`അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവ് മരുഭൂമിയിലേയ്ക്കു നയിച്ചു. യേശു നാല്‍പ്പത് ദിനരാത്രങ്ങള്‍ ഉപവസിച്ചു. അപ്പോള്‍ അവന് വിശന്നു.....'
`ഫ!....അവന്റെ ഒരു.......'
വലിച്ചെറിഞ്ഞ കുപ്പിഗ്ലാസ് ചുവരില്‍ തട്ടി, കാര്‍പ്പെറ്റില്‍ ചെറുതരികളായി ചിതറി വീണു. ചുവന്ന പരവതാനിയില്‍, അവ ആലിപ്പഴങ്ങള്‍ പോലെ കിടന്നു തിളങ്ങി.
അനുജത്തി അടുക്കളയില്‍ നിന്നു പരിഭ്രമിച്ചോടിവന്നു.
ഏട്ടാ..എന്തേണ്ടായേ..??
അയാള്‍ സോഫയില്‍ കൈകുത്തി ഇളകിയിരുന്നു.
`നത്തിംഗ്...!. ഡോണ്ട് വറി...!'
അയാള്‍ ഇഴയുന്ന ശബ്ദത്തില്‍ പറഞ്ഞു. അവളുടെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നു.
`നോട്ട് ടു വറി...ഐ ആം ആള്‍റൈറ്റ്'... അയാള്‍ വീണ്ടും ഇഴഞ്ഞ ശബ്ദത്തില്‍ ആവര്‍ത്തിച്ചു.
വല്ലപ്പോഴുമൊരിക്കലാണ് അയാള്‍ മഹാനഗരത്തില്‍ കൂടെപ്പിറപ്പിനെ കാണാന്‍ വരുന്നത്. അവള് മാത്രമേ തന്നെ മനസ്സിലാക്കിയിട്ടുള്ളൂ, ജീവിതത്തില്‍...
അതുകൊണ്ടു മാത്രം!.
തെരുവില്‍ നിന്നു വീണ്ടും സുവിശേഷകന്റെ പ്രഘോഷണം കേട്ടു..
`നീ ദൈവപുത്രനാണെങ്കില്‍ ഈ കല്ലുകള്‍ അപ്പമാകാന്‍ പറയുക. അപ്പോള്‍ അവന് പ്രതിവചിച്ചു: മനുഷ്യന് അപ്പം കൊണ്ടു മാത്രമല്ല, ദൈവത്തിന്റെ നാവില്‍ നിന്നു പുറപ്പെടുന്ന ഓരോ വാക്കുകള്‍ കൊണ്ടുമാണ് ജീവിക്കുന്നത് എന്ന് എഴുതപ്പെട്ടിരിക്കുന്നു....'
`എട്ടന് മുറിയില്‍ വന്നു കിടക്കൂ. ഭക്ഷണം ഇപ്പോള്‍ ആവും...' അവളുടെ തൊണ്ട ഇടറിയിരുന്നു.
അയാള്‍ കാര്‍പ്പെറ്റില്‍ കണ്ണുകള്‍ ഊന്നി ഇരുന്നു. കറുപ്പുംവെളുപ്പും തുന്നല്‍പ്പണികളുള്ള ചുവന്ന കാര്‍പ്പെറ്റില്‍ നിറയെ ഇപ്പോള്‍ ആലിപ്പഴങ്ങള്‍..
`സേതുവേട്ടന് ഇന്നു താമസിക്കും....'
അയാളെ പിടിച്ചെഴുന്നേല്‍പ്പിക്കുന്നതിനിടയില്‍ അവള് പറഞ്ഞു.
അളിയന്റെ കാര്യമാണ്. നല്ലമനുഷ്യന്...സാധു!
പതിനൊന്നു വയസ്സിന്റെ വ്യത്യാസമുണ്ട്, അവള്‍ക്ക് താനുമായി- അയാള്‍ ഓര്‍ത്തു. ഒക്കത്തെടുത്തു നടന്നിട്ടുണ്ട്....
അകത്തേക്കു നടക്കുമ്പോള്‍, അവള് വീണ്ടും കയ്യില്‍ പിടിച്ചു.
`കുപ്പിച്ചില്ലു ചവിട്ടണ്ടാ...'
വയസ്സു നാല്‍പ്പത്തിമൂന്നു കഴിഞ്ഞു എന്ന് അവള് ഓര്‍ത്തിരിക്കില്ല, പാവം!.
എഴുതിത്തുടങ്ങിയപ്പോള്‍, ഇവളായിരുന്നു വായനക്കാരി. ആ ഇഷ്ടം ഇപ്പോഴുമുണ്ട് തന്റെ പുസ്തകങ്ങളോട്. കൊച്ചുഫ്ളാറ്റിലെ അലമാരയില്‍ എല്ലാ പുസ്തകങ്ങളും വാങ്ങി സൂക്ഷിച്ചത് മുമ്പൊരിക്കല്‍ വന്നപ്പോള്‍ കാണിച്ചു തന്നിട്ടുണ്ട്.
പിങ്ക് നിറമാണ് മുറിയുടെ ചുവരുകള്‍ക്ക് . അവള്‍ക്കു കൊച്ചു നാളിലേ ഇഷ്ടപ്പെട്ട നിറം...നുളളിപ്പെറുക്കിവച്ച കാശുകൊണ്ട് വാങ്ങിയ കൗതുകവസ്തുക്കള്‍ ചുവരില്‍ തൂങ്ങുന്നു.
അടുക്കുംചിട്ടയോടും കൂടിയ മുറി അയാളെ അസ്വസ്ഥനാക്കി.
പുതിയ ഫ്ളാറ്റെടുത്ത വിവരം എഴുതിയിരുന്നതാണ്.
മറന്നു, ഒന്നും വാങ്ങിയില്ല അവള്‍ക്ക് കൊടുക്കാന്‍...
അതെ, പണ്ടും മറവിയായിരുന്നു സഹായം. അല്ലെങ്കില്‍ ഭയം..
എല്ലായിടത്തും ഭയന്നു. സ്നേഹങ്ങളേയും ഭയന്നു....
അയാള്‍ വിങ്ങുന്ന തല കൈയില്‍ താങ്ങി കട്ടിലില്‍ ഇരുന്നു.
അന്ന്, സ്നേഹിച്ചവള്‍ അവസാനമായി വിളിച്ചദിവസം, കൂടെ ഇറങ്ങിവരാന്‍ പറയാന്‍ തോന്നിയില്ല. അവള് അതു പ്രതീക്ഷിച്ചിരുന്നിരിക്കണം, ശരിക്കും.
അന്നും നീതിമാന്റെ മുഖംമൂടിയിട്ടു...
അല്ല, അവളെ നോക്കാന്‍ പ്രാപ്തിയുണ്ടാകുമോ എന്ന ഭയം..ശരിക്കും അതായിരുന്നു...
`ഏട്ടന് കിടക്കൂ..'
അയാള്‍ പതുക്കെ ചാഞ്ഞു.
`നിന്റെ മക്കളെവിടെ...?'
`ങ്ഹാ..അപ്പോള്‍ ഏട്ടനല്ലേ ഉണ്ണിക്കുട്ടന് മദ്രാസില്‍ ജോലി ആക്കിക്കൊടുത്തേ?. കണ്ണന് ബാംഗ്ലൂരല്ലേ പഠിക്കണ്..??'
അവള് കനിവോടെ അയാളുടെ മുടിയിഴകളില്‍ വിരലോടിച്ചു.
`എല്ലാവരും വേണം എനിക്ക്...എല്ലാവരേയും വിളിക്ക്...' അയാള്‍ പിറുപിറുത്തു.
അപ്പോള്‍ സുവിശേഷകന്റെ ശബ്ദം മുറിയിലേക്കു കേട്ടു.
`അപ്പോള്‍ ആറാം മണിക്കൂര്‍ ആയിരുന്നു. ഒമ്പതാംമണിക്കൂര് വരെ ഭൂമി മുഴുവന്‍ അന്ധകാരം വ്യാപിച്ചു. സൂര്യന് ഇരുണ്ടു. ദേവാലയത്തിന്റെ തിരശീല നെടുവേ കീറി. യേശു ഉച്ചത്തില്‍ നിലവിളിച്ചു പറഞ്ഞു: പിതാവേ, അങ്ങയുടെ കരങ്ങളില്‍ എന്റെ ആത്മാവിനെ ഞാന്‍ സമര്‍പ്പിച്ചിരിക്കുന്നു. ഇതു പറഞ്ഞ് അവന് ജീവന് വെടിഞ്ഞു. ഈ സംഭവങ്ങളെല്ലാം കണ്ടു നിന്നിരുന്ന ശതാധിപന് ദൈവത്തെ സ്തുതിച്ചു കൊണ്ടു പറഞ്ഞു, ഈ മനുഷ്യന് തീര്‍ച്ചയായും നീതിമാനായിരുന്നു..!'.

Solitude is enjoyable till you love the SILENCE.... Nice One :)
ReplyDeleteവളരെ നന്നായിരിക്കുന്നു ബാലു... you have a way with language my dear friend... congrats..
ReplyDelete