ഗസ്റ്റ് ഹൗസിലെ സൗകര്യം കുറഞ്ഞ കൊച്ചുമുറിയില്‍ ഈര്‍പ്പത്തിന്റേയും പൂതലിച്ച മരങ്ങളുടെയും ഗന്ധം വിങ്ങി നിന്നു. അടുത്തകാലത്തൊന്നും ആരും താമസിച്ചിട്ടില്ലെന്നു വ്യക്തം.
അയാള്‍ ജനല്‍ തുറന്നിട്ടു. ജനലിനു താഴേയ്ക്കു താഴ്വരയാണ്. മരങ്ങളുടെ ഇരുണ്ട പച്ചപ്പ്. ഇലകളില്‍ മഴത്തുള്ളികള്‍ ഇറ്റിറ്റു വീഴുന്നതിന്റെ മര്മ്മരം.
മുറിക്കുള്ളിലേയ്ക്കു തള്ളിക്കയറി വന്ന തണുത്ത കാറ്റിന്റെ ഉന്മേഷത്തില്, അയാള്‍ ഇരുന്നു.
നാളെയാണ് അവനെ കാണേണ്ടത്..
അന്വേഷണങ്ങളെല്ലാം പൂര്‍ത്തിയാക്കി, എല്ലാപഴുതുകളും അടച്ചുകൊണ്ടുള്ള വരവാണ്. ഓര്‍ത്തപ്പോള്‍, അയാള്‍ക്ക് ആവേശം തോന്നി.
എല്ലാം പൂര്‍ണമാണിപ്പോള്‍. വര്‍ഷങ്ങള്‍ക്കു ശേഷം ചരിത്രം മുഴുവനായും കറങ്ങിത്തിരിഞ്ഞെത്തിയിരിക്കുന്നു!.
പത്തോ പന്ത്രണ്ടോ വയസ്സേയുള്ളൂ, അന്ന്. ഡാമിന്റെ കരാര്‍ അച്ഛന് ഏറ്റെടുക്കുമ്പോള്‍, ഈ ഗസ്റ്റ് ഹൗസില്ല. കാടിന്റെ വന്യതയില്‍, ഡാം സൈറ്റിനോടു ചേര്‍ന്ന കൊച്ചു ക്വാര്‍ട്ടേഴ്സ്.
തൊഴിലാളികള്‍ പ്രശ്നത്തിലാണെന്ന് അമ്മയോടു പറയുന്നതു കേട്ടു, അച്ഛന് ഒരുദിവസം.
വെളുപ്പിനേ സൈറ്റിലേയ്്ക്കു പോയാല്‍ രാത്രി വൈകിയാണ് അച്ഛന് തിരിച്ചെത്തുക. പാതിയുറക്കത്തിനിടയിലാണ് അന്ന് അച്ഛന് പറയുന്നതു കേട്ടതെന്ന് അയാള്‍ ഓര്‍മ്മിച്ചു. മങ്ങിക്കത്തുന്ന മഞ്ഞവെളിച്ചത്തില്‍ ചോറുവിളമ്പുന്ന അമ്മയുടെ മുഖം മഞ്ഞനിറമാകുന്നതും അടഞ്ഞ കണ്‍പോളകളിലൂടെ കണ്ട ഓര്‍മ്മ..
അയാള്‍ ബാഗില്‍ നിന്നു കുപ്പി വലിച്ചെടുത്ത്്, ഗ്ലാസിലേയ്ക്കു പകര്‍ന്നു. ആളുകള്‍ അധികം വരാത്ത സ്ഥലമായതുകാരണം ഭക്ഷണം പറഞ്ഞേല്‍പ്പിക്കണം. താമസമെടുക്കും.
താഴ്വരയില് മരത്തലപ്പുകള്‍ക്കപ്പുറം പുഴയുടെ വളവുകാണാം. വെളുത്ത ഒരു പൊട്ടുപോലെ. അവിടെയാണ് അച്ഛന്റെ ശവം കിടന്നത്. പാതിവെള്ളത്തിലും പാതി പാറപ്പുറത്തുമായി...
അവനാണ് അതു ചെയ്തത്. പുറമേനിന്നു തൊഴിലാളികളെ കൊണ്ടുവന്നതിന്. അമ്മ പറയും, ഇപ്പോഴും പറയും...
അവന്, മുരളി!.
അവന് ഇപ്പോഴും ഇവിടെയുണ്ട്. തോട്ടം പണിക്കാരനായി. അറുപതുവയസ്സെങ്കിലും ആയിക്കാണണം, അയാള്‍ കണക്കുകൂട്ടി...
അതെ, അറുപതു ആയിക്കാണും. അയാള്‍ ചിരിച്ചു.
ആകാശത്തിനു ചാരനിറമായിരിക്കുന്നു. മരക്കൂട്ടങ്ങളിലേയ്ക്കു കോട ഇഴഞ്ഞെത്തുകയാണ്. ഒറ്റവീര്‍പ്പിനു അയാള്‍ ഗ്ലാസ് കാലിയാക്കി...
ഭക്ഷണമെത്തിയിരിക്കുന്നു. ചോറുവിളമ്പുമ്പോള്‍, കുശിനിക്കാരന്റെ നിര്‍വികാരഭാവം നോക്കിയിരുന്നു. പ്രായം ഒരുപാടു കൈപ്പാടുകള്‍ വീഴ്ത്തിയ മുഖം. കളിമണ്ണുകൊണ്ടുണ്ടാക്കിയതു പോലെ, നിഴലും വെളിച്ചവും നിറഞ്ഞ്....
`മുരളി...പഴയ നമ്മടെ മാഷ്...' അയാള്‍ ചോദിച്ചു.
`മുരളി മാഷെ കാണാനാണെങ്കില്‍, രാവിലെ തോട്ടപ്പണിക്കാരുടെ ജീപ്പ് ഇവിടെ വരും സാര്‍.....' അയാള്‍ പറഞ്ഞു.
` ഇപ്പോള്‍...?'
`നന്നെ മോശം. മറ്റേതാണ്, ചങ്കില്.'-കുശിനിക്കാരന് ശബ്ദം താഴ്ത്തി.
പിന്നെ, മുറിയില്‍ മൗനം നിറഞ്ഞു.
അയാള്‍ ഊണു നിര്‍ത്തി.
`ഭാര്യ നേരത്തേ പോയല്ലോ? മക്കളുമില്ല, സാര്‍. പണിക്കാര് വരിയിട്ടെടുക്കുന്ന ചെറിയ സഹായം, മരുന്നിനുപോലും തികയില്ല'
വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടു കിട്ടിയ മനുഷ്യജീവിയോടെന്നപോലെ അയാള്‍ ആര്‍ത്തിയോടെ സംസാരംതുടരുകയാണ്...
`വെള്ളം ഇറങ്ങണില്ലാത്രെ ഇപ്പോ...'
അയാള്‍ ഒന്നു മൂളി; പിന്നെ, പതുക്കെ എഴുന്നേറ്റു.
കൈകഴുമ്പോള്‍, കറുത്ത പൊട്ടുകള്‍ വീണ കണ്ണാടിയില്‍ നോക്കി അയാള്‍ ചിരിച്ചു. നുരഞ്ഞു പൊന്തുന്ന പകയ്ക്കു മുകളിലൂടെ ആ ചിരി പടര്‍ന്നു...
`ഇനി ഒരു ദയാവധം...അത് നിനക്കു ഞാന്‍ തരുന്നില്ല'- അരോടെന്നില്ലാതെ അയാള്‍ പിറുപിറുത്തു.
`എന്താണു സര്?. ജീപ്പ്....'
അയാള്‍ ചിരിച്ചുകൊണ്ടു പറഞ്ഞു: 'വേണ്ട...വേണ്ടിവരില്ല..'.

എം.ടി.ബാലു നായര്‍..................നന്നായി...............മലയാളത്തില്‍ ഒരു കഥ വായിച്ച സുഖം............
ReplyDelete