ഭടന്‍മാരെത്തുമ്പോള്‍, മങ്ങാടന്‍, പുരയിറമ്പില്‍ ഇരിക്കുകയായിരുന്നു. തളപ്പിന്റെ പിഞ്ചലുകള്‍ ശരിപ്പെടുത്തുന്നതില്‍ മുഴുകിയ അവന്‍ അവരെ കണ്ടില്ല.
കനത്തിമുഷ്ടി കഴുത്തില്‍ വീണപ്പോഴാണ് ഞെട്ടിനോക്കിയത്...
മീശപിരിച്ചുവച്ച മുഖങ്ങള്‍ കണ്ടുഭയന്ന അയാളുടെ കൈകളില്‍ നിന്നു തളപ്പ്, ചാണകം മെഴുകിയ തറയില്‍ വീണു.
രക്തം വാര്‍ന്നുപോയ മുഖത്തുനോക്കി അവര്‍ പരുഷമായി പറഞ്ഞു:
രാജരാജാ മാനസവര്‍മ്മന്‍ വിളിക്കുന്നൂ....
പിഞ്ചിത്തുടങ്ങിയ മുഷിഞ്ഞ തോര്‍ത്തുമുണ്ടു മാറ്റി, ഈറന്‍മണക്കുന്ന പുകനിറമുളള ഒറ്റമുണ്ടുമുടുത്തു അയാള്‍ അവരോടൊപ്പം ഇറങ്ങി.
`യശ്‌മാ....ന്റെ പാറുക്കുട്ടി ന്റെ മക്കള്'
നടക്കടാ എന്നായിരുന്നു ആക്രോശം...
തെങ്ങുകള്‍ അതിരിട്ട പാടവരമ്പിലൂടെ അവര്‍ രാജകൊട്ടാരത്തിലേയ്‌ക്കു നടന്നു. ചേറില്‍, മത്സ്യകുഞ്ഞുങ്ങള്‍ പുളയ്‌ക്കുന്നു...കാക്കപ്പൂവുകള്‍ വിരിഞ്ഞു നില്‍ക്കുന്നു....
മങ്ങാടന്‍ ഒരു നിമിഷം നിന്നു...
അപ്പോള്‍ പിറകില്‍ നിന്നും രാജകിങ്കരന്‍ മുന്നോട്ടു തള്ളിക്കൊണ്ടു മുരണ്ടു..
`വെക്കം...ശനിയനേ...!!.
കൊട്ടാരസദസ്സില്‍ നടുത്തളത്തില്‍ നില്‍ക്കുമ്പോള്‍ ശരീരം വിറച്ചു...
`നീ ഷര്‍ട്ടിടുമല്ലേ.....' രാജാവിന്റെ സ്വരം അര്‍ദ്ധപ്രാണനായാണ് അയാള്‍ കേട്ടത്.
അതു നാഴികകള്‍ക്കപ്പുറത്തു നിന്നാണെന്നു തോന്നി...ഉടനെ തന്നെ അതു തൊട്ടരുകില്‍ നിന്നാണെന്നും തോന്നിപ്പോയി...!.
അര്‍ദ്ധനഗ്നശരീരം, ബദ്ധപ്പെട്ട് കാലുകളില്‍ താങ്ങിനിര്‍ത്തി അയാള്‍ ഇല്ലെന്നു തലയാട്ടി..
കത്തുന്ന കണ്ണുകളുമായി രാജാവാണ് മുമ്പില്‍. കഴിഞ്ഞദിവസം ഒരു ഷര്‍ട്ട് പറമ്പില്‍ കിടന്നിരുന്നത് മറ്റാരുടേതോ ആണെന്നു പറയണമെന്നുണ്ടായിരുന്നു.
വരളുന്ന തൊണ്ടയില്‍ വാക്കുകള്‍ വിറകൊണ്ടു നിന്നു...അയാളുടെ കണ്ണുകള്‍ തുറിച്ചുപോയിരുന്നു.
തിരുമ്പിത്തിരുമ്പി നിറം പോയ ഷര്‍ട്ടുമായി ഒരു ഭടന്‍ അയാളുടെ അടുത്തെത്തി.
ഇതു നിന്റേതല്ലേ....?. വീണ്ടും ചോദ്യം.
ശരീരത്തില്‍ വിയര്‍പ്പുചാലുകളൊഴുകുന്നു. അയാള്‍ക്ക് മിണ്ടാനായില്ല.
നിറം മങ്ങിയ കൊച്ചുഷര്‍ട്ടില്‍ കരിമ്പനടിച്ചിരിക്കുന്നു. ഇപ്പോഴും ഈറനുണങ്ങാത്ത മണം..
അവനെ അതു ഇടുവിക്കുക- സദസ്സ് ഒന്നടങ്കം പറഞ്ഞു.
ഭടന്‍ അവനെ അതു ബലമായി ഇടുവിച്ചു. ഇറുകിപ്പിടിക്കുന്ന ഷര്‍ട്ട് അവനു ഒട്ടും പാകപ്പെട്ടില്ല. മുന്‍വശത്ത് കുടുക്കുകള്‍ ചേര്‍ത്തിടാന്‍ പോലും പറ്റാത്തത്ര കൊച്ചുഷര്‍ട്ടായിരുന്നു അത്..
ഷര്‍ട്ട് പാകമല്ലാത്തതിനാല്‍, അവനു കൈയുകള്‍ താഴ്‌ത്തിയിടാന്‍ കഴിഞ്ഞില്ല..
പറക്കാന്‍ പോകുന്ന പക്ഷിയെ പോലെ അവന്‍ സദസ്സില്‍ വിറച്ചുനിന്നു.
`തമ്പ്രാന്‍ അത് അവന്റെതുതന്നെ....' പറഞ്ഞത് മന്ത്രിയാണ്.
അതോടെ സദസ്സ് ഒന്നടങ്കം പറഞ്ഞു- അവന്റേതു തന്നെ...!!.
രാജകല്‍പ്പന വന്നു: ധിക്കാരിയായ ഇവനെ മരണക്കൂട്ടിലിടുക..!
ചന്തയിലെ കവലയില്‍ തൂങ്ങുന്ന ഇരുമ്പുകൂട്ടിലടയ്‌ക്കുകയാണ് രാജ്യത്തെ കഠിനശിക്ഷ. അനങ്ങാനാവാതെ മരിക്കുംവരെ ഒരേ നില്‍പ്പ്..കാക്കകളും പരുന്തുകളും കൊത്തും..വഴിപോക്കര്‍ കല്ലെടുത്തെറിയും...കുടിക്കാന്‍ വെള്ളംപോലും തരില്ല...കുറച്ചുനാള്‍ കഴിയുമ്പോഴേക്കും ഉണങ്ങിവരണ്ട് പ്രാണന്‍ പോയിരിക്കും...
മരണഭയം കൊണ്ട് അയാള്‍ കുഴഞ്ഞുവീണു..
പരവതാനിയിലെ സ്വര്‍ണപൂക്കള്‍ കണ്ണിനു തൊട്ടുമുമ്പില്‍ സൂര്യനെപോലെ ജ്വലിച്ചു നിന്നു.
`തെയ്‌വേ...ന്റെ തെയ്‌വേ...'
അയാള്‍ തളര്‍ന്ന ശബ്ദത്തില്‍ കരഞ്ഞുവിളിച്ചു.
അയാളുടെ നിലവിളികള്‍ വകവയ്‌ക്കാതെ രാജകിങ്കരന്‍മാര്‍ അയാളെ വലിച്ചിഴച്ച് ചന്തയിലേയ്‌ക്കു നടന്നു.
പെട്ടെന്നയാള്‍ കണ്ണുതുറന്നു....
ശരീരം വിയര്‍പ്പില്‍ കുതിര്‍ന്നിരിക്കുന്നു. നെഞ്ചിന്‍കൂട് ശ്വാസവേഗത്തില്‍ ഉയരുകയും താഴുകയും ചെയ്‌തു കൊണ്ടിരുന്നു.
കിടന്ന കിടപ്പില്‍, താഴ്‌ത്തിവച്ച ചിമ്മിനി വെട്ടത്തില്‍ അയാള്‍ നോക്കി...
പായില്‍, പാറുക്കുട്ടി തിരിഞ്ഞുകിടന്നുറങ്ങുന്നു. അവള്‍ നഗ്നയാണ്...!.
പായില്‍ നിന്നു തെന്നിമാറി മണികണ്‌ഠന്‍, മലര്‍ന്നുകിടക്കുകയാണ്. അവനെപ്പറ്റി ചാമിയും. അവരും നഗ്നരാണ്..!.
പാറുക്കുട്ടിയെ പുണര്‍ന്ന് കുഞ്ഞുലക്ഷ്‌മി. അവളും നഗ്നയാണ്...!
അയാള്‍ ഓട്ടുമൊന്തയില്‍ നിന്നു രണ്ടിറക്കുവെള്ളം കുടിച്ചു...
പിന്നെ, ആശ്വാസത്തോടെ ഉടുമുണ്ടൂരി തലവഴി പുതച്ച് സുഖമായുറങ്ങി....

oru kalaghattathinte vedhana mashe !!!...
ReplyDeleteഇതിന്‍റെ ഒരു സ്പാര്‍ക്ക് എവിടെ നിന്നാണെന്നു അറിയാന്‍ ആഗ്രഹം.
ReplyDelete