ഓണത്തിന്റെ കെട്ടുവിടാതെ, കിടക്കയില്‍ അയാള്‍ പഴന്തുണി പോലെ കിടന്നു. ആവശ്യത്തിലും അധികം വലിച്ചു കയറ്റിയതിന്റെ..
എന്നു തുടങ്ങീ...??
ഭാര്യയുടെ പ്രഭാതവന്ദനം.
കഴിക്കേണ്ടിയിരുന്നില്ലെന്ന് അയാള്‍ക്കും തോന്നി. ആകെ ഒരു വിഢിവേഷം പോലെ.
`ആ..അല്‍പ്പം. ഓഫീസിലെ ഓണാഘോഷം'.
`തിരുവോണമായിട്ട് ഒന്ന് കുളിച്ചുകൂടെ?'
അയാള്‍ കട്ടിലില്‍ കൊടുംകൈയും കുത്തി, തലതൂക്കിയിട്ടിരുന്നു.
ലോകം തിരുവോണത്തിലേക്ക് ഉണര്‍ന്നിട്ട് നാലുനാലര മണിക്കൂറായിട്ടുണ്ട്. പുലര്‍ച്ചെ കുട്ടികളുടെ ആര്‍പ്പുവിളി കേട്ടത്, അയാളുടെ മങ്ങിയ ഓര്‍മ്മയില്‍ തെളിഞ്ഞു വന്നു.
ദാസപ്പനായിരുന്നു ആദ്യം വീണത്. അവന്റെ ഭാഷയില്‍, ചുവന്നതാടിയുടെ അലര്‍ച്ച കഴിഞ്ഞാല്‍, പിന്നെ ഉറക്കം. സുരഭില സുന്ദര.... ലോഡ്ജ് മുറിയിലെ വെളുത്തവിരിയിട്ട ബെഡില്‍ ദാസപ്പന് മലര്‍ന്നു കിടന്നു.
കോട്ടയത്തു തമ്പുരാന്റെ `കിര്‍മീരവധ'മായിരുന്നു മനസ്സില്‍. പാഞ്ചാലിയെ മോഹിപ്പിച്ചു സഹോദരനു കാഴ്ചവയ്ക്കാന്‍ കൊണ്ടുപോയ സിംഹിക. പാഞ്ചാലിയുടെ രക്ഷക്കെത്തിയ സഹദേവന്, സിംഹികയുടെ മൂക്കും മുലയുമെല്ലാം മുറിച്ചോടിക്കുന്നു. ക്ഷോഭിച്ചെത്തുന്ന കിര്‍മീരന്റെ കഥ, ഭീമനും തീര്‍ക്കുന്നു. പച്ച, കത്തി, ചുവന്നതാടി, കരി വേഷങ്ങള്‍ അവന്റെ ഉറക്കത്തില്‍ നിറഞ്ഞാടുകയാവും.
പാവം മനുഷ്യന്. കഥകളി, മേളം ഒക്കെ പ്രിയം. അസാധ്യമായി കഥകളിപ്പദം പാടും. ലഹരിയുടെ തിരമാലകളില്‍ ഉലഞ്ഞാടി, പിന്നെ ചുവന്നതാടിയാവും. അലര്‍ച്ചകളില്‍ അവസാനിക്കും ആ വേഷം.
സാധു...അയാള്‍ ദാസപ്പനെ കനിവോടെ ഓര്‍ത്തു.ഒരിക്കല്‍ പറഞ്ഞു, അച്ഛനുമമ്മയേയും കണ്ടിട്ടില്ല. ഉണ്ടോ എന്നു പോലും അറിയില്ലെന്നാണ് ഒരു നല്ലനേരത്തു പറഞ്ഞത്. കിട്ടുന്ന കാശിനു കുടിച്ചും തിമിര്‍ത്തും നടന്നു. ശരിക്കും ഒരു കിരാതവേഷം എന്ന് ലോകം പറഞ്ഞു. പക്ഷെ, അയാളിലെ കരയുന്ന മനസ്സു കണ്ടിട്ടുണ്ട്; അതു ശരിക്കും കരയുന്നതാണെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്.
അപ്പോള്‍, തലയിണച്ചുവട്ടിലെ മൊബൈല്‍ ചിലച്ചു. രാജുവാണ്, ഡെസ്പാച്ചിലെ...
രാവിലെ തന്നെ..അയാള്‍ ശപിച്ചു.
പക്ഷെ,അവന്റെ ശബ്ദം വിറച്ചിരുന്നു.
`സര്..നമ്മുടെ ദാസപ്പന്..ആ ലോഡ്ജ് ഉടമ..'
അയാള്‍ ഞെട്ടി. ദാസപ്പന്..
വിളിച്ചവര്‍ക്കൊന്നും വ്യക്തമല്ല. ലോഡ്ജ് ഉടമയെ കൊന്നിട്ടുണ്ട്. തല്ലിയുടച്ച ബിയര്‍കുപ്പികൊണ്ടു കുത്തി..വീണ്ടും കുത്തി...വീണ്ടും വീണ്ടും കുത്തി..
അയാള്‍ക്കു തലകറങ്ങി.
അപ്പോള്‍, വീണ്ടും രാജു വിളിച്ചു. ലോഡ്ജിലെ മറ്റൊരു മുറിയില്‍ നിന്നു മൂന്നു പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു കൊച്ചു നാടോടിപെണ്‍കുട്ടിയെ...
അയാളുടെ മനസ്സിലേയ്ക്ക്, അപ്പോള്‍ ഒരു ചുവന്നതാടി ഉറക്കെ അലറിവിളിച്ചു ഇളകിയാടി വന്നു. അതിനു ദാസപ്പന്റെ മുഖഛായയുണ്ടായിരുന്നു.

ബാലു, നിറഞ്ഞുപകര്ന്നാടിയ കഥയില്‍ വിക്റ്റര്‍ ലീനസ് മണക്കുന്നു. സിവി ബാലകൃഷ്ണന്റെ ചിലതും. നിന്റെ ഭാഷ കുറച്ചുകൂടി തൂവലൊതുക്കാം - ആഫ്ടര്‍ ഓള്, യു ആര് എ ന്യൂസ് മാന്‍. പിന്നെ, അവസാനം കൊളമാക്കി. സ്പോയിലര്‍ :)
ReplyDeleteThis comment has been removed by the author.
Delete