയാളുടെ ചെവിയില്‍ പറഞ്ഞു: `തൂക്കുകയറും പൊട്ടി...വല്ലാത്ത ഒരു..'

അയാളുടെ ശബ്ദത്തില്‍ വല്ലാത്തൊരു അവിശ്വസനീയത ഉണ്ടായിരുന്നു.
ഒന്‍പതു പിരിയുള്ള കയര്‍ പൊട്ടിവീഴുക....! 
അപ്പോള്‍,വേദനിക്കുന്ന കഴുത്ത്‌ പതുക്കെ ജനലിനു നേരെ തിരിച്ച്‌, അയാള്‍ ചിരിച്ചു.
`ദൈവത്തിന്റെ ഓരോ വികൃതികള്‍.....'

2 comments:

  1. അത് കലക്കി.................എല്ലാം വിധിക്കുന്ന നിയമത്തിനും ന്യായാധിപനും numerology അറിയാത്തത് ആണ് ദൈവത്തിന്‍റെ വലിയ വികൃതി...............അളഹര്‍ ശരണം ഗശ്ചാമി

    ReplyDelete